24 April 2024, Wednesday

Related news

February 2, 2023
February 2, 2023
February 1, 2023
January 31, 2023
January 21, 2023
December 24, 2022
December 23, 2022
September 20, 2022
September 13, 2022
September 9, 2022

ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വെെകുന്നു

Janayugom Webdesk
ന്യൂഡൽഹി
September 13, 2022 5:15 pm

യുഎപിഎ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും മലയാളി മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വെെകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ് നിലനിൽക്കുന്നതിനാൽ ജയിലിൽ തുടരേണ്ടിവരുമെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കാപ്പനെതിരെ ഇ ഡി കേസെടുത്തിരിക്കുന്നത്. ഇതില്‍ വൈകാതെ ജാമ്യം ലഭിക്കുമെന്നാണ് ബന്ധുക്കളുടെയും പത്രപ്രവർത്തക സംഘടനകളുടെയും പ്രതീക്ഷ.
ഈ മാസം 19നാണ് ഇഡി കേസ് ലഖ്‍നൗ കോടതി പരിഗണിക്കുക. അതേസമയം, കാപ്പൻ ഹത്രാസിലേക്ക് യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവർക്കെതിരായ ഇഡി കേസ് ഈ മാസം ഇരുപത്തിയഞ്ചിന് വീണ്ടും പരിഗണിക്കും. യുപി പൊലീസ് യുഎപിഎ ചുമത്തി ജയിലിലടച്ച സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകൾ അപര്യാപ്‍തമാണെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയിരുന്നു. അടുത്ത ആറാഴ്ച കാപ്പൻ ഡല്‍ഹിയിൽ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം.
ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമം, യുഎപിഎ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ കാപ്പനെതിരെ ചുമത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിനു പ്രേരിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.
മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് 22 മാസമായി ജയിലിൽ തുടരുന്ന കാപ്പൻ സുപ്രീംകോടതിയിലെത്തിയത്. ഐഡി കാർഡുകളും ചില ലഘുലേഖകളും കണ്ടെത്തിയെന്ന യുപി സർക്കാരിന്റെ അഭിഭാഷകൻ മഹേഷ് ജഠ്മലാനിയുടെ വാദം തള്ളിയ കോടതി, ഇത്രയും കാലം ജയിലിൽ കിടന്ന സാഹചര്യത്തിൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കി. ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലും തുല്യമായ തുകയുടെ വ്യക്തിഗത ബോണ്ടിന്മേലുമാണ് ജാമ്യം അനുവദിച്ചത്. സുപ്രീം കോടതി നിർദ്ദേശിച്ച വ്യവസ്ഥകൾ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം നൽകാനും ഉത്തരവിൽ പറഞ്ഞിരുന്നു.
സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കാപ്പനെ മോചിപ്പിക്കാൻ തിങ്കളാഴ്ച അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ കാപ്പന് പുറത്തിറങ്ങാൻ സാധിക്കൂ എന്ന് ജയിൽ പിആർഒ സന്തോഷ് വർമ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Eng­lish Sum­ma­ry: ED case: Sid­dique Kap­pan jail release will delay

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.