October 2, 2022 Sunday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 28, 2022
September 27, 2022
September 26, 2022
September 26, 2022
September 23, 2022

ടൂറിസം മേഖലക്ക് സാമ്പത്തിക പാക്കേജ് പരിഗണനയിലെന്ന് സര്‍ക്കാര്‍

Janayugom Webdesk
കൊച്ചി
July 1, 2020 5:05 pm

കേരളത്തിലെ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി ടൂറിസം വ്യവസായ മേഖലക്ക് സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് .  ടൂറിസം വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നത്. കോവിഡ് അനന്തര കേരളത്തെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ ടൂറിസ്റ്റ് ലക്ഷ്യ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആയുര്‍വേദ- വെല്‍നെസ്-അഡ്വഞ്ചര്‍ ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നുമെന്നും ഈ മേഖലകള്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും അവര്‍ അറിയിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ്് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി ടൂറിസം മേഖലയില്‍ നിന്നുള്ള സംരംഭകരെ പങ്കെടുപ്പിച്ച് ഫിക്കി ദേശീയ ടൂറിസം കമ്മിറ്റി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിംഗില്‍ സംസാരിക്കുകയായിരുന്നു ടൂറിസം സെക്രട്ടറി. ടൂറിസം മേഖലയുടെ അതിജീവനത്തിനും പുനരുജ്ജീവനത്തിനും ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ഫിക്കി ടൂറിസം കമ്മിറ്റി ചെയര്‍പേഴ്‌സനും ലളിത് സൂരി ഹോസ്പിറ്റല്‍ ഗ്രൂപ്പ് സി എം ഡിയുമായ ഡോ. ജ്യോത്സ്‌ന സൂരി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനു വഴിതെളിക്കാന്‍ ടൂറിസത്തിന് സാധിക്കും. കേരളം രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ലക്ഷ്യകേന്ദ്രമാണ്. കേരളം മുന്നോട്ടുവെക്കുന്ന വെല്‍നെസ് ടൂറിസത്തിന്റെ പ്രാധാന്യം രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വരുന്ന സെപ്റ്റംബറില്‍ ഒരു വെര്‍ച്വല്‍ കേരള ട്രാവല്‍മാര്‍ട്ട് സംഘടിപ്പിക്കുമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡണ്ട് ബേബി മാത്യു സോമതീരം അറിയിച്ചു. കേരളത്തില്‍ തന്നെയുള്ള വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. ക്രമേണ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സ്ഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൂല്യാധിഷ്ഠിത ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് മികച്ച അവസരമാണ് വരാന്‍ പോകുന്നതെന്ന് ഫിക്കി ടൂറിസം കമ്മിറ്റി കോ ചെയര്‍മാനും സീത, ടിസിഐ, ഡിസ്റ്റന്റ് ഫ്രണ്ടിയേഴ്‌സ് എന്നിവയുടെ എം ഡിയുമായ ദീപക് ദേവ് അഭിപ്രായപ്പെട്ടു. വളരെ മനോഹരമായ ചെറുകിട ഹോട്ടലുകള്‍ കേരളത്തിന്റെ ആകര്‍ഷണമാണ്. ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാക്കാലത്തും ടൂറിസം മേഖലയെ സഹായിച്ചിട്ടുണ്ടെന്നും ഫിക്കി കേരള സംസ്ഥാന കൗണ്‍സില്‍ ടൂറിസം കമ്മിറ്റി കണ്‍വീനറും സ്‌പൈസ് ലാന്‍ഡ് ഹോളിഡെയ്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എം ഡിയുമായ യു സി റിയാസ് വ്യക്തമാക്കി.പലകാര്യങ്ങളിലും രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളത്തില്‍ ടൂറിസം വൈകാതെ പത്തനുണര്‍വ് കൈവരിക്കുമെന്ന് ഫിക്കി സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ് പറഞ്ഞു. ഫിക്കി ട്രാവല്‍ ടെക്‌നോളജി കമ്മിറ്റി കോ ചെയര്‍മാനനും ആഗ്നിറ്റോ കണ്‍സള്‍ട്ടിംഗ് മാനേജിംഗ് പാര്‍്ട്ടണറുമായ ആഷിഷ് കുമാര്‍ മോഡറേറ്ററായിരുന്നു.

ഒയോ റൂംസ് കോര്‍പറേറ്റ് പ്രസിഡണ്ട് സിദ്ധാര്‍ഥ ദാസ്ഗുപ്ത, ഇന്റര്‍ഗ്ലോബ് എന്റര്‍പ്ലൈസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് രാഗിണി ചോപ്ര, ക്രിയേറ്റീവ് ട്രാവല്‍സ് എം ഡി രോഹിത് കോഹ്ലി, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രസിഡണ്ട് പ്രണാബ് സര്‍ക്കാര്‍,  ഇന്ത്യാ കണ്‍വെന്‍ഷന്‍ പ്രൊമോഷന്‍ ബ്യൂറോ വൈസ് ചെയര്‍മാന്‍ അമരേഷ് തിവാരി, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ജ്യോതി മായല്‍ അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സ്വദേശ് കുമാര്‍, ഇക്സിഗോ സിഇഒ അലോക് ബാജ്പായ്, ഇന്റര്‍ഗ്ലോബ് ടെക്നോളജി ക്വോട്ടിയന്റ് സിഇഒ അനില്‍ പരാശര്‍, ഷിബു തോമസ്- മഹീന്ദ്ര ഹോളിഡേയ്സ്,  ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മനാബ് മജുംദാര്‍, അയാട്ട ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ  പ്രസിഡന്റ് ബിജി ഈപ്പന്‍, ആയുര്‍വേദമന ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടര്‍ സജീവ് കുറുപ്പ് എന്നിവരും പങ്കെടുത്തു.

Eng­lish sum­ma­ry: Eco­nom­ic pack­age to enhance tourism.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.