25 April 2024, Thursday

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്; 12.01 ശതമാനം വളര്‍ച്ച, കേന്ദ്രനയങ്ങള്‍ തിരിച്ചടിയായി

2012നു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്ക്

കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും മുന്നേറി

കേന്ദ്രനയങ്ങള്‍ തിരിച്ചടിയായി
ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
February 2, 2023 11:18 pm

സംസ്ഥാനം കഴിഞ്ഞ സാമ്പത്തിക വർഷം 12.01 ശതമാനം വളർച്ച കൈവരിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. മുൻ വർഷങ്ങളിൽ നെഗറ്റീവ് ആയിരുന്ന കാർഷിക, വ്യവസായ മേഖലകൾ മികച്ച തിരിച്ചുവരവ് നടത്തിയതായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബജറ്റിനു മുന്നോടിയായി റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചു. 2021–22ൽ പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനം 1,62,992 രൂപയാണ്. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ നയപരമായ ഇടപെടലുകളും കോവിഡിന് ശേഷം നടപ്പാക്കിയ ഉത്തേജക പദ്ധതികളും വളർച്ചയ്ക്ക് സഹായകമായെന്ന് വിലയിരുത്തുന്നു. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ തിരിച്ചടിയായതായി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര നയങ്ങൾ മൂലമുള്ള പ്രതിസന്ധി വരും വർഷങ്ങളിൽ രൂക്ഷമായേക്കാം. 

ദേശീയ തലത്തിൽ ഒരാളുടെ ശരാശരി വരുമാനത്തെക്കാൾ കൂടുതലാണ് കേരളത്തിലേതെന്ന് സർവേ പറയുന്നു. ധനക്കമ്മിയും മൊത്ത ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനം കുറഞ്ഞു. റവന്യു വരുമാനം 12.86 ശതമാനമായി വര്‍ധിച്ചു. തനതു നികുതി വരുമാനവും നികുതിയേതര വരുമാനവും ഉയര്‍ന്ന് മൊത്തവരുമാനം 19.94 ശതമാനം വർധിക്കുമെന്ന് സർവേയിൽ പറയുന്നു. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സംയുക്ത വാർഷിക വളർച്ച 11.40 ശതമാനമാണ്. കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും വളർച്ച രേഖപ്പെടുത്തി. 

വ്യവസായ വളർച്ച 17.3 ശതമാനം. 20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5,650 കോടിയുടെ പാക്കേജും വളർച്ചയ്ക്കു സഹായകമായെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ പൊതു കടം 2.1 ലക്ഷം കോടിയാണ്. ആഭ്യന്തര കടം 2021–22ൽ 10. 67 ശതമാനം വർധിച്ചു. കിഫ്ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയർത്തി. പൊതു കടബാധ്യതയിൽ 95.93 ശതമാനവും ആഭ്യന്തര കടമാണ്. പൊതുകടവും റവന്യു വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞതായും സർവേ പറയുന്നു. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 0. 82 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര വിഹിതത്തിൽ ഉണ്ടായിരിക്കുന്നത്. 

Eng­lish Summary:Economic Sur­vey Report; 12.01 per­cent growth
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.