5 October 2024, Saturday
KSFE Galaxy Chits Banner 2

ഇന്ത്യയിലെ ഭക്ഷ്യഎണ്ണ പ്രതിസന്ധി

ഡോ. ഗ്യാൻ പഥക് 
September 17, 2024 4:30 am

ന്ത്യയിലെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ഘടകമാണ് എണ്ണക്കുരു വിളകൾ. ഭക്ഷ്യവിളകളായ ധാന്യങ്ങളാണ് ഒന്നാംസ്ഥാനത്ത്. പക്ഷേ, 1990കളുടെ തുടക്കത്തിൽ ‘മഞ്ഞ വിപ്ലവ’ കാലത്ത് നേടിയ എണ്ണക്കുരുക്കളുടെ സ്വയംപര്യാപ്തത രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ വികലമായ നയങ്ങളാണ് തിരിച്ചടിയായത്. ഇറക്കുമതി പ്രോത്സാഹിപ്പിക്കുകയും എണ്ണക്കുരു കർഷകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന നിലപാട് പ്രതിസന്ധിക്ക് ആക്കം കൂട്ടി. രാജ്യത്ത് ആവശ്യമായ ഭക്ഷ്യഎണ്ണയുടെ 55–60 ശതമാനം ഇറക്കുമതിയിൽ ആശ്രയിക്കുന്നത് ‌ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും സാരമായ വെല്ലുവിളി ഉയർത്തുന്നുവെന്ന് ഏറ്റവും പുതിയ നിതി ആയോഗ് രേഖ ചൂണ്ടിക്കാട്ടുന്നു.
“ആത്മനിർഭർ ലക്ഷ്യത്തിലേക്ക് ഭക്ഷ്യഎണ്ണയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും തന്ത്രങ്ങളും” എന്ന തലക്കെട്ടിലുള്ള നിതി ആയോഗിന്റെ രേഖ, കഴിഞ്ഞ ദശകങ്ങളിൽ ഭക്ഷ്യഎണ്ണയുടെ പ്രതിശീർഷ ഉപഭോഗം ഗണ്യമായി വർധിച്ച് 19.7കിലോഗ്രാം (കിലോ/വർഷം) വരെ എത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. ഈ കുതിച്ചുചാട്ടം ആഭ്യന്തര ഉല്പാദനത്തെ മറികടക്കുകയും ആഭ്യന്തര ‑വ്യാവസായിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്തു. തൽഫലമായി, ഇറക്കുമതിയുടെ അളവ് 2022–23 ൽ 16.5 മെട്രിക്‌ടണ്ണായി ഉയർന്നു. ഏകദേശം 67ശതമാനമാണ് വർധന. നിലവിൽ ഭക്ഷ്യഎണ്ണയുടെ ആഭ്യന്തര ഉല്പാദനം 40–45 ശതമാനം മാത്രമാണ്. 

ബാഹ്യ സ്രോതസുകളെ അമിതമായി ആശ്രയിക്കുന്നത് രാജ്യത്തിന്റെ സ്വയംപര്യാപ്തതാ ലക്ഷ്യത്തിന് കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ആഗോളതലത്തില്‍ ഇന്ത്യ മികച്ചരീതിയിൽ മുന്നേറുന്നുവെന്ന അവകാശവാദത്തിന്റെ വിപരീതചിത്രമാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് കൈവരിച്ച സ്വയംപര്യാപ്തത നഷ്ടപ്പെട്ട്, ഭക്ഷ്യഎണ്ണയുടെ പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തിയത് പരിശോധിച്ചാല്‍ വളർച്ചാ അവകാശങ്ങളിലെ കാപട്യം വ്യക്തമാകും.
ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ആഗോള ഭക്ഷ്യഎണ്ണ മേഖലയിൽ ഒരു പ്രധാന ശക്തിയാണെന്നും യുഎസ്എ, ചൈന, ബ്രസീൽ എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണെന്നും നിതി ആയോഗിന്റെ രേഖ പറയുന്നു. ആഗോള എണ്ണക്കുരുക്കൃഷി വിസ്തൃതിയുടെ 15–20 ശതമാനം, സസ്യഎണ്ണ ഉല്പാദനത്തിന്റെ ഏഴ് ശതമാനം, ഉപഭോഗത്തിന്റെ 10 ശതമാനം എന്നിങ്ങനെ ഗണ്യമായ വിഹിതം രാജ്യം സംഭാവന ചെയ്യുന്നു. സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെയായിട്ടും ഇപ്പോഴും ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിന് ഗണ്യമായ ഇറക്കുമതി വേണ്ടിവരുന്നു.
തവിടെണ്ണയുടെ ഉല്പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ് (ആഗോള വിപണി വിഹിതത്തിന്റെ 46.8 ശതമാനം). അതുപോലെ, ആവണക്ക് ഉല്പാദനത്തിൽ 88.48 ശതമാനം ആഗോള വിഹിതത്തോടെ ഇന്ത്യയാണ് മുന്നിൽ. പരുത്തിയെണ്ണയില്‍ ചൈനയ്ക്ക് പിന്നില്‍ (28.41 ശതമാനം) രണ്ടാമതാണ്. നിലക്കടലയുടെയും എണ്ണയുടെയും കാര്യത്തിലും, യഥാക്രമം 18.69, 16.34 ശതമാനം വിഹിതത്തോടെ രണ്ടാം സ്ഥാനത്തുണ്ട്.

