തെരഞ്ഞെടുപ്പ് കമ്മിഷനോ പാദസേവകരോ?

Web Desk
Posted on October 14, 2017, 1:47 am

ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ആ ഭരണഘടനാ സ്ഥാപനത്തിന്റെ നിഷ്പക്ഷതയുടെയും സുതാര്യതയുടെയും വിശ്വാസ്യതയുടെയും മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. വ്യാഴാഴ്ച രാഷ്ട്രതലസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ കെ ജ്യോതി ഹിമാചല്‍ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 18ന് ആയിരിക്കുമെന്നും അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടൊപ്പം വരത്തക്കവിധം ക്രമീകരിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. ഇത് കമ്മിഷന്‍ തെരഞ്ഞെടുപ്പ് തീയതികളെപ്പറ്റി ദശകങ്ങളായി പിന്തുടര്‍ന്നുവന്നിരുന്ന കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിവരുന്ന ഗുജറാത്ത് പര്യടനപരമ്പരകളില്‍ അവസാനത്തേത് ഒക്‌ടോബര്‍ 16ന് നടക്കാനിരിക്കെയാണ് ഇതെന്നത് ശ്രദ്ധേയമാണ്. ഇതിനകം മോഡി നടത്തിയ പര്യടനങ്ങള്‍ എല്ലാം തന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ടുള്ള പദ്ധതി പ്രഖ്യാപന‑ശിലാസ്ഥാപന മേളകളായിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ആ നിമിഷം മുതല്‍ മാതൃക പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വരും. മോഡിക്ക് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ അവസരം നല്‍കുക എന്ന നിക്ഷിപ്ത ലക്ഷ്യത്തോടെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചതെന്നത് പകല്‍പോലെ വ്യക്തമാണ്. അത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ അപ്പാടെ തകര്‍ത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെന്ന ഭരണഘടനാ സ്ഥാപനത്തെ എ കെ ജ്യോതിയും സംഘവും എന്‍ഡിഎ ഭരണകൂടത്തിന്റെ ദാസ്യവൃത്തിക്കാരാക്കി അധഃപതിപ്പിച്ചിരിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമോ യുക്തിഭദ്രമോ ആയ യാതൊരു മറുപടിയും നല്‍കാന്‍ കമ്മിഷന് കഴിഞ്ഞില്ലെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരേ്യാഗത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ദശകങ്ങള്‍ ഗുജറാത്ത് ഭരണം കയ്യാളിയിരുന്ന ബിജെപിയും നരേന്ദ്രമോഡിയും പരിഭ്രാന്തിയിലാണ്. ഗുജറാത്ത് മോഡലിനെപ്പറ്റി മോഡിയും സംഘവും നടത്തിവന്നിരുന്ന വായ്ത്താരികള്‍ തികഞ്ഞ കാപട്യമാണെന്ന് ആ സംസ്ഥാനത്തെ ജനതയ്ക്കും രാജ്യത്തിനും ബോധ്യപ്പെട്ടിരിക്കുന്നു. അദാനിമാരടക്കം വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും ഒരുപറ്റം സമ്പന്നര്‍ക്കുമൊഴികെ ഗുജറാത്ത് മോഡല്‍ അര്‍ഥശൂന്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ദളിതരും ആദിവാസികളും പിന്നാക്ക ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളുമടക്കം പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു പരിവര്‍ത്തനവും വരുത്താന്‍ മോഡിക്കും ബിജെപിക്കും ആയിട്ടില്ല. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള മനുഷ്യത്വഹീനമായ വിവേചനങ്ങളും അതിക്രമങ്ങളും നിര്‍ബാധം, കൂടുതല്‍ തീവ്രതയോടെ അഴിഞ്ഞാട്ടം തുടരുന്നു. കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും പുറമെ ഭരണവൃത്തത്തിന്റെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ളവര്‍ അതിന്റെ തണലില്‍ പൊതുമുതല്‍ കൊള്ളയടിച്ച് തടിച്ചുകൊഴുക്കുന്നു. മോഡിയുടെ വിശ്വസ്തനെന്ന ഒരൊറ്റ യോഗ്യതയില്‍ ബിജെപി അധ്യക്ഷപദം കയ്യാളുന്ന അമിത്ഷായുടെ മകന്റെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നാറുന്ന കഥകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയായിരിക്കുന്നു. അത് സൃഷ്ടിക്കുന്ന പരിഭ്രാന്തിയുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
മോഡി ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മിഷനും രാജ്യത്തിനൊട്ടാകെ ബാധകമായ ഏകീകൃത തെരഞ്ഞെടുപ്പിനെപ്പറ്റി ഇപ്പോള്‍ എന്തു പറയുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഹിമാചലിലെ മഞ്ഞുകാലത്തെപ്പറ്റിയും ഗുജറാത്തിലെ പ്രളയത്തെപ്പറ്റിയും പറഞ്ഞ് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന് ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യത്തിനൊപ്പം ‘ഒരൊറ്റ കാലാവസ്ഥ’ എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നതിനെപ്പറ്റി കൂടി ആലോചിക്കാവുന്നതാണ്! 125 കോടി ജനങ്ങളും 29 സംസ്ഥാനങ്ങളുമുള്ള രാജ്യത്ത് അതിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രം വരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ കേന്ദ്രസേനയുടെ ലഭ്യത പോലും ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നാണ് കമ്മിഷന്‍ പറഞ്ഞത്. അതാണ് യാഥാര്‍ഥ്യമെങ്കില്‍ എന്തടിസ്ഥാനത്തിലാണ് രാജ്യത്തൊട്ടാകെ ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ സന്നദ്ധമാണെന്ന് പറഞ്ഞതെന്ന് വിശദീകരിക്കാന്‍ അവര്‍ തയാറാവണം. സമുന്നതമായ ഒരു ഭരണഘടനാ സ്ഥാപനത്തെ തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ ചട്ടുകമാക്കി മാറ്റുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാജ്യത്ത് ജനാധിപത്യം പുലരണമെങ്കില്‍ ഇത്തരം പാദസേവകരില്‍ നിന്ന് ഭരണഘടനാ സ്ഥാപനങ്ങളെ വിമോചിപ്പിച്ചേ പറ്റു. ഇത്തരക്കാര്‍ നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഇര ഇന്ത്യയുടെ ജനാധിപത്യ സംവിധാനം തന്നെയാവും.