ആൾദൈവം നിത്യാനന്ദയുടെ അഭയകാര്യത്തിൽ വ്യക്തത വരുത്തി ഇക്വഡോർ

Web Desk
Posted on December 06, 2019, 10:13 pm

ന്യൂഡൽഹി: ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് അഭയം നൽകിയിട്ടില്ലെന്ന് ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ. നിത്യാനന്ദയ്ക്ക് ഭൂമി വാങ്ങാൻ ഒരുസഹായവും ചെയ്തിട്ടില്ലെന്നും ഇക്വഡോർ എംബസി വ്യക്തമാക്കി. അഭയം നൽകണമെന്ന നിത്യാനനന്ദയുടെ അപേക്ഷ തള്ളിയതിനെ തുടർന്ന് അയാൾ ഹെയ്ത്തിയിലേയ്ക്ക് കടന്നതായും ഇക്വഡോർ സർക്കാർ പ്രസ്താവനയിൽ പറയുന്നു.

ഇക്വഡോറിൽ വാങ്ങിയ ദ്വീപിൽ കൈലാസ എന്നു പേരുള്ള ഹിന്ദു രാജ്യം സ്ഥാപിച്ചുവെന്ന നിത്യാനന്ദയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇക്വഡോറിന്റെ വിശദീകരണം. അതേസമയം നിത്യാനന്ദയുടെ പാസ്‍പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദ് ചെയ്തു. എന്നാൽ ഒളിവില്‍ കഴിയുന്ന നിത്യാന്ദയെക്കുറിച്ച്‌ വിദേശകാര്യ മന്ത്രാലയത്തിന് അറിവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി .

you may also like this video

അതിനിടെ 2.85 കോടി രൂപ ഫ്രഞ്ച് പൗരനില്‍ നിന്ന് തട്ടിയെടുത്തെന്ന പരാതിയില്‍ നിത്യാനന്ദയ്ക്കെതിരെ ഫ്രഞ്ച് സര്‍ക്കാർ അന്വേഷണം തുടങ്ങി. നിത്യാനന്ദയുടെ അനുയായിയായിരുന്ന ഫ്രഞ്ച് പൗരനാണ് പരാതിയുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ നിത്യാനന്ദയ്ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം ‘രാജ്യം’ സ്ഥാപിച്ചുവെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചത്.