ഇസിപിആർ ചികിത്സയിലൂടെ യുവാവിന് പുതുജീവൻ

Web Desk
Posted on November 22, 2019, 7:03 pm

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിലെത്തിച്ച യുവാവിന് ഇസിപിആർ ചികിത്സയിലൂടെ പുതുജീവൻ. മരണത്തെ മുഖാമുഖം കണ്ട എറണാകുളം തെക്കൻ ചിറ്റൂർ സ്വദേശി ജോസ് ബിജു (33 ) വിനാണ് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ എക്സ്ട്രാ കോർപ്പോറിയൽ കാർഡിയോപൾമണറി റിസസിറ്റേഷൻ (ഇസിപിആർ ) എന്ന അത്യാധുനിക ചികത്സാരീതിയിലൂടെ ജീവൻ തിരിച്ചുകിട്ടിയത്.

ആശുപത്രിക്ക് പുറത്തുണ്ടായ ഹൃദയസ്തംഭനത്തിന് എക്മോ (എക്സ്ട്രാ കോർപ്പോറിയൽ മെംബ്രേയ്ൻ ഓക്സിജനേഷൻ ) തെറാപ്പിയിലൂടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്ന ഇസിപിആർ ചികിത്സാരീതി വിജയകരമായി ഉപയോഗിച്ചത് ഇന്ത്യയിൽ ആദ്യമായിട്ടാണെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നവംബർ ഒന്നിന് ഓൺലൈൻ ടാക്സി ഡ്രൈവറായ ജോസ് ബിജു പതിവുപോലെ വാഹനം ഓട്ടത്തിന് പോയി. ഇതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ നഴ്സായ ഭാര്യ മേരി ഷെർമിനെ വിവരം അറിയിച്ചു. ഉടൻ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചേരാൻ ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്ന് കാർ ഓടിച്ചുകൊണ്ടുപോകുന്നതിനിടയിൽ വേദന കലശലായി ആസ്റ്റർ മെഡിസിറ്റി ആശുപത്രിക്ക് സമീപം റോഡിൽ വാഹനം നിർത്തിയിടുകയായിരുന്നു.

ഗതാഗത കുരുക്ക് കണ്ട് വാഹനത്തിലേക്ക് ശ്രദ്ധിച്ച ഈ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ആംബുലൻസ് ഡ്രൈവർ ജിത്തുവിന് ഡ്രൈവർക്ക് അസുഖമാണെന്ന് ബോധ്യമാവുകയായിരുന്നു. മൊബൈൽ ഓൺ ആയിരുന്നു. ആരോ ആയിട്ട് സംസാരിക്കുകയിരുന്നെന്ന് ശ്രദ്ധിച്ചപ്പോൾ മനസിലായി. ഫോണിൽ അപ്പോഴും മറുവശത്തുനിന്നുള്ള ശബ്ദം കേൾക്കാമായിരുന്നു. മറുതലക്കൽ ജോസിന്റെ ഭാര്യ ആയിരുന്നു. ഇയാൾക്ക് നെഞ്ചുവേദന ആണെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ഇവർ പറഞ്ഞു. ഉടൻ സമീപത്തുണ്ടായിരുന്ന വിപിൻ എന്നയാളുടെ സഹായത്തോടെ കാറിന്റെ പിൻസീറ്റിൽ കിടത്തി ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ് ) നൽകുകയും ഉടൻ ആസ്റ്റർ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ജിത്തു ജോസഫിന്റെ സമയോചിതമായ ഇടപെടൽ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നു ഡോക്ടർമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആശുപത്രി സി ഇ ഓ കമാൻഡർ ജെൽസൺ എ കവലക്കാട്ട്, ഡോ സുരേഷ് നായർ, ഡോ ജോൺസൺ കെ വർഗീസ്, ഡോ ജോബിൻ എബ്രഹാം, ഡോ ജോയേൽ, ജോസ് ബിജു എന്നിവർ പങ്കെടുത്തു.