
തന്റെ മകനെതിരായ ഇഡിയുടെ സമൻസ് നനഞ്ഞ പടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചുനാള്‍ മുമ്പ് ഒരു വലിയ ബോംബ് വരുന്നുണ്ടെന്ന് ഒരാള്‍ തന്നോട് പറഞ്ഞു. എന്നാലത് നനഞ്ഞ പടക്കമായിപ്പോയി. തെരഞ്ഞെടുപ്പ് അടുത്ത് വരികയാണല്ലോ. ഇനി അണിയറയില്‍ എന്താണുള്ളതെന്ന് അറിയില്ല. അത് അപ്പോള്‍ കാണാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏജൻസിയുടെ സമൻസ് എവിടെ?, ആര്‍ക്കാണ് അയച്ചത്, ആരുടെ കൈയിലാണ് കൊടുത്തത്. തന്റെ കൈയില്‍ സമൻസ് കിട്ടിയിട്ടില്ല, സമൻസ് കിട്ടിയതായി മകനും പറഞ്ഞിട്ടില്ല. ഇതില്‍ മുഖ്യമന്ത്രി എന്താണ് പ്രതികരിക്കേണ്ടത്. ഏജൻസികള്‍ അവരുടേതായ രീതികള്‍ സ്വീകരിക്കുകയല്ലേ ചെയ്യുക. സമൂഹത്തില്‍ തന്നെ കളങ്കിതനാക്കാൻ പറ്റുമോയെന്ന് നോക്കുന്നതിനായി തെറ്റായൊരു ചിത്രം വരച്ചുകാട്ടുകയാണ്. അങ്ങനെ ചെയ്താല്‍ കളങ്കിതനാവുമോ? എന്തെല്ലാം കണ്ടതാണ് ഞാൻ. മാധ്യമങ്ങളുടെ ഏതെല്ലാം തരത്തിലുള്ള ‘സ്നേഹവാത്സല്യങ്ങള്‍’ അനുഭവിച്ച ആളാണ് ഞാൻ. എത്ര വര്‍ഷമായി ഈ രീതി തുടരുന്നു. ഇതൊക്കെ ശരിയായ രീതിയില്‍ നേരിടാനറിയാം. ഒരഴിമതിയും എന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
തന്റെ രാഷ്ട്രീയപ്രവര്‍ത്തനം സുതാര്യവും കളങ്കരഹിതവുമാണ്. 10 വര്‍ഷത്തോളമായി മുഖ്യമന്ത്രിയായിരിക്കുന്നതില്‍ അഭിമാനിക്കാൻ വകയുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. ഒരു പദ്ധതി വരുമ്പോള്‍ കോണ്‍ട്രാക്ട് കൊടുക്കുന്നു. ചിലയിടത്ത് അതിന് ഇത്ര ശതമാനം വിഹിതം കൊടുക്കണമെന്നുണ്ട്. കേരളത്തില്‍ അങ്ങനെയുണ്ടോ. അങ്ങനെയൊരു സ്ഥിതി കേരളത്തിലുള്ളതില്‍ അഭിമാനിക്കുന്ന ആളാണ് താൻ. അഴിമതി അനുവദിക്കില്ലെന്ന നിര്‍ബന്ധം കൊണ്ടാണ് അത്. അതിനാലാണ് ഉന്നതങ്ങളിലെ അഴിമതി അവസാനിപ്പിക്കാനായത്. രാഷ്ട്രീയാവശ്യങ്ങള്‍ക്ക് വേണ്ടി ചില ഏജൻസികളെ കൊണ്ടുവന്ന് മറ്റൊരു രീതിയില്‍ ചിത്രീകരിച്ചാല്‍ അത് വിലപ്പോവില്ല. പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോവാൻ ശ്രമിച്ചപ്പോള്‍ കൂടുംബം പൂര്‍ണമായി അതിനൊപ്പം നിന്നു. മക്കള്‍ രണ്ടുപേരും അതേ നില സ്വീകരിച്ചു. നിങ്ങളില്‍ എത്രപേര്‍ എന്റെ മകനെ കണ്ടിട്ടുണ്ടെന്ന് അറിയില്ല.
അധികാരത്തിന്റെ ഇടനാഴിയില്‍ എവിടെയെങ്കിലും മകനെ നിങ്ങള്‍ കണ്ടോ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും അവനറിയില്ല. ഒരു ദുഷ്‌പേരും ഉണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ടാണ് മകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ചിരിച്ചുകളഞ്ഞത്. അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി ചെയ്ത് കഴിയുന്ന മകനെ വിവാദത്തില്‍പ്പെടുത്താൻ നോക്കുകയാണ്. ജോലി, പിന്നെ വീട് എന്നതാണ് മകന്റെ രീതി. ഒരു പൊതുപ്രവര്‍ത്തന രംഗത്തുമില്ല. എന്റെ മക്കളാരും എന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനോ ശീലങ്ങള്‍ക്കോ നിരക്കാത്ത ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.