Wednesday
20 Feb 2019

അവഗണിക്കേണ്ട സമയം

By: Web Desk | Saturday 1 December 2018 10:03 PM IST

ജനങ്ങളില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നതിന് മറ്റൊരു പോംവഴിയും ഇല്ലായെന്ന് മനസിലാക്കി വിസ്മൃതിയിലായ ബാബറി മസ്ജിദ്- രാമജന്മഭൂമി വിഷയം ഹിന്ദുത്വ സംഘടനകള്‍ വീണ്ടും സജീവമാക്കി. തങ്ങളുടെ ചൊല്‍പ്പടിയിലുള്ള മാധ്യമങ്ങളെ കൂട്ടുപിടിച്ച് സംഘപരിവാര്‍ സംഘടനകള്‍ രാമജന്മഭൂമി പ്രശ്‌നത്തില്‍ പ്രചാരണം നടത്തി ജനങ്ങളുടെ വൈകാരികതയെ ഉണര്‍ത്തുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മഹാപരിഷത്ത് സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്തും മറ്റ് വര്‍ഗീയ സംഘടനകളും പ്രഖ്യാപിച്ചു. 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ ഗുണ്ടകള്‍ ബാബറി മസ്ജിദ് തകര്‍ത്തത്.
അയോധ്യയില്‍ തികച്ചും ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പരാമര്‍ശങ്ങളും പ്രസ്താവനകളുമാണ് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ നടത്തുന്നത്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നു. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച മഹാപരിഷത്തിന് മുന്നേ എന്തും സംഭവിക്കുമെന്ന അവസ്ഥ സൃഷ്ടിച്ചു. ബാബറി മസ്ജിദ് വിഷയത്തില്‍ നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരിന്റെ സ്വാധീനം സുപ്രിം കോടതി ജഡ്ജിമാരിലുണ്ടെന്ന ആരോപണവും മോഡി ഉന്നയിച്ചു. ഇതാണ് കേസിന്റെ അന്തിമ തീരുമാനം വൈകുന്നതിന്റെ കാരണമെന്നും മോഡി വ്യക്തമാക്കി. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് സംഘപരിവാറിലെ മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. അല്ലെങ്കില്‍ ഭരണപരമായ ഉത്തരവിറക്കണം. നിലവില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് നിയമതടസങ്ങള്‍ ഇല്ലെന്ന സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ബോധപൂര്‍വമായ ഈ പ്രചരണങ്ങള്‍. അയോധ്യയെന്ന് അടുത്തിടെ നാമകരണം ചെയ്ത ഫൈസാബാദില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായി. കാണ്‍പൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ വര്‍ഗീയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത് കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുമെന്ന വ്യാജപ്രചാരണവും നടന്നു.
എന്നാല്‍ വിഎച്ച്പി നടത്തിയ സമ്മേളനം പൂര്‍ണ പരാജയമായിരുന്നു. അമ്പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് മഹാപരിഷത്തിന് എത്തിയത്. പ്രദേശവാസികള്‍ സമ്മേളനം ബഹിഷ്‌കരിച്ചു. ഒരു ലക്ഷം പേര്‍ക്കായി തയ്യാറാക്കിയിരുന്ന ഉച്ചഭക്ഷണ പൊതികള്‍ അയോധ്യയിലെ തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ടു. മഹാപരിഷത്ത് പരാജയമാണെന്ന വസ്തുത മറച്ചുവയ്ക്കാന്‍ സര്‍ക്കാരും സംഘപരിവാറും മാധ്യമങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഹിന്ദുത്വവാദികള്‍ നടത്തുന്ന വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനകള്‍ സാധാരണ ജനങ്ങള്‍ സ്വീകരിച്ചില്ലെന്നതാണ് മഹാപരിഷത്തിന്റെ പരാജയം വ്യക്തമാക്കുന്നത്.
