Web Desk

ന്യൂഡൽഹി

June 05, 2020, 9:37 pm

സമ്പദ് വ്യവസ്ഥ: ജനങ്ങളിൽ അശുഭാപ്തി വിശ്വാസമെന്ന് ആർബിഐ

Janayugom Online

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി സമീപകാലത്ത് പരിഹരിക്കാൻ കഴിയാത്തതാണെന്ന ബോധം ജനങ്ങളിൽ വർധിക്കുന്നതായി ആർബിഐയുടെ കൺസ്യൂമർ കോൺഫിഡൻസ് സർവേ. രാജ്യത്തിന്റെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയിൽ ജനങ്ങൾ തികച്ചും അശുഭാപ്തി വിശ്വാസമാണ് പുലർത്തുന്നതെന്നും ആർബിഐ റിപ്പോർട്ട് പറയുന്നു.
ഇപ്പോഴത്തെ നിലയിലുള്ള ഉപഭോക്തൃ സൂചിക മെയ് മാസത്തിൽ (കറണ്ട് സിറ്റുവേഷൻ ഇൻഡക്സ്) 63.7 ശതമാനമായി താഴ്ന്നു. കൊറോണ വ്യാപനം ആരംഭിച്ച മാർച്ച് മാസത്തിൽ ഇത് 85.6 ശതമാനമായിരുന്നു. അടുത്ത ഒരുവർഷവും സമാനമായ വിഷാദാവസ്ഥയിൽ തന്നെ സൂചിക തുടരുമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പറഞ്ഞത്. കഴിഞ്ഞ ആറ് വർഷത്തിനിടെ സൂചിക ഗണ്യമായി താഴുന്നത് ആദ്യമായാണ്.
വർത്തമാന കാല സാമ്പത്തിക സാഹചര്യം, തൊഴിൽ മേഖല, എണ്ണയുടെ വില, വ്യക്തികളുടെ വരുമാനം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. ജോലി നഷ്ടപ്പെടുമെന്ന ജനങ്ങളുടെ ഭീതി, സാമ്പത്തിക തകർച്ച എന്നിവ മുന്നിൽകണ്ട് വ്യക്തികൾ ഉപഭോക്തൃ ചെലവുകൾ ഗണ്യമായി കുറയ്ക്കും. കൊറോണ വ്യാപനത്തിന് മുമ്പും ഉപഭോക്തൃ സൂചികയിൽ ഗണ്യമായ ഇടിവ് തുടർന്നിരുന്നു.
ഡൽഹി, മുംബൈ, അഹമ്മദാബാദ് ഉൾപ്പെടെ 13 നഗരങ്ങളിലെ 5300 കുടുംബങ്ങളിലാണ് സർവേ നടത്തിയത്.

eng­lish sum­ma­ry: econ­o­my: pes­simism root­ed in people