നാളികേരം, കൊപ്ര ഉല്പാദനത്തില്‍ ഇന്തോനേഷ്യക്കും ഫിലിപ്പീൻസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് രാജ്യം. എള്ളെണ്ണയുടെ കാര്യത്തില്‍ ചൈനയ്ക്കും മ്യാൻമറിനും തൊട്ടുപിന്നിൽ ഇന്ത്യയുണ്ട്. കടുക് ഉല്പാദനത്തില്‍ 13.72 ശതമാനമാണ് നമ്മുടെ ആഗോള വിഹിതം. കാനഡയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാംസ്ഥാനവുമുണ്ട്. കടുകെണ്ണയുടെ കാര്യത്തിലും നാലാം സ്ഥാനമുണ്ട്. സോയാബീൻ, സോയാ എണ്ണ എന്നിവ യഥാക്രമം 3.72, 2.14 ശതമാനം സംഭാവന ചെയ്യുന്ന ഇന്ത്യ, ലോകത്തിലെ അഞ്ചാമത്തെ വലിയ ഉല്പാദക രാജ്യമാണ്. ബ്രസീൽ, യുഎസ്എ, അർജന്റീന, ചൈന എന്നിവയാണ് ഒന്നുമുതല്‍ നാല് വരെ സ്ഥാനങ്ങളില്‍. ചണം ഉല്പാദനത്തില്‍ അഞ്ചാം സ്ഥാനത്തും എണ്ണയുല്പാദനത്തില്‍ ആറാം സ്ഥാനത്തുമാണ്. ചൈന, ബെൽജിയം, യുഎസ്എ, ജർമ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍.
വിവിധ എണ്ണക്കുരുക്കളുടെ ഉല്പാദനം ശക്തമാണെങ്കിലും പനയെണ്ണ, സൂര്യകാന്തിയെണ്ണ എന്നിവയുടെ കാര്യത്തില്‍ വലിയ വിടവ് നിലനിൽക്കുന്നുണ്ട്. ആഗോള വിപണിയിലേക്കുള്ള ഇവയുടെ സംഭാവനയിലെ കുറവ് മൊത്തത്തിലുള്ള മത്സരക്ഷമതയെ തടസപ്പെടുത്തുന്നു. സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഭക്ഷ്യഎണ്ണ വിപണിയിൽ സ്ഥാനം ഉയര്‍ത്തുന്നതിനും എണ്ണപ്പന, സൂര്യകാന്തി എന്നിവയുടെ ഉല്പാദനം വർധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾക്ക് മുൻഗണന നൽകണം. ഏറ്റവും വലിയ ആഗോള ഉല്പാദകരോടൊപ്പം സ്ഥാനം പിടിക്കുമ്പോഴും, മറ്റ് പ്രധാന രാജ്യങ്ങളെ അപേക്ഷിച്ച് വിളവുകളിലെ അസമത്വവും വ്യക്തമാണ്. ആവണക്ക് ഒഴികെയുള്ള എല്ലാ എണ്ണക്കുരുക്കളുടെയും ഉല്പാദനം രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കുറഞ്ഞിരിക്കുന്നു.

