June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ജൻ ഔഷധി സ്റ്റോറുകൾ: അധാർമികതയുടെ സാക്ഷ്യപത്രം

By Janayugom Webdesk
October 14, 2020

ഹാമാരി സൃഷ്ടിച്ച ആശങ്കകളുടെയും ഭയപ്പാടിന്റെയും അന്തരീക്ഷത്തിൽ ജീവിതശെെലീ രോഗങ്ങളടക്കം ഇതര രോഗങ്ങളും അവയുടെ ചികിത്സ, ഔഷധ ലഭ്യത എന്നിവയും അവഗണിക്കപ്പെടുന്നുവോ? കുറഞ്ഞവിലയിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ജൻ ഔഷധി സ്റ്റോറുകളെ സംബന്ധിച്ച് ജനയുഗം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത വാർത്ത അത്തരം സംശയങ്ങൾ ബലപ്പെടുത്തുന്നു. ഇടതുപാർട്ടികളുടെ പിന്തുണയോടെ യുപിഎ സർക്കാർ ഭരണം നടത്തിയിരുന്ന 2008ലാണ് സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിന് ‘പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന’യ്ക്ക് തുടക്കം കുറിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ, പുരോഗമന ശക്തികളുടെ സമ്മർദ്ദത്തിനു വഴങ്ങി ആരംഭിച്ച പല പദ്ധതികളെയുംപോലെ നരേന്ദ്രമോഡി സർക്കാർ ഈ പദ്ധതിയിലും വെള്ളം ചേർത്ത് ‘വെടക്കാക്കി തനിക്കാക്കു‘ന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്താകെ ഏറെ ആഘോഷപൂർവ്വം ആരംഭിച്ച ജൻ ഔഷധി സ്റ്റോറുകൾ പലതും അടച്ചുപൂട്ടിക്കഴിഞ്ഞു. നിരവധി സ്റ്റോറുകൾ ഔഷധങ്ങളുടെ അഭാവവും വിലവർധനവും കാരണം അടച്ചുപൂട്ടലിന്റെ വക്കിലാണ്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ജനറിക് മരുന്നുകൾക്ക് പാവപ്പെട്ടവരും സാധാരണക്കാരും ആശ്രയിച്ചുപോന്നിരുന്ന ഔഷധസ്റ്റോറുകളാണ് ഈ ഗതികേടിനെ നേരിടുന്നത്. ഒരു തൊഴിൽസംരംഭം എന്ന നിലയിൽ പ്രധാനമന്ത്രി ജൻ ഔഷധി സ്റ്റോറുകൾ ഫ്രാഞ്ചെെസി അടിസ്ഥാനത്തിൽ ആരംഭിച്ചവർ കെട്ടിടവാടകയും ജീവനക്കാരുടെ ശമ്പളവും നൽകാനാവാതെ നിത്യചെലവിന് മറ്റ് മാർഗങ്ങൾ ആരായേണ്ട ഗതികേടിലാണ്. സാധാരണക്കാരുടെ ആരോഗ്യസംരക്ഷണവും അതിനെ ആശ്രയിച്ചു തൊഴിലെടുക്കുന്നവരുടെ നിലനില്പുപോലും മോഡി സർക്കാരിന്റെ വികലനയങ്ങൾ അപകടത്തിലാക്കിയിരിക്കുന്നു.

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഔഷധനിർമ്മാണ വ്യവസായമാണ് ഇന്ത്യയുടേത്. ആഗോളതലത്തിൽ ആവശ്യമായ രോഗപ്രതിരോധ വാക്സിനുകളുടെ 60 ശതമാനവും നിർമ്മിക്കുന്നത് ഇവിടെയാണ്. ലോക ആരോഗ്യ സംഘടനയുടെ പ്രതിരോധ വാക്സിൻ ആവശ്യത്തിന്റെ 40 മുതൽ 70 ശതമാനം വരെയും ലഭ്യമാക്കുന്നത് ഇന്ത്യയാണ്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അ­ഡ്മിനിസ്ട്രേഷൻ, യുകെയുടെ മെഡിസിൻ ആന്റ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസി എന്നിവയുടെ അംഗീകാരമുള്ള 250ൽപരം പ്ലാന്റുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ ചികിത്സയ്ക്ക് ഉപയോഗപ്പെട്ടേക്കുമെന്ന് കരുതപ്പെട്ടിരുന്ന ഹെെട്രോക്സിക്ലോറോക്വിനു വേണ്ടി പല രാജ്യങ്ങളും ഇന്ത്യയെ സമീപിച്ചതും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രീയ സമ്മർദ്ദം തന്നെ ആയുധമാക്കിയതും സ്മരിക്കുക. യുഎസ് അടക്കമുള്ള വികസിത രാഷ്ട്രങ്ങളും ആഫ്രിക്ക‍, ലാറ്റിനമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലെ വികസ്വര അവികസിത രാഷ്ട്രങ്ങളും താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഇന്ത്യൻ ജനറിക് മരുന്നുകളെയാണ് വലിയതോതിൽ ആശ്രയിക്കുന്നത്. എച്ച്ഐവി എയ്ഡ്സടക്കം മാരകരോഗങ്ങൾക്കും ജീവിതശെെലീ രോഗങ്ങൾക്കും ഹൃദ്രോഗം, വൃക്കരോഗം, കരൾ രോഗം, അലർജി എന്നിവകൾക്കും ലോകം വലിയതോതിൽ ഇന്ത്യൻ ജനറിക് ഔഷധങ്ങളെ ആശ്രയിച്ചുവരുന്നു. അക്കാരണത്താലാണ് ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി’ എന്ന് വിശേഷിപ്പിച്ചുപോരുന്നത്. എന്നാൽ ഔഷധ നിർമ്മാണ വ്യവസായത്തിൽ രാജ്യം കെെവരിച്ച നേട്ടങ്ങൾ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്കും സാധാരണക്കാർക്കും നിഷേധിക്കപ്പെടുന്നു. അതേ നിഷേധത്തിന്റെ ശക്തികൾ തന്നെയാണ് ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഔഷധശക്തിയുടെ മാഹാത്മ്യം ജനങ്ങൾക്കു മുന്നിൽ വിളമ്പുന്നത്. അത് നീതിനിഷേധത്തിനുള്ള സൗകര്യപ്രദമായ മറയാണെന്ന് ആരെങ്കിലും ആരോപിച്ചാൽ കുറ്റപ്പെടുത്താനാവില്ല.

മരുന്നുകളുടെ വില നിയന്ത്രിക്കാനും അവയുടെ ലഭ്യത ഉറപ്പുവരുത്താനും ഔഷധ വിപണനത്തെ നിയന്ത്രിക്കുന്ന ഏകീകൃത നിയമം (യൂണിഫോം കോഡ് ഓഫ് ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസസ്-യുസിപിഎംപി) കൊണ്ടുവരാൻ മോഡി സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന കെമിക്കൽ ആന്റ് ഫെർട്ടിലെെസർ മന്ത്രി ഡി വി സദാനന്ദ ഗൗഡ പാർലമെന്റിൽ നടത്തിയ പ്രസ്താവന ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ഔഷധ നിർമ്മാണത്തിന്റെയും വിപണനത്തിന്റെയും രംഗത്ത് നിലനിൽക്കുന്ന അധാർമിക പ്രവണതകളിലേക്കാണ് അത് വിരൽചൂണ്ടുന്നത്. മോഡി സർക്കാർ അതിൽ നേരിട്ട് പങ്കാളിയാണെന്നാണ് ജൻ ഔഷധി സ്റ്റോറുകളുടെ ഇന്നത്തെ അവസ്ഥ തെളിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.