Wednesday
20 Feb 2019

ഇന്ത്യ – റഷ്യ കരാര്‍ അമേരിക്കയ്ക്ക് തിരിച്ചടി

By: Web Desk | Monday 8 October 2018 10:35 PM IST

മേരിക്കയുടെ ഭീഷണിക്കു വഴങ്ങി രാജ്യതാല്‍പര്യം ബലികഴിക്കാന്‍ തയ്യാറല്ലെന്ന സന്ദേശം ലോകത്തിനുമുന്നില്‍ വയ്ക്കുന്ന കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ച കരാറുകളുമായും വാണിജ്യ, പ്രതിരോധ കൊടുക്കല്‍ വാങ്ങലുകളുമായും മുന്നോട്ടുപോകുന്നതിന് തടസംനില്‍ക്കാന്‍ ആരു ശ്രമിച്ചാലും വിലപോകില്ലെന്ന് വ്യക്തമാക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനം. തങ്ങള്‍ക്കിഷ്ടമില്ലാത്ത രാജ്യങ്ങള്‍ക്ക് ക്രൂരമായ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയെ പുതിയ സംഭവവികാസങ്ങള്‍ ഇരുത്തി ചിന്തിപ്പിക്കും. ഇന്ത്യ – റഷ്യ സൗഹൃദബന്ധങ്ങളില്‍ ഉണ്ടായിരുന്ന പുരോഗതി അമേരിക്കയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കേണ്ടതാണ്.
റഷ്യയില്‍ നിന്ന് 5.43 ബില്യണ്‍ ഡോളറിന്റെ 5 എസ് – 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനും ഒപ്പുവച്ചത്. ഇതിനുപുറമെ പ്രതിരോധം, ആണവോര്‍ജം, ബഹിരാകാശം, സാമ്പത്തികം, റയില്‍വേ, ഗതാഗതം തുടങ്ങിയ മേഖലകളിലായി ഏഴ് കരാറുകളിലും ഇരുരാജ്യങ്ങള്‍ ഒപ്പുവച്ചു. റഷ്യ, ഉത്തരകൊറിയ, ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളുമായി പ്രതിരോധ സാമ്പത്തിക ഇടപാടില്‍ ഏര്‍പെടുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധം ഏര്‍പെടുത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിന് പിന്നാലെ റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പെടുത്തുകയുണ്ടായി. അമേരിക്ക അവര്‍ക്ക് മാത്രം ബോധ്യമുള്ള ഒരു വിഷയത്തില്‍ ഒരു രാജ്യത്തെ ശത്രുവായി പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് ആ രാജ്യത്തിനെതിരെയും അവരുമായി ബന്ധം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുന്നു. ഡോളറിന്റെ ബലത്തിലാണ് ഈ കളി. അമേരിക്ക പറഞ്ഞിടത്തുനില്‍ക്കുന്ന ഏതാനും വന്‍കിട രാജ്യങ്ങള്‍വഴിയും ചിലപ്പോള്‍ ഐക്യരാഷ്ട്രസഭവഴിപോലും ഈ അതിക്രമം നടത്തിയെടുക്കുന്നു.

റഷ്യയുമായുള്ള ഇടപാടു തടയാന്‍ അമേരിക്ക ശ്രമിച്ചാല്‍ വഴങ്ങിക്കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയതാണ്. അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധം അനുസരിക്കാനുള്ള ബാധ്യത ഇന്ത്യക്കില്ലെന്ന് അവര്‍ തുറന്നടിച്ചു. അമേരിക്കയ്ക്ക് റഷ്യയുമായുള്ള പ്രശ്‌നങ്ങള്‍ അവരുടെ ഉഭയകക്ഷി പ്രശ്‌നമാണ്. അതിലേയ്ക്ക് ഇന്ത്യയെ വലിച്ചിഴയ്‌ക്കേണ്ടതില്ല. റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം ദശകങ്ങളുടെ പഴക്കമുള്ള ഒന്നാണ്. ഇന്ത്യയിലെ വന്‍കിട വ്യവസായ സംരംഭങ്ങളില്‍ മിക്കതും സോവിയറ്റ് റഷ്യയുടെ സാമ്പത്തിക സഹകരണത്താലാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും സോവിയേറ്റ് പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചേവും തമ്മില്‍ നടന്ന ചര്‍ച്ചകളുടെയും ഒപ്പുവച്ച കരാറുകളുടെയും ഫലമായാണ് ഇന്ത്യയില്‍ പല ഘന-ഖര വ്യവസായങ്ങളും ഉയര്‍ന്നുവന്നത്. ഈ ബന്ധം ഒറ്റയടിക്ക് മാറ്റുക സാധ്യമല്ല.
4000 കിലോമീറ്റര്‍ വരുന്ന ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് ലോങ് റേഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. 2016-ലാണ് ഇന്ത്യയും റഷ്യയും ട്രയംഫ് മിസൈല്‍ പ്രതിരോധ ഇടപാടിന്റെ പ്രാഥമിക കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഇതിനുമുമ്പ് 2014ല്‍തന്നെ ചൈന ഇത്തരമൊരു കരാറിലൂടെ ഈ സംവിധാനം റഷ്യയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഇന്ത്യയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയമാണിത്.

ഇതേ സുരക്ഷിതത്വവിഷയം മുന്‍നിര്‍ത്തിയാണ് അമേരിക്കയുമായി അടുത്തയിടെ ഇന്ത്യ കമ്മ്യൂണിക്കേഷന്‍ കോംപാക്ടിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി കരാറില്‍ ഒപ്പുവച്ചതെന്ന് ഓര്‍ക്കണം. ഇന്ത്യക്ക് അമേരിക്കയില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതികവിദ്യയും ആയുധങ്ങളും ലഭ്യമാക്കുന്നതും സൈനിക വ്യവസായ മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യം ശക്തമാക്കുന്നതിനുമുള്ള കരാറായിരുന്നു അത്. അതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കരാര്‍വഴി അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങിക്കൊടുക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നു. എന്നാല്‍ ഒരു രാജ്യവുമായി സൗഹൃദം നിലനിര്‍ത്താന്‍ മറ്റൊന്നിനോടുള്ള അടുപ്പം ബലികഴിക്കേണ്ടതില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ അടിയുറച്ചുനില്‍ക്കുമെന്ന പ്രതീക്ഷയാണിപ്പോഴുള്ളത്. റഷ്യയുമായി ഊര്‍ജ്ജരംഗത്ത് കൂടുതല്‍ സഹകരണം ഇന്ത്യ സ്ഥാപിക്കണം. അത്തരം സഹകരണത്തിലൂടെ മാത്രമേ അമേരിക്കയുടെ ഹുങ്ക് തകര്‍ക്കാനാകൂ.