റെജി കുര്യന്‍

ന്യൂഡല്‍ഹി:

January 29, 2021, 10:14 pm

തകർച്ച മറച്ച് സാമ്പത്തിക സർവേ

Janayugom Online

രാജ്യത്തിന്റെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥ താഴ്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്കെന്ന വാദവുമായി ഇക്കണോമിക് സര്‍വേ. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി (മൊത്തം ആഭ്യന്തര ഉല്പാദനം) 7.7 ശതമാനമായി ചുരുങ്ങുമെന്നും റിപ്പോർട്ടിലുണ്ട്. കണക്കിലെ കളികൊണ്ട് ജനങ്ങളെ പറ്റിച്ച കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലും ഇതേ നിലപാട് സ്വീകരിക്കുമെന്ന് ഇതോടെ വ്യക്തമായി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ എല്ലാം ശുഭമെന്ന് പറയുമ്പോഴും രാജ്യത്തെ ബാങ്കുകളുടെ തകര്‍ച്ച സംഭവ്യമെന്ന് വ്യക്തമായ സൂചനയുണ്ട്.
മോഡി ഭരണത്തിന്‍ കീഴില്‍ സാധാരണക്കാരും പാവപ്പെട്ടവരും അനിശ്ചിതത്വത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് ഇക്കണോമിക് സര്‍വേയും അടിവരയിടുന്നു. കേന്ദ്രം പ്രഖ്യാപിച്ച കോവിഡ് സാമ്പത്തിക പാക്കേജുകളൊന്നും രാജ്യത്തെ സമ്പദ് ഘടനയെ മുന്നാക്കം കൊണ്ടുപോയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തമാണ്.

എന്നാൽ 2021–22 ജിഡിപി വളര്‍ച്ച 11 ശതമാനത്തിലേക്കു കുതിക്കുമെന്നാണ് ഇക്കണോമിക് സര്‍വേയില്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന കണക്ക്. ഇത് ഏതുവിധം സാധ്യമാകുമെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രോഗ്രസ് കാര്‍ഡിലുള്ളത്. രാജ്യത്തെ ഉല്പാദനവും ഉപഭോഗവും ചുരുങ്ങിയെന്ന് വ്യക്തമാക്കുന്ന കണക്കുകളില്‍ പൊതു മേഖലയില്‍ നിന്നുള്ള പിന്തിരിയലിന്റെ സൂചനകളും ശക്തമാണ്.

കോവിഡ് ബാധിച്ച രാജ്യങ്ങളില്‍ നേരിട്ട അത്രയും സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലില്ല. രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ മുന്നോട്ടു പോകും. വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ എല്ലാ മേഖലയിലും ദൃശ്യമാകുന്നുണ്ട്. ഇതിനെ ന്യായീകരിക്കാനുള്ള കണക്കുകളും ഇക്കണോമിക് സര്‍വേ നിരത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പാക്കേജിനു പിന്നാലെ സാധാരണക്കാരന് ജോലിയും ഉപജീവനവും സൃഷ്ടിച്ചിരുന്ന ചെറുകിട ഇടത്തരം വ്യവസായ മേഖല തകര്‍ന്നെന്ന വസ്തുതയും ഇക്കണോമിക് സര്‍വേയിലുണ്ട്.

ബാങ്കുകള്‍ക്ക് പ്രവര്‍ത്തന മൂലധനം ഇല്ലാതായിരിക്കുന്നു. നികുതി ദായകന്‍ നല്‍കിയ ഖജനാവിലെ പണം ബാങ്കുകള്‍ക്ക് നല്‍കി മൂലധന വര്‍ധന വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തെ ബാങ്കുകള്‍ തകര്‍ച്ചയിലേക്കു നീങ്ങും. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ഇന്നുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റും കൺകെട്ടുവിദ്യയാകുമെന്നാണ് സർവേ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ENGLISH SUMMARY: Eco­nom­ic sur­vey to cov­er up the collapse

YOU MAY ALSO LIKE THIS VIDEO