Saturday
23 Feb 2019

ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും ജനങ്ങളുടെ അറിയാനുള്ള അവകാശവും വെല്ലുവിളിക്കപ്പെടുന്നു

By: Web Desk | Wednesday 8 August 2018 10:29 PM IST


രാജ്യം അപ്രഖ്യാപിത മാധ്യമ സെന്‍സര്‍ഷിപ്പിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. പ്രമുഖ ഹിന്ദി വാര്‍ത്താചാനലായ എബിപിയുടെ മൂന്ന് മുതിര്‍ന്ന പ്രവര്‍ത്തകര്‍ പുറത്തുപോകേണ്ടി വന്ന സംഭവവും അതിനുപിന്നില്‍ മോഡിസര്‍ക്കാരും ബിജെപി-സംഘ്പരിവാര്‍ നേതൃത്വവും നടത്തിയ സമ്മര്‍ദ്ദ തന്ത്രവും അതാണ് സ്ഥിരീകരിക്കുന്നത്. എബിപി എഡിറ്റര്‍ ഇന്‍ ചീഫ് മിലിന്ദ് ഖണ്ഡേക്കര്‍, ആങ്കര്‍ പുണ്യ പ്രസൂണ്‍ ബാജ്‌പേയ്, സീനിയര്‍ ആങ്കര്‍ ആഭിസര്‍ ശര്‍മ്മ എന്നിവര്‍ക്ക് ചാനല്‍ വിട്ടു പുറത്തുപോകേണ്ടി വന്നതിനെപ്പറ്റി ഓഗസ്റ്റ് നാലിലെ ജനയുഗം വാര്‍ത്ത നല്‍കിയിരുന്നു. താന്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിച്ച് പുണ്യ പ്രസൂണ്‍ ‘ദി വയര്‍’ വാര്‍ത്തപോര്‍ട്ടലില്‍ എഴുതിയ വിശദമായ കുറിപ്പ് ഏറെ നാളുകളായി മാധ്യമ വിമര്‍ശനങ്ങളെ തകര്‍ക്കാന്‍ മോഡി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന കുത്സിത തന്ത്രങ്ങള്‍ തുറന്നു കാട്ടുന്നവയാണ്. മാധ്യമങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യാനും വഴങ്ങാത്തവയെ ശിക്ഷിക്കാനും കൃത്യമായ ഔദ്യോഗിക സംവിധാനത്തിനും പ്രവര്‍ത്തന പദ്ധതിക്കും മോഡി ഭരണകൂടം രൂപം നല്‍കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ അന്നത്തെ ഭരണകൂടം പരസ്യമായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ വ്യത്യാസം അത്തരം ശ്രമങ്ങള്‍ നിഗൂഢമാണെന്നതും നിയമവിരുദ്ധ ഫാസിസ്റ്റ് സ്വഭാവസവിശേഷതകളോട് കൂടിയതാണെന്നതുമാണ്. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ദൃശ്യമാധ്യമങ്ങളും ഇന്റര്‍നെറ്റ് അധിഷ്ഠിത വാര്‍ത്താപോര്‍ട്ടലുകളും പ്രചുരപ്രചാരം സ്ഥാപിച്ചുകഴിഞ്ഞ ഇന്ന് അത്തരം സെന്‍സര്‍ഷിപ്പ് ശ്രമങ്ങള്‍ സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും ഊഹിക്കാവുന്നതേയുള്ളു. സാമാന്യജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന വാര്‍ത്താ ചാനലുകള്‍ മോഡി സ്തുതിപാഠകരാവുകയോ അതല്ലെങ്കില്‍ മോഡിയെക്കുറിച്ച് സമ്പൂര്‍ണ നിശബ്ദത പാലിക്കുകയോ വേണമെന്നതാണ് അവസ്ഥ. ഭരണകൂടത്തിന് ഓശാന പാടുന്നവര്‍ക്ക് പ്രശ്‌നമേതുമില്ല. ഭരണകൂട വിമര്‍ശനം ഫലത്തില്‍ മോഡിയെ പരാമര്‍ശിക്കാതെ സാധ്യവുമല്ല. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച 106 പദ്ധതികളുടെയും ഔപചാരിക പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നേരിട്ടാണ്. അതുകൊണ്ടുതന്നെ അവയെപ്പറ്റിയുള്ള വിലയിരുത്തലുകളിലും വിമര്‍ശനങ്ങളിലും പ്രധാനമന്ത്രിയുടെ പേരോ പ്രതിച്ഛായയോ ഒഴിവാക്കുക അസാധ്യമാണ്.
ജൂണ്‍ 20 ന്റെ പ്രധാനമന്ത്രിയുടെ ‘മന്‍കി ബാത്തി’ല്‍ ഛത്തീസ്ഗഡിലെ കാന്‍കേര്‍ ജില്ലയിലെ ചന്ദ്രമണി കൗശിക് എന്ന കര്‍ഷക വനിത തന്റെ വരുമാനം ഇരട്ടിയായതായി അവകാശപ്പെടുകയുണ്ടായി. എബിപിയുടെ ജനപ്രിയ വാര്‍ത്താധിഷ്ഠിത ‘മാസ്റ്റര്‍ സ്‌ടോക്’ ഷോയില്‍ ആങ്കര്‍ പുണ്യാപ്രസൂണ്‍ ആ അവകാശവാദം പൊളിച്ചടുക്കി. ഉദ്യോഗസ്ഥര്‍ പറഞ്ഞുപഠിപ്പിച്ചതനുസരിച്ചാണ് താന്‍ പറഞ്ഞതെന്നും യഥാര്‍ഥ വസ്തുത അത്യന്തം പരിതാപകരമാണെന്നും ചന്ദ്രമണിയും അവര്‍ക്കൊപ്പം സ്വാശ്രയ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും തുറന്നു സമ്മതിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ഭരണകൂട അവകാശവാദങ്ങളും നുണകളും തുറന്നുകാട്ടിയതാണ് എബിപി പ്രവര്‍ത്തകര്‍ക്ക് വിനയായത്. രാജ്യത്തെ ദൃശ്യമാധ്യമങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും മാത്രമായി ഒരു ഇരുന്നൂറംഗ നിരീക്ഷക സംഘം തന്നെ മോഡിഭരണത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതില്‍ 150 പേര്‍ നിരന്തരം ചാനലുകള്‍ നിരീക്ഷിക്കുന്നു. 25 പേരടങ്ങിയ സംഘം ചാനലുകള്‍ എങ്ങനെ വാര്‍ത്ത നല്‍കണമെന്നതിനു രൂപം നല്‍കുന്നു. ബാക്കിവരുന്ന ഇരുപത്തഞ്ചംഗ സംഘം അന്തിമ ഉള്ളടക്കം വിശകലനം ചെയ്യുന്നു. ഇവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്താ-പ്രക്ഷേപണ വകുപ്പിലെ മൂന്ന് ഡപ്യൂട്ടി സെക്രട്ടറിമാര്‍ ചുമതലയുള്ള മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പത്രാധിപന്മാര്‍ക്കും ചാനല്‍ ഉടമകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. തികച്ചും ആസൂത്രിതമായ സെന്‍സര്‍ഷിപ്പ് സംവിധാനമാണ് മോഡി ഭരണത്തില്‍ ഒരുക്കിയിരിക്കുന്നത്. പിഎംഒ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കുളള പരസ്യ സ്രോതസുകള്‍ അടച്ചും സംപ്രേഷണം തടസപ്പെടുത്തിയും ചാനലുകളെ സമ്മര്‍ദ്ദത്തിലാക്കി കീഴടക്കി വരുതിയിലാക്കുന്ന ജനാധിപത്യവിരുദ്ധ സംവിധാനമായി ഈ സെന്‍സര്‍ഷിപ്പിനെ വികസിപ്പിക്കുകയാണ് ഭരണകൂടം ചെയ്തിരിക്കുന്നത്.

