Monday
22 Apr 2019

മിനിമം താങ്ങുവില പ്രഖ്യാപനം മറ്റൊരു ഉപകാരസ്മരണ

By: Web Desk | Thursday 13 September 2018 10:28 PM IST


പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ നരേന്ദ്രമോഡി സര്‍ക്കാര്‍ എണ്ണക്കുരുകള്‍, പയര്‍ വര്‍ഗങ്ങള്‍, കൊപ്ര എന്നിവയ്ക്ക് താങ്ങുവില ഉറപ്പുനല്‍കാന്‍ 15,053 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനവുമായി രംഗത്ത്. പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ്‍ അഭിയാന്‍ (പിഎം-ആശാ) എന്ന പേരില്‍ സംരക്ഷണ പദ്ധതിക്ക് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കിയതായി ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. നിലവിലുള്ള കാര്‍ഷികോല്‍പന്ന സംഭരണ പദ്ധതികള്‍ക്ക് പുറത്ത്, എണ്ണക്കുരുക്കള്‍ക്കും കൊപ്രക്കും കൂടുതല്‍ സംഭരണ സാധ്യതകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ പദ്ധതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. സംഭരണത്തില്‍ ഏര്‍പ്പെടുന്ന ഏജന്‍സികള്‍ക്ക് 16,550 കോടി രൂപയുടെ വായ്പാ ലഭ്യതയും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു. പദ്ധതിക്ക് മോഡിപക്ഷ മാധ്യമങ്ങള്‍ വന്‍ പ്രചാരം നല്‍കുമ്പോഴും അതെപ്പറ്റി കാര്‍ഷിക- സാമ്പത്തിക വിദഗ്ധര്‍ സന്ദേഹം മറച്ചുവയ്ക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ 23 കാര്‍ഷിക വിളകള്‍ക്ക് വര്‍ഷംതോറും മിനിമം താങ്ങുവില പ്രഖ്യാപിക്കുന്നത് പതിവാണ്. ഇക്കൊല്ലം കൂലിചെലവടക്കം ഉല്‍പാദന ചെലവിന്റെ 50 ശതമാനം അധികം താങ്ങുവിലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ക്ക് ആദായവിലയും അല്‍പം ലാഭവും അതുവഴി ഉറപ്പുവരുത്താനാകുമെന്നായിരുന്നു അവകാശവാദം. നെല്ലിന്റെയും ഗോതമ്പിന്റെയും കാര്യത്തില്‍ ഇത് ഒരു പരിധിവരെ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കും. കാരണം അവയുടെ മൂന്നിലൊന്ന് റേഷന്‍ വിതരണശൃംഖലയിലൂടെ വില്‍പനയ്ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് സംഭരിക്കുന്നതാണ്. എന്നാല്‍ മറ്റ് 21 ഇനം വിളകളുടെയും സ്ഥിതി വ്യത്യസ്തമാണ്. കര്‍ഷകര്‍ക്ക്, പ്രതേ്യകിച്ചും നാമമാത്ര- ഇടത്തരം കര്‍ഷകര്‍ക്ക്, താങ്ങുവില പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നതാണ് യഥാര്‍ഥ്യം. കാരണം, അവരുടെ ഉല്‍പന്നങ്ങള്‍ പ്രഖ്യാപിത താങ്ങുവിലയ്ക്ക് സംഭരിക്കുന്നതിന് യാതൊരു സംവിധാനവും നിലവിലില്ല. അതുകൊണ്ടുതന്നെ മോഡി സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പായി അവശേഷിക്കുമെന്ന ആശങ്ക ശക്തമാണ്.

