സ്വന്തം ലേഖകന്‍

കൊച്ചി

December 21, 2020, 6:58 pm

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിനെതിരെ ഇഡി അനുബന്ധ കുറ്റപത്രം 24 ന് സമര്‍പ്പിക്കും

Janayugom Online

നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കറിനെതിരെയുള്ള അനുബന്ധ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ മാസം 24ന്  സമര്‍പ്പിക്കും. ശിവശങ്കര്‍  അറസ്റ്റിലായിട്ട് 28ന് 60 ദിവസം പൂര്‍ത്തിയാകുന്നത് കണക്കിലെടുത്ത് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനാണ് ഇഡിയുടെ നീക്കം. ഒക്ടോബര്‍ 28നാണ് നിരവധി തവണകളായി നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെ  ശിവശങ്കറിനെ ഇ ഡി  അറസ്റ്റ് ചെയ്തത്. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. സ്വപ്‌ന പണവുമായി കടന്നു കളയും എന്ന ആശങ്കയെ തുടര്‍ന്നാണ്  ബാങ്ക് ഇടപാടില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റിനെ ശിവശങ്കര്‍  ഉള്‍പ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ പണം ഒളിപ്പിച്ചുവെക്കാന്‍ ശിവശങ്കര്‍ സ്വപ്‌നയെ ഉപയോഗിക്കുകയായിരുന്നുവെന്നും ഇഡി ആരോപിക്കുന്നു .

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മറ്റു പ്രതികളായ സരിത്തിനെയും സ്വപ്‌നയേയും അവസാനവട്ട ചോദ്യം ചെയ്യലില്‍ ലഭിച്ച പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുന്ന കുറ്റപത്രമാകും എന്‍ഫോഴ്‌സ്‌മെന്റ് ഡറയക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക.
ഈ മാസം 22 വരെ ശിവശങ്കറിനെ കോടതി  കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിഎംഎൽഎ സെക്‌ഷൻ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികൾ ഇക്കാര്യത്തിൽ നിയമപരമായ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാലാണു ഭാഗിക കുറ്റപത്രം നൽകി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാൻ ഇഡി ശ്രമിക്കുന്നത്.

അതിനിടെ  വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതി ഏറ്റെടുത്ത യൂനിടാക് കമ്പനിക്ക് ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ടും പുതിയ തെളിവുകള്‍ ലഭിച്ചതായി ഇ ഡി വൃത്തങ്ങൾ സൂചപ്പിക്കുന്നു. ഹൈദരാബാദില്‍ യുഎഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെഫോണ്‍ ഉപ കരാറും യൂനിടാകിന് ശിവശങ്കര്‍ വാഗ്ദാനം ചെയ്തതിനുള്ള  തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെ കുറ്റപത്രത്തില്‍ ഇ ഡി ഉള്‍പ്പെടുത്തമെന്നാണ് അറിയുന്നത്.  ഇതിനിടെ ശിവശങ്കറിന്റെ സ്വത്തുക്കളെല്ലാം  കണ്ടുകെട്ടാൻ നടപടി ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.  കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം(പിഎംഎൽഎ) ആണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ ഇ ഡി നടപടി ആരംഭിച്ചത്. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്നു തെളിയിച്ചാൽ ഇവ പിന്നീട് തിരിച്ചുനൽകും.

Eng­lish Sum­ma­ry: Mon­ey laun­der­ing case: ED will file a sup­ple­men­tary charge-sheet against Shiv­shankar on the 24th

You may like this video also