Janayugom Online
narendra modi janayugom

കേരളത്തോടുള്ള മോഡിസമീപനം ഫെഡറലിസത്തിന്‍റെ നിരാസവും അവഹേളനവും

Web Desk
Posted on July 19, 2018, 10:36 pm

സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങളോടും അവകാശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ അവലംബിക്കുന്ന നിഷേധാത്മക സമീപനം കേരളത്തിന് പുതിയ അനുഭവമല്ല. നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സംസ്ഥാനങ്ങളോട് വിവേചനപരമായ നയങ്ങളാണ് കേന്ദ്ര സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചുപോന്നിട്ടുള്ളത്. സ്വാര്‍ഥ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ചില സംസ്ഥാനങ്ങള്‍ക്ക് പരിഗണനയും മറ്റുള്ളവര്‍ക്ക് അവഗണനയുമെന്നത് രാജ്യത്തിന്റെ അസന്തുലിത വികസനത്തിനും രാഷ്ട്രത്തിന്റെ ഐക്യത്തിനു വിഘാതമാകുന്ന പ്രാദേശിക വാദത്തിനും കാരണമായിട്ടുണ്ട്.

കഴിഞ്ഞ നാലുവര്‍ഷങ്ങളായി അധികാരം കയ്യാളുന്ന നരേന്ദ്രമോഡി ഭരണകൂടം അത്തരം അനാരോഗ്യകരമായ പ്രവണതകളെ സ്ഥാപനവല്‍ക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. തങ്ങളുടെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും വിയോജിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും അതുവഴി അവരെ പുകച്ചു പുറത്തുചാടിക്കാനും നരേന്ദ്രമോഡി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ഹീന രാഷ്ട്രീയം ഡല്‍ഹി തലസ്ഥാന പ്രവിശ്യ സര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രിം കോടതി തന്നെ തുറന്നുകാട്ടിയത് സമീപകാലത്താണ്. ആ ഉത്തരവു നിലനില്‍ക്കുമ്പോഴും മോഡിസര്‍ക്കാര്‍ അതിന്റെ സമീപനത്തില്‍ യാതൊരു മാറ്റത്തിനും സന്നദ്ധമല്ലെന്നാണ് സുപ്രിം കോടതി ഉത