January 27, 2023 Friday

1.7 ലക്ഷം കോടിയുടെ രക്ഷാ പാക്കേജ്

റെജി കുര്യന്‍
March 26, 2020 2:00 pm

കോവിഡിനെ നേരിടാന്‍ 1.7 ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കോവിഡിനെ നേരിടാൻ 21 ദിവസത്തെ ലോക്ഡൗണ്‍ ഏർപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമാണ് പാക്കേജില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന അഞ്ച് കിലോ സൗജന്യ റേഷനു പുറമെ അഞ്ചു കിലോ അരിയോ ഗോതമ്പോ അധികമായി നല്‍കും. പൊതു വിതരണ സംവിധാനം വഴിയാണ് ഇത് ലഭ്യമാക്കുക. പ്രാദേശിക താല്പര്യത്തിന് അനുസൃതമായി ഒരു കിലോ പരിപ്പും ഇത്തരത്തില്‍ സൗജന്യമായി നല്‍കും. ലോക്ഡൗണിന്റെ കാലത്ത് രാജ്യത്താരും പട്ടിണി കിടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.

രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം നേരിട്ടു നിക്ഷേപിക്കുന്ന 6000 രൂപയുടെ ആദ്യ ഗഡുവായി 2000 രൂപ ഏപ്രില്‍ ആദ്യവാരം നല്‍കും. മൊത്തം 8.69 കോടി കര്‍ഷകര്‍ക്കാണ് ഇത്തരത്തില്‍ തുക ലഭിക്കുക. തൊഴിലുറപ്പ് പദ്ധതിയായ എംഎൻആർഇജിഎ പ്രകാരമുള്ള കൂലി 182ല്‍നിന്നും 202 രൂപയായി വര്‍ദ്ധിപ്പിച്ചു. ഓരോ തൊഴിലാളിക്കും ഇതുമൂലം 2000 രൂപയുടെ കൂലി വര്‍ദ്ധനവ് ഉണ്ടാകും. രാജ്യത്തെ അഞ്ചു കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും നിലവില്‍ നല്‍കുന്ന പെന്‍ഷനു പുറമെ ഇടക്കാലാശ്വാസമായി 1,000 രൂപ അധികം നല്‍കും. വരുന്ന മൂന്നു മാസത്തിനുള്ളില്‍ രണ്ടു ഘട്ടമായാകും ഇത് അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുക. മൂന്നു കോടി മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും ഇത് ഗുണം ചെയ്യും. ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്ക് വരുന്ന മൂന്നു മാസത്തേക്ക് ഇടക്കാലാശ്വാസമായി 500 രൂപ വീതം പ്രതിമാസം നല്‍കും. ഇരുപതു കോടി പേര്‍ക്കാണ് ജന്‍ധന്‍ അക്കൗണ്ട് ഉള്ളത്. ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വരുന്ന മൂന്നുമാസത്തേക്ക് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ് ഇതിന്റെ ഗുണഭോക്താക്കള്‍.

ദീന്‍ ദയാല്‍ നാഷണല്‍ ലൈവ്‌ലിഹുഡ് മിഷന്റെ ഭാഗമായി വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് (എസ്എച്ച്ജി) 20 ലക്ഷം രൂപവരെ സെക്യൂരിറ്റി രഹിത വായ്പ അനുവദിക്കും. നിലവില്‍ ഇതിന്റെ പരിധി പത്ത് ലക്ഷമാണ്. രാജ്യത്ത് 63 ലക്ഷം എസ്എച്ച്ജി വഴിയായി ഏഴുകോടി ആളുകള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രൊവിഡന്റ് ഫണ്ടിലേക്ക് തൊഴില്‍ ദാതാവും സര്‍ക്കാരും അടയ്‌ക്കേണ്ട 12 ശതമാനം വീതമുള്ള വിഹിതം മുഴുവനും വരുന്ന മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ അടയ്ക്കും. ആകെ തൊഴിലാളികളുടെ എണ്ണം നൂറില്‍ താഴെയും തൊഴിലാളികളില്‍ തൊണ്ണൂറു ശതമാനം പേരും 15,000 രൂപയില്‍ താഴെ ശമ്പളം കൈപ്പറ്റുന്നവരുമായ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

അടിയന്തിര ആവശ്യങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്നും 75 ശതമാനം തുക പിന്‍വലിക്കാന്‍ സൗകര്യമൊരുക്കാന്‍ ഇപിഎഫ്ഒ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. രാജ്യത്തെ 4.8 കോടി ജീവനക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും. മൂന്നര കോടിയോളം വരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ ക്ഷേമനിധി ഫണ്ട് വിനിയോഗിക്കാന്‍ സംസ്ഥാനങ്ങളോടു നിര്‍ദ്ദേശം നല്‍കി. ലോക്ക്ഡൗൺ മൂലം നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണിത്. നിലവില്‍ ഈ ഫണ്ടില്‍ 31,000 കോടി രൂപയാണുള്ളത്. ജില്ലാ മിനറല്‍ ഫണ്ടിലെ തുക കോവിഡ് പരിശോധനയ്ക്കുള്ള സാമഗ്രികളും മെഡിക്കല്‍ നിരീക്ഷണങ്ങള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കുമായി വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

  • 8.69 കോടി കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നൽകും. ഏപ്രിൽ ആദ്യ വാരം തന്നെ ഇതു ലഭ്യമാകും.
  • തൊഴിലുറപ്പ് കൂലി 182‑ൽ നിന്ന് 202 ആക്കി വർധിപ്പിച്ചു.
  • വിധവകൾക്ക് ആയിരം രൂപ നൽകും.
  • ജൻധൻ അക്കൌണ്ടുള്ള 20 കോടി വനിതകൾക്ക് 500 രൂപ നേരിട്ട് അക്കൗണ്ടിൽ നല്കും
  • ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സർക്കാർ അടയ്ക്കും. നൂറ് തൊഴിലാളികൾ വരെയുള്ളതും അതിൽ 90 ശതമാനം പേർക്കും പതിനയ്യായിരം രൂപയിൽ താഴെ വരുമാനവും ആയിരിക്കണം
  • ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽ പെട്ട 8 കോടി ആളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ
  • നിർമ്മാണതൊഴിലാളികളെ സംരക്ഷിക്കാൻ കെട്ടിടനിർമ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31000 കോടി രൂപ സംസ്ഥാനസർക്കാരുകൾക്ക് ഉപയോഗിക്കാം
  • ഇപിഎഫ് നിക്ഷേപത്തിൽനിന്ന് 75 ശതമാനം മുൻകൂർ പിൻവലിക്കാൻ അനുമതി
  • ജില്ലാ ധാതു നിധിയിലെ തുക കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കാം

Eng­lish Summary:covid- eco­nom­ic pack­age by cen­tral government

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.