താന്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങളുടെ സംഭരണവിലയുടെ 50 ശതമാനം ലാഭമാകുംവിധം മിനിമം താങ്ങുവില നിശ്ചയിക്കുമെന്നത് നരേന്ദ്രമോഡി കര്‍ഷര്‍ക്ക് നല്‍കിയ സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. മോഡി വാഴ്ച നാലരവര്‍ഷം പിന്നിടുമ്പോഴും കൃത്യമായ ഇടവേളകളിലുള്ള പ്രഖ്യാപനങ്ങള്‍ക്കപ്പുറം കര്‍ഷകരുടെ ദൈനംദിന ജീവിതത്തില്‍ അനുകൂല പ്രതിഫലനം സൃഷ്ടിക്കാവുന്ന യാതൊന്നും കാഴ്ചവയ്ക്കാന്‍ ബിജെപി- എന്‍ഡിഎ ഭരണത്തിന് ആയിട്ടില്ല. മാത്രമല്ല, അത്തരം പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന സമീപനങ്ങളാണ് ഉത്തരവാദപ്പെട്ട ഭരണവൃത്തങ്ങളില്‍ നിന്നുതന്നെ ഉണ്ടാവുന്നത്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചതിന്റെ കുറഞ്ഞ വില പോലും ലഭിക്കാത്ത കരിമ്പു കര്‍ഷകരോട് യുപി മുഖ്യമന്ത്രി മറ്റ് കൃഷികളിലേക്ക് തിരിയാന്‍ ഉപദേശിച്ചതു തന്നെ ഇതിന്റെ ഉത്തമദൃഷ്ടാന്തമാണ്. പഞ്ചസാര പ്രമേഹത്തിന് കാരണമാകുമെന്നതിനാല്‍ കരിമ്പു കൃഷി ഉപേക്ഷിക്കാനാണ് യുപിയിലെ കര്‍ഷകരോട് മുഖ്യമന്ത്രി ആദിത്യനാഥ് ആഹ്വാനം ചെയ്തത്! ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും ഉല്‍പാദനചിലവിന്റെ കുതിച്ചുയരലും പ്രതിസന്ധിയിലാക്കിയ കര്‍ഷകര്‍ രാജ്യത്തുടനീളം പ്രക്ഷോഭത്തിന്റെ പാതയിലാണ്. കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നുനല്‍കുന്നതിനെക്കാള്‍ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ പിന്തുടരുന്നത്. കര്‍ഷകരുടെ ആത്മഹത്യ അംഗീകരിക്കാന്‍ തന്നെ വിസമ്മതിക്കുന്ന ഭരണകൂടത്തിന്റെ അതു സംബന്ധിച്ച കണക്കുകള്‍ ഉദ്ധരിക്കുന്നത് അര്‍ഥശൂന്യവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്. കാര്‍ഷിക പ്രതിസന്ധി അതീവ രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷക, ഗ്രാമീണ ജനതകളെ കബളിപ്പിക്കുക മാത്രമാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെയും ലക്ഷ്യം.

ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെ ലക്ഷ്യം 2022ഓടെ കര്‍ഷക വരുമാനം ഇരട്ടിയാക്കലാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍സിങ് അടക്കം പലരും വാചാലരാകുന്നുണ്ട്. എന്നാല്‍ വസ്തുതകള്‍ നല്‍കുന്നത് മറിച്ചൊരു ചിത്രമാണ്. ഇപ്പോഴത്തെ പ്രഖ്യാപനം കൊപ്രയേയും എണ്ണക്കുരുക്കളേയും ലക്ഷ്യം വച്ചുള്ളതാണ്. ദേശീയതലത്തില്‍ എണ്ണക്കുരുക്കളുടെയും കൊപ്രയുടെയും പയര്‍വര്‍ഗങ്ങളുടെയും സംഭരണചുമതലയുള്ള ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷ(നാഫെഡ്)ന്റെ പക്കല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സംഭരിച്ചിട്ടുള്ള നാല് ദശലക്ഷം ടണ്‍ ഉല്‍പന്നങ്ങളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. അത് വിതരണം ചെയ്യുന്നതിന് യാതൊരു നയപരിപാടിയും നിലവിലില്ല. അങ്ങനെ വരുമ്പോള്‍ ഏതാണ്ട് 30 ശതമാനം നഷ്ടം സഹിച്ച് പുതിയ സംരംഭത്തിന് ആരാണ് മുതിരുക? സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടുത്തി സംഭരണം നടത്തുന്ന പദ്ധതിയാണ് മോഡി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അത് ഫലത്തില്‍ സ്വകാര്യ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ പൊതുഖജനാവില്‍ നിന്നും അടിച്ചുമാറ്റാനുള്ള അവസരം മാത്രമാണ് ഒരുക്കുക. കര്‍ഷകരുടെ പേരില്‍ തങ്ങളെ അധികാരത്തിലേറ്റിയ വാണിജ്യ താല്‍പര്യങ്ങളോടുള്ള ഉപകാരസ്മരണ മാത്രമായേ ഈ മിനിമം താങ്ങുവില പ്രഖ്യാപനത്തേയും കാണാനാവൂ.

Related News