Janayugom Online
pslv

റോക്കറ്റുകളുടെ വിക്ഷേപണത്തിന് സാമ്പത്തികാംഗീകാരം

Web Desk
Posted on June 07, 2018, 9:59 pm

ന്യൂഡല്‍ഹി: പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളുടെ വിക്ഷേപണത്തിന് കേന്ദ്ര മന്ത്രിസഭ 10,911 കോടി രൂപയുടെ സാമ്പത്തികാംഗീകാരം നല്‍കി. 30 പിഎസ്എല്‍വി റോക്കറ്റുകളും 10 ജിഎസ്എല്‍വി റോക്കറ്റുകളും വിക്ഷേപിക്കുന്നതിനാണ് ഈ തുക. അടുത്ത നാലു വര്‍ഷത്തിനിടയില്‍ പൂര്‍ത്തീകരിക്കുന്നതാണ് പദ്ധതി.
ഐഎസ്ആര്‍ഒയുടെ ഏറ്റവും കൂടുതല്‍ ഭാരവാഹക ശേഷിയുള്ള റോക്കറ്റാണ് ജിഎസ്എല്‍വി എംകെ ത്രീ. നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമോപഗ്രഹങ്ങള്‍ വഹിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും. ഇത്തരം 10 റോക്കറ്റുകളുടെ വിക്ഷേപണത്തിനായി 4,338 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഭാരക്കൂടുതലുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഇതോടെ ഇല്ലാതാവുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
30 പിഎസ്എല്‍വി റോക്കറ്റുകള്‍ക്കായി 6,573 കോടി രൂപയാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഐഎസ്ആര്‍ഒയുടെ ബഹിരാകാശ പര്യവേഷണ പരിപാടികളില്‍ വൈകാതെ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ ചന്ദ്രയാന്‍2 ന്റെ വിക്ഷേപണം നടന്നേക്കുമെന്നും ഇത് രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങളില്‍ സുപ്രധാനമായ നേട്ടമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.