ബിജെപിയും സംഘപരിവാറും തങ്ങളുടെ വര്‍ഗീയ അജണ്ട ഉപേക്ഷിച്ചുവെന്ന് ഇതിന് അര്‍ഥമില്ല. മറ്റെല്ലാ മാര്‍ഗവും അടഞ്ഞ അവസ്ഥയില്‍ വീണ്ടും അധികാരത്തിലെത്താന്‍ വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ തുടരുകതന്നെ ചെയ്യും. രാജ്യത്തെ മതേതര ജനാധിപത്യ സംവിധാനത്തേയും ഭരണഘടനയേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഇക്കൂട്ടര്‍ മുന്നോട്ട് പോകും. രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ മതേതര ജനാധിപത്യ ഭരണഘടനാ സംവിധാനങ്ങള്‍ ഗുരുതരമായ ഭീഷണി നേരിടുന്നതായി അയോധ്യയില്‍ മഹാപരിഷത്ത് നടന്ന ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആശയകുഴപ്പവും അരാജകത്വവും ആയിരിക്കും സൃഷ്ടിക്കുകയെന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ഇത് സമയോചിതമായ ഒരു മുന്നറിയിപ്പാണ്. ദൗര്‍ഭാഗ്യവശാല്‍ മതേതര ജനാധിപത്യ ശക്തികള്‍ ഇതിനെ അര്‍ഹമായ പ്രാധാന്യത്തോടെ സ്വീകരിക്കുന്നില്ല. യഥാര്‍ഥ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളെ മറച്ചുവയ്ക്കുന്നതിനുള്ള ഒരു ഉത്തമോപാധിയാണ് വൈകാരിക രാഷ്ട്രീയവും രാഷ്ട്രീയത്തിലെ വൈകാരികതയേയും ബിജെപിയും സംഘപരിവാറും ഉപയോഗിക്കുന്നത്.
ഈ ആഴ്ച്ചയാണ് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനം. ബാബറി മസ്ജിദിന്റെ തൂണുകള്‍ തകര്‍ത്തതിനൊപ്പം രാജ്യത്തെ ജനാധിപത്യം, ഭരണഘടന, നിയമവാഴ്ച്ച എന്നിവയുടെ സ്തംഭങ്ങളും തകര്‍ത്തു. ജുഡീഷ്യറിയുടെ പരമാധികാരം, ഭരണഘടന എന്നിവയെപോലും തകര്‍ത്തു. നമ്മുടെ മതേതര ജനാധിപത്യ ഭരണഘടനയുടെ പ്രാധാന്യം ഊട്ടിഉറപ്പിക്കേണ്ടത് അനിവാര്യമാണ്. അദ്യപടിയായി ബാബറി മസ്ജിദ് തകര്‍ത്ത ഗൂഢാലോചനയില്‍ പങ്കെടുത്തവരേയും അതിന്റെ ഭാഗമായവരേയും ശിക്ഷിക്കണം. ഇതില്‍ ചില കുറ്റവാളികള്‍ അവരുടെ കുറ്റകൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നു. ക്രിമിനല്‍ സ്വഭാവമുള്ള പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ സുപ്രിം കോടതി സ്വമേധയാ കേസെടുക്കണം. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ അടിയന്തരമായി സുപ്രിം കോടതി പരിഗണിക്കണം.
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള സുപ്രിം കോടതി നിലപാട് വ്യക്തമാക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുപ്രിം കോടതി അന്തിമ തീരുമാനം കൈക്കൊള്ളണം. മറ്റുള്ള എല്ലാ അവകാശവാദങ്ങളും കേവലം ഭാവനയാണെന്നും ഇതില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്ന കാര്യവും വ്യക്തമാക്കണം.
മറ്റെല്ലാ അവകാശവാദങ്ങളും അവഗണിക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള ഹിന്ദുത്വവാദികള്‍ നടത്തുന്ന വിഡ്ഢിത്തങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിയമ നടപടികള്‍ സുപ്രിം കോടതി സ്വീകരിക്കണം. യഥാര്‍ഥ സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ടെന്ന് മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍പോലും ധിക്കരിച്ചതിന് നിയമ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിം കോടതി തയ്യാറാകണം.