നാല് ചിട്ടിക്കമ്പനികളില്‍ നിന്ന് 3000 കോടി പിടിച്ചെടുത്തു

Web Desk
Posted on October 08, 2017, 8:10 am

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നാല് ചിട്ടിക്കമ്പനികളില്‍ നിന്നായി മൂവായിരം കോടിയിലധികം രൂപ പിടിച്ചെടുത്തു.
വന്‍ ക്രമക്കേടിലൂടെ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ശാരദ ചിട്ടിയടക്കം ബംഗാള്‍, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോസ് വാലി, അര്‍ഥതാത്വ, സീഷോര്‍ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ പരിശോധന നടത്തിയത്. നാല് ചിട്ടിക്കമ്പനികളില്‍ നിന്നുമായി 3,017 കോടിയോളം രൂപയുടെ വസ്തുക്കളും പണവുമാണ് പിടിച്ചെടുത്തത്. വസ്തുവല്ലാതെ 500 കോടിയോളം രൂപ പിടിച്ചെടുത്തവയില്‍പ്പെടുന്നു. റോസ് വാലിയുടെ അക്കൗണ്ടുകളില്‍നിന്നുമാത്രം 345 കോടി രൂപയാണ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാളില്‍ ഏറെ ശാഖകളുള്ള ശാരദ ഗ്രൂപ്പ് ഓഫ് കമ്പനീസ് 2,044 കോടി രൂപയാണ് നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്തത്. ശാരദ ഗ്രൂപ്പിന്റെതായി 600 കോടി മൂല്യമുള്ള വസ്തുവകകളും പണവുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ചിട്ടി കുംഭകോണത്തെപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അന്വേഷണം നേരിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. അതേസമയം വ്യവഹാരം കഴിയുന്നതോടെ സ്ഥലവും മറ്റും ലേലംചെയ്ത് നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കണമെന്ന് ശാരദ ചിട്ടി കമ്പനി അധികൃതരോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.