2025ലെ ആദ്യ പരമ്പരയ്ക്ക് നാളെ ഇന്ത്യ തുടക്കം കുറിക്കും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ക്രിക്കറ്റ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ രാത്രി ഏഴിനാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് കളിക്കുന്നത്.
അഞ്ച് മത്സര പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടീമിലേക്ക് മടങ്ങിയെത്തുന്ന മുഹമ്മദ് ഷമിയുമാണ് ശ്രദ്ധാകേന്ദ്രം. നേരത്തെ മികച്ച റെക്കോഡുണ്ടായിട്ടും ചാമ്പ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20യില്‍ മികച്ച ഫോം തുടരുന്ന സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കുള്ള മടങ്ങി വരവിന് ഇനിയും സാധ്യതയുണ്ട്. അതിനാല്‍ തന്നെ പരമ്പരയില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യാനാകും താരത്തിന്റെ ലക്ഷ്യം. ഇന്ത്യയിൽ നടന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ മുഹമ്മദ് ഷമി അതിനുശേഷം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. ഈയിടെ വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിനുവേണ്ടി കളിച്ചുകൊണ്ട് മത്സരരംഗത്തേക്ക് തിരിച്ചെത്തിയ 34കാരൻ ചാമ്പ്യൻസ് ട്രോഫി ടീമിലുമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഫിറ്റ്‌നസും ഫോമും തെളിയിച്ചാലേ ചാമ്പ്യൻസ് ട്രോഫിയിൽ അർഹമായ പരിഗണന കിട്ടു.
ഇന്ത്യ ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍— അഭിഷേക് ശര്‍മ്മ സഖ്യമിറങ്ങും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ തിലക് വര്‍മ്മയോ കളിക്കും. ശേഷിക്കുന്ന ബാറ്റിങ് സ്ഥാനങ്ങള്‍ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറിയേക്കും. പ്രധാന ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തേക്കും. അക്‌സര്‍ പട്ടേലിന് സ്ഥാനക്കയറ്റവും നല്‍കിയേക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ഫിനിഷറുടെ റോളിലാണ് റിങ്കു സിങ് വീണ്ടും എത്തുന്നത്.
ടി20 ലോക ചാമ്പ്യന്മാരായ ഇന്ത്യയും നിലവില്‍ മികച്ച ഫോമിലുള്ള ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ലോകകപ്പിനുശേഷം 11 മത്സരങ്ങളിലാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്തത്. അതില്‍ ഏഴിലും സ്‌കോര്‍ 200 കടന്നിരുന്നു. 297, 283 എന്നിങ്ങനെയായിരുന്നു ഉയര്‍ന്ന സ്‌കോറുകള്‍. കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ അവസാനമായി ടി20 കളിച്ചത്. ഈ പരമ്പരയിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു നാലു മത്സരത്തിൽ രണ്ട് സെഞ്ചുറി നേടിയിരുന്നു.
ഇന്ത്യന്‍ടീം: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ധ്രുവ് ജുറേല്‍, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, നിതിഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.