സാമ്പത്തിക സംവരണം പിന്നോക്ക ജനവിഭാഗങ്ങളോടുള്ള അവഗണന: വെള്ളാപ്പള്ളി

Web Desk
Posted on January 08, 2019, 5:53 pm
ചേര്‍ത്തല: ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നോക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്ന് സുപ്രീം കോടതി തന്നെ പല തവണ വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. ഭരണഘടന സംവരണം നല്‍കിയിട്ടുള്ളത് പിന്നാക്ക വര്‍ഗങ്ങള്‍ക്കാണ്.
അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രവുമാണ്. സാമുദായിക സംവരണം ഉണ്ടായിട്ടുപോലും ഇന്നും കേന്ദ്ര സംസ്ഥാന സര്‍വീസുകളില്‍ പിന്നോക്ക വര്‍ഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാല്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഈ സാഹചര്യത്തില്‍ ഇതിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തണം. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ് എന്‍ ഡി പി യോഗം ഒരിക്കലും എതിരല്ല. അതിന് ആവശ്യമായ സാമൂഹ്യക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കാവുന്നതാണ്. അല്ലാതെ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കുവാനുള്ള നീക്കം ഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണ്. അതു ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന്  വിരുദ്ധവുമാണ്. ആയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.