എബിപിയുടെ കാര്യത്തില്‍ വിവാദ സംപ്രേഷണത്തെ തുടര്‍ന്ന് ബാബാ രാംദേവിന്റെ പതജ്ഞലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ പൊടുന്നനെ പിന്‍വലിക്കപ്പെട്ടു. പുണ്യ പ്രസൂണിന്റെ ‘മാസ്റ്റര്‍ സ്‌ടോക്കി’ന്റെ ഉപഗ്രഹ സംപ്രേഷണം നിരന്തരമായി തടസപ്പെടുത്തി. ചാനലിന്റെ നിലനില്‍പുതന്നെ അപകടത്തിലായ സാഹചര്യത്തിലാണ് മോഡിസര്‍ക്കാരിന്റെ കണ്ണിലെ കരടായ മാധ്യമപ്രവര്‍ത്തകര്‍ രാജിവച്ച് പുറത്തുപോകാന്‍ നിര്‍ബന്ധിതരായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന പ്രണോയ് റോയിയുടെ എന്‍ഡിടിവിക്കും സമാനമായ ഭീഷണി നേരിടേണ്ടിവന്നിരുന്നു. മോഡി ഭരണത്തെയും അതിന്റെ വികലനയങ്ങളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഓരോന്നും ദ്രോഹനടപടികള്‍ക്ക് ഇരയാവുന്നത് പതിവായിരിക്കുന്നു. ജനാധിപത്യവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും ജനങ്ങളുടെ അറിയാനുള്ള അവകാശവുമാണ് മാധ്യമ സെന്‍സര്‍ഷിപ്പിലൂടെ വെല്ലുവിളിക്കപ്പെടുന്നത്.