സാമ്പത്തിക തിരിമറി: സുശാന്തിന്റെ മരണത്തില്‍ കേസന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റും

Web Desk
Posted on July 31, 2020, 5:39 pm

മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എൻഫോഴ്സ്മെന്റും. കാമുകി റിയ ചക്രവര്‍ത്തിയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ അന്വേഷിക്കാനാണ് എൻഫോഴ്സ്മെന്റ് എത്തിയിരിക്കുന്നത്. ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ പകര്‍പ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

സുശാന്തിന്റെ പിതാവ് തനിക്ക് നേരെ ആരോപിക്കുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും തന്നെയും കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ലക്ഷ്യമെന്നും റിയ മാധ്യമങ്ങളോട് പ്രതികരിച്ചു. സുശാന്തും റിയയും ഒരു വര്‍ഷക്കാലമായി ഒരുമിച്ചായിരുന്നു താമസം. സുശാന്ത് ഏറെക്കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും മരിക്കുന്നതിന് ആറ് ദിവസം മുമ്പാണ് താൻ താല്‍ക്കാലികമായി വീട് മാറി പോയതെന്നും റിയ പറയുന്നു.

സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് റിയയും കുടുംബവും 15 കോടി രൂപ കൈക്കലാക്കി എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സുശാന്തിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ബിഹാര്‍ പൊലീസ് അന്വേഷിച്ചിരുന്നു.
മുൻകാമുകി അങ്കിത ലോഖണ്ട റിയയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ മൊഴിയും ബിഹാര്‍ പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണയ്ക്ക് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും നിരവധി ആരോപണങ്ങളാണ് റിയയ്ക്കും കുടുംബത്തിനും എതിരെ സുശാന്തിന്റെ പിതാവ് ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

 

Sub: ED to enquire in to the death of Sushant Singh Rejaput

You may like this video also