2019ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്; കേരളം വളർച്ചയിൽ മുന്നേറി

സംസ്ഥാനത്തിന്റെ വളർച്ച 7.2, ദേശീയതലത്തിൽ വളർച്ച 6.9 ശതമാനം മാത്രം, വായ്പയും വിഹിതവും കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചു
Web Desk

തിരുവനന്തപുരം

Posted on February 06, 2020, 10:54 pm

രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക വളർച്ച എൽഡിഎഫ് ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. 2017–18ൽ 7.3 ശതമാനമായിരുന്ന ജിഡിപി വളർച്ച 2018–19 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനമായി ഉയർന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയുടെ മേശപ്പുറത്ത് വച്ച സംസ്ഥാന ആസൂത്രണ ബോർഡിന്റെ 2019ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദേശീയതലത്തിൽ 2016–17 കാലയളവിലുണ്ടായ സാമ്പത്തിക വളർച്ചാനിരക്ക് 6.9 ശതമാനം മാത്രമായിരുന്നപ്പോൾ, കഴിഞ്ഞ മൂന്നു വർഷത്തെ കേരളത്തിന്റെ ശരാശരി വളർച്ച 7.2 ശതമാനമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ ജിഡിപി വളർച്ചയേക്കാൾ വളരെ മെച്ചപ്പെട്ട പ്രകടനമാണ് എൽഡിഎഫ് സർക്കാരിന്റെ ആദ്യ മൂന്നുവർഷംകൊണ്ട് ഉണ്ടായിട്ടുള്ളതെന്നതും വ്യക്തം. കഴിഞ്ഞ രണ്ടുവർഷമായി പ്രകൃതി ദുരന്തങ്ങളും, ജിഎസ്‌ടി നടപ്പാക്കിയതിന് ശേഷമുള്ള വിഭവങ്ങളുടെ കടുത്തക്ഷാമവും, കേന്ദ്ര സഹായത്തിൽ ഉണ്ടായ കുറവിനിടയിലുമാണ് കേരളം നല്ല വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഡിപി വളർച്ച 4.9 ശതമാനം മാത്രമാണ്. ഇതാകട്ടെ, അഖിലേന്ത്യാ ശരാശരി വളർച്ചയായ 6.7 ശതമാനത്തേക്കാൾ താഴെയുമായിരുന്നു.

2019–20ൽ കേരളത്തിന് അർഹതപ്പെട്ട 24,915 കോടി രൂപ വായ്പയായി ലഭിച്ചെങ്കിലും ബജറ്റ് തുകയിൽ നിന്നും 5,325 കോടി രൂപ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഫലത്തിൽ കേരളത്തിന് ലഭിച്ചത് 19,590 കോടി രൂപ മാത്രമാണ്. 2019–20 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 4,908 കോടി രൂപയ്ക്ക് അർഹതയുണ്ടായിട്ടും 1,920 കോടി രൂപ മാത്രമേ വായ്പയായി ലഭിച്ചുള്ളൂ. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ ചെലവിന്റെ 71.81 ശതമാനവും ബാധ്യതപ്പെട്ട ചെലവുകളായ പെൻഷൻ, ശമ്പളം, പലിശ തിരിച്ചടവ്, സബ്സിഡികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതം എന്നിവയ്ക്കാണ്. 2017 — 18ൽ മൊത്തം റവന്യൂ ചെലവിന്റെ 31.92 ശതമാനം ശമ്പള ചെലവിനുണ്ടായിരുന്നത് 2018–19ൽ 28.56 ശതമാനവും, പെൻഷനുള്ള ചെലവ് 19.95 ശതമാനത്തിൽ നിന്ന് 17.23 ശതമാനവുമായി. പലിശ ഇനത്തിലുള്ള ചെലവ് 15.13 ൽ നിന്നും 15.18 ആയി.

2017–18ൽ 99,948.35 കോടി രൂപയായിരുന്ന റവന്യൂചെലവ് 2018–19ൽ 1,10,316.39 കോടി രൂപയായി വർദ്ധിച്ചു. 2017–18ൽ റവന്യൂ ചെലവിലുണ്ടായ വർദ്ധനവിന് കാരണം പത്താം ശമ്പള പരിഷ്ക്കരണം അനുസരിച്ചുള്ള ശമ്പളത്തിന്റെയും പെൻഷന്റെയും മൂന്നും, നാലും ഗഡുക്കളുടെ കുടിശിക നൽകിയതായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ മികച്ച സേവനം സർക്കാരിന്റെ വിപണിയിലുള്ള ഇടപെടൽ പ്രവർത്തനങ്ങൾ എന്നിവയാണ് റവന്യൂ ചെലവ് വർദ്ധിക്കാൻ ഇടയായ മറ്റു കാരണങ്ങൾ.
2018–19ൽ സംസ്ഥാനത്തിന്റെ കടബാധ്യത 2,35,631.50 കോടി രൂപയാണ്. കടത്തിന്റെ വാർഷിക വളർച്ചാ നിരക്ക്2017–18ലെ 13.04 ശതമാനത്തെ അപേക്ഷിച്ച് 2018–19ൽ 11.80 ശതമാനമായും കടവും ജിഎസ്ടിപിയും തമ്മിലുള്ള അനുപാതം 2017–18ലെ 30.69 ശതമാനത്തിൽ നിന്നും 2018–19ൽ 30.15 ശതമാനമായി കുറഞ്ഞു. റവന്യൂ വരുമാനവും, കടവും തമ്മിലുള്ള അനുപാതം മുൻവർഷത്തെ അപേക്ഷിച്ച് (253.87 ശതമാനം) വലിയ മാറ്റമില്ലാതെ (253.76 ശതമാനം) തുടരുന്നതായും സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.