ബില്‍ക്കിസ് ബാനു സമൂഹം ഉറപ്പാക്കേണ്ട നീതി

Web Desk
Posted on April 25, 2019, 10:13 pm

ഭരണകൂടഭീകരതക്കെതിരെ കരളുറപ്പോടെ 17 വര്‍ഷം പോരാടിയ ബില്‍ക്കിസ് ബാനുവിനൊപ്പം നീതി സഞ്ചരിക്കുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യമനസും ആശ്വസിക്കുകയാണ്. ശിരസുനമിച്ച് അഭിവാദ്യം അര്‍പ്പിച്ച് ചേര്‍ന്നു നില്‍ക്കുന്നു.

എങ്ങനെ 17 കൊല്ലം നീണ്ട പോരാട്ടം നടത്താനുള്ള മനശക്തിയുണ്ടായെന്ന ചോദ്യത്തിന് മാതാപിതാക്കളും മകളും കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട തനിക്ക് നഷ്ടപ്പെടാന്‍ മറ്റെന്താണുണ്ടായിരുന്നതെന്നാണ് ബില്‍ക്കിസ് തിരിച്ചുചോദിക്കുന്നത്. വൈകിയാലും നീതി ഉറപ്പുണ്ടായിരുന്നു. ജൂഡീഷ്യറിയിലും നിയമ വ്യവസ്ഥയിലും വിശ്വസിച്ചു. തന്റെ ക്ലേശവും വേദനയും മനസിലാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇരകളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ അവര്‍ തനിക്കൊന്നും ചെയ്തുതന്നില്ല. സ്വപ്‌നങ്ങള്‍ തച്ചുതകര്‍ത്തു. തന്റെ വിജയം നിരവധി സ്ത്രീകളുടെ വിജയമാണ്,ബില്‍ക്കിസ് ബാനു ആവര്‍ത്തിക്കുമ്പോള്‍ സ്ത്രീത്വം അഭിമാനിക്കുകയാണ്.

2002 മാര്‍ച്ച് മൂന്നിന് രാജ്യത്തിന്റെ മാറിലെ ഉണങ്ങാത്ത വ്രണമായ ഗുജറാത്ത് വംശഹത്യയില്‍ വേട്ടക്കാരുടെ കൊടുംക്രൂരതകള്‍ക്ക് ഇരയാക്കപ്പെടുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് 19 വയസേ ഉണ്ടായിരുന്നുള്ളൂ. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു അവര്‍. മൂന്നുവയസുകാരിയായ മകളെ സംഘപരിവാര്‍ കൊലയാളികള്‍ കല്ലില്‍ തലയടിച്ചു കൊല്ലുന്നതു നേരില്‍ കണ്ടുനില്‍ക്കേണ്ടിവന്നു. തുടര്‍ന്ന് 22 തവണ അവര്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഒടുവില്‍ ദണ്ഡുകൊണ്ട് തലയില്‍ ആഞ്ഞടിച്ച് കുറ്റിക്കാട്ടിലേക്ക് ചുരുട്ടി എറിയുമ്പോള്‍ അവര്‍ അതിജീവിക്കും എന്ന് കൊലയാളികള്‍ കരുതിയില്ല.

ബന്ധുക്കളുടെയും പ്രിയ കുഞ്ഞിന്റെയും ചുടുചോരയുടെ ഗന്ധം പ്രജ്ഞയെ ചൂഴുമ്പോഴും മാനസികവും ശാരീരികവുമായ വ്യഥയില്‍ ബില്‍ക്കിസ് അടുത്തദിവസം പൊലീസ് സ്റ്റേഷനില്‍ എത്തി സംഭവം വിവരിച്ചു.പൊലീസ് ഒന്നും കേട്ടില്ല.പ്രതികള്‍ക്കൊപ്പമായിരുന്നു പൊലീസ്,അല്ല പൊലീസ് പ്രതികളായിരുന്നു.ബില്‍ക്കിസ് പിന്മാറിയില്ല.നിയമവഴികളില്‍ അഭയം തേടി.
മതതീവ്രവാദികളുടെ കൊടും ഭീകരതയ്ക്ക് ഇരയായ ബില്‍ക്കിസിന്റെ നിയമപോരാട്ടം 17 വര്‍ഷങ്ങള്‍ കഴിയുന്നു. സുപ്രീംകോടതിയില്‍നിന്ന് അനുകൂലമായി ഒരു വിധികൂടി നേടാന്‍ അവര്‍ക്കായി. ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും താമസസൗകര്യവും ഒരുക്കണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു.
വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യും ജസ്റ്റിസ് ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകനോട് തുറന്ന കോടതിയില്‍ പറഞ്ഞു
”സര്‍ക്കാരിനെതിരെ ഉത്തരവില്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ല എന്നത് ഒരു ഭാഗ്യമായി കരുതിയാല്‍ മതി” .നിയമസംവിധാനത്തെത്തന്നെ നോക്കുകുത്തിയാക്കി, ഈ കേസിലെ കൊടുംപാതകികളായ പ്രതികളെ രക്ഷിക്കാന്‍ തീവ്രശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. കോടതി ഇക്കാര്യങ്ങള്‍ മറക്കുന്നില്ല. കേസില്‍ കൃത്യവിലോപം കാട്ടിയതിനും തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും സംരക്ഷിക്കാന്‍ അവസാന നിമിഷംവരെ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചു. ഒടുവില്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ ശേഷമാണ് അവര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറായത്.

ഗുജറാത്തിലേത് വെറും കലാപമായിരുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ന്യൂനപക്ഷസമുദായത്തിനെതിരെ നടത്തിയ കൂട്ടക്കൊലയായിരുന്നു അതെന്നുമുള്ള വസ്തുത രാജ്യത്തിനൊപ്പം പരമോന്നത കോടതിയും പറയാതെ പറയുകയായിരുന്നു.
എത്ര ഹീനമായാണ് കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നതെന്ന് കേസിന്റെ നാള്‍വഴികള്‍ ചൂണ്ടിക്കാട്ടുന്നു.ബലാത്സംഗത്തിനെതിരെ ബില്‍ക്കിസ് ബാനു നേരിട്ട് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കൊപ്പം നടന്ന പൊലീസ് ഒരുകൊല്ലം കഴിഞ്ഞ് ബില്‍ക്കിസ് ബാനുവിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന വാദവുമായി മജിസ്‌ട്രേട്ട് കോടതിയിലെത്തി. കോടതി കേസ് തള്ളി. ബില്‍ക്കിസ് ബാനു ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കോടതിവിധിയനുസരിച്ച് കേസ് സിബിഐ അന്വേഷിച്ചു. പ്രതികള്‍ക്ക് കുറ്റപത്രം നല്‍കി. തുടര്‍ന്ന് നിരന്തരം ഭീഷണിയായി. 20 തവണ അവര്‍ വീട് മാറി. വീണ്ടും സുപ്രീംകോടതിയിലെത്തിയാണ് വിചാരണ മുംബൈയിലേക്ക് മാറ്റിയത്. അവിടെ വിചാരണക്കോടതി ഇരുപതില്‍ 13 പ്രതികളെ ശിക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും വെറുതെവിട്ടു. തുടര്‍ന്ന് ബാനു ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി . വെറുതെവിട്ടവരും കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി. 2017ല്‍ ആ വിധി വന്നിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ല. ബാനു സുപ്രീംകോടതിയെ വീണ്ടും സമീപിച്ചു. നടപടിയെടുത്ത് രണ്ടാഴ്ചയ്ക്കകം കോടതിയെ അറിയിക്കാന്‍ സുപ്രീം കോടതി 2019 മാര്‍ച്ച് 29 ന് ഗുജറാത്ത് സര്‍ക്കാരിന് അന്ത്യശാസനം നല്‍കേണ്ടിവന്നു.അതുകൊണ്ടാണ് തുറന്ന കോടതിയില്‍ ജഡ്ജിമാര്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ എല്ലാം പറയാതെ പറഞ്ഞത്.ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ചിലരൊക്കെ ശിക്ഷിക്കപ്പെട്ടത് പലവട്ടം സുപ്രീംകോടതിയുടെ ഇടപെടല്‍ കൊണ്ടു മാത്രമായിരുന്നു.

കുറ്റവാളികളെ ഭരണകൂടങ്ങള്‍ സംരക്ഷിക്കുമ്പോള്‍ നീതിപീഠത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നു ബില്‍ക്കിസ് ബാനുവിന് കൈവന്ന നീതി. എന്നാല്‍ നഷ്ടപരിഹാരം ലഭിച്ചതുകൊണ്ടു മാത്രം ബില്‍ക്കിസിനു നീതി ലഭിച്ചോ എന്ന ചോദ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതിയും ഉന്നയിച്ചിരുന്നു. ചോദ്യങ്ങള്‍ക്കു നേരെ മുഖംതിരിക്കാതെ വര്‍ഗ്ഗീയത അതിന്റെ പണിശാലകളില്‍ നിരപരാധികളെ കോര്‍ക്കാന്‍ ആയുധങ്ങള്‍ തീര്‍ക്കുമ്പോള്‍ ജാഗ്രതയോടെ ജനാധിപത്യ പോരാട്ടത്തിന് സജ്ജരാകാനും ബില്‍ക്കിസ് ബാനു നിയമവഴികളില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.