Web Desk

തൃശൂർ

July 23, 2021, 9:38 pm

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കും

Janayugom Online

കരുവന്നൂർ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കേസ് സംബന്ധിച്ച വിശദാംശങ്ങൾ ഇഡി പൊലീസിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തിരിമറിയിലൂടെ നേടിയ പണം എങ്ങനെയാണ് ചെലവഴിച്ചതെന്നായിരിക്കും ഇഡി പ്രധാനമായും അന്വേഷിക്കുക.

കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുത്തിയാകും ഇഡി കേസിൽ അന്വേഷണം നടത്തുക. തട്ടിപ്പിലൂടെ നേടിയ പണം റിയൽ എസ്റ്റേറ്റ്, റിസോർട്ട് നിർമ്മാണം എന്നിവയ്ക്കായി വിനിയോഗിച്ചതായുള്ള വിവരവും ഇഡിക്ക് മുന്നിലുണ്ട്. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. 46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് വൻ തട്ടിപ്പ് നടത്തിയത്. ക്രമക്കേട് നടന്നതായി പരാതി വന്നതിനെ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. പിന്നാലെ സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. മുകുന്ദപുരം അസി. രജിസ്ട്രാർ അജിത്താണ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ. സഹകരണ രജിസ്ട്രാറുടേതാണ് നടപടി.

കേസിലെ പ്രതികളിൽ മൂന്ന് പേരെയും സിപിഐ(എം) പുറത്താക്കിയിട്ടുണ്ട്. ആറ് ഭരണസമിതി അംഗങ്ങളിൽ നിന്ന് വിശദീകരണവും തേടി.

Eng­lish Sum­ma­ry: ED will inves­ti­gate Karu­van­noor Bank scam

You may like this video also