ദ്വിതീയ സ്രോതസുകളിൽ നിന്നുള്ള ഭക്ഷ്യഎണ്ണകളുടെ ഉല്പാദനത്തില്‍ അസന്തുലിതമായ ചിത്രമാണ് നിലവിലുള്ളത്. ആഗോളതലത്തിൽ പരുത്തിയുടെ രണ്ടാമത്തെ വലിയ ഉല്പാദകരായിരിക്കുമ്പോൾത്തന്നെ ആഭ്യന്തര വിളവ് കുറയുകയാണ്.
പ്രധാനമായും ജനിതകമാറ്റം വരുത്തിയ (ജിഎം) ഇനങ്ങളുടെ ഉപയോഗം മൂലമാണ് ആഗോള ഉല്പാദകർ ഇന്ത്യൻ എണ്ണക്കുരുക്കളെക്കാൾ ഉയർന്ന വിളവ് നേടുന്നത് എന്നതും ശ്രദ്ധേയമാണ്. എങ്കിലും, ഭക്ഷ്യഎണ്ണ ഉല്പാദനത്തിൽ നിലവിലുള്ള ശേഷികൾ പ്രയോജനപ്പെടുത്താനും വിളവിലെ ഇടിവ് ‌ നികത്താനുള്ള തന്ത്രങ്ങൾ നടപ്പിലാക്കാനും ഇന്ത്യക്ക് അവസരമുണ്ട്.
ഭക്ഷ്യ സസ്യഎണ്ണകൾക്കായുള്ള ആഗോള സമ്പദ്‌വ്യവസ്ഥ കാലക്രമേണ വികാസം കൈവരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 2024–25ലെ ഉല്പാദനത്തിൽ രണ്ട് ശതമാനം വർധനവോടെ 228 മെട്രിക് ടണ്ണിലെത്തുമെന്നാണ് പ്രവചനം. സോയാബീൻ, എണ്ണപ്പന, കടുകെണ്ണ ഉല്പാദനത്തിൽ ഗണ്യമായ പുരോഗതിയും സൂര്യകാന്തി വിത്തുല്പാദന വളർച്ചയും ഈ വർധനവിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ എണ്ണക്കുരു ഉല്പാദനം 1961 മുതൽ പതിന്മടങ്ങ് വർധിച്ചു. കാര്‍ഷികവിസ്തൃതി വർധിച്ചതോടൊപ്പം ഉല്പാദനവും വേഗത്തിൽ വളർന്നു. 1961ൽ ഹെക്ടറിന് 5.7 ടണ്‍ എന്നതില്‍ നിന്ന് 2022–23ൽ ഹെക്ടറിന് 13.16 ടൺ ആയി ഇരട്ടിയാണ് വര്‍ധന.

പാം ഓയിൽ, ഒലിവ് ഓയിൽ, വെളിച്ചെണ്ണ, പരുത്തിക്കുരു എന്നീ സസ്യ എണ്ണകളുടെ വളർച്ചാനിരക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പരമ്പരാഗത എണ്ണക്കുരുക്കളെ മറികടക്കുന്നു. 1980–81 മുതൽ 2022–23 വരെ കാലയളവിൽ എണ്ണക്കുരുക്കളുടെ കാര്‍ഷിക വിസ്തീർണം, ഉല്പാദനം, വിളവ് എന്നിവ യഥാക്രമം 0.90, 2.84, 1.91 ശതമാനം വളർച്ചാ നിരക്ക് കെെവരിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പുതിയ ദശകത്തിൽ ഉല്പാദനവും വിളവും യഥാക്രമം 2.12, 1.53 ശതമാനം വളർച്ച നേടി.
1991–2000 കാലഘട്ടത്തിൽ ഒഴികെ എല്ലാ ദശകങ്ങളിലും എണ്ണക്കുരുക്കളുടെ വിസ്തൃതിയില്‍ നല്ല വളർച്ചാപ്രവണതയാണ് ദൃശ്യമായത്. 2022–23ൽ ഇന്ത്യയുടെ ഉല്പാദനം 41.35 മെട്രിക് ടൺ എന്ന പുതിയ ഉയരത്തിലെത്തിയെന്നും റിപ്പോർട്ട് പറയുന്നു.
ഇത്രയും ആകർഷകമായ കണക്കുകളുണ്ടായിരുന്നിട്ടും, രാജ്യം ഗുരുതരമായ ഭക്ഷ്യഎണ്ണ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതിന് അടിയന്തര പരിഹാരം ആവശ്യമാണ്. സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള തന്ത്രവും മാര്‍ഗനിര്‍ദേശവും നിതി ആയോഗ് രേഖ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവ ആത്യന്തികമായി എങ്ങനെ നടപ്പിലാക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഫലപ്രാപ്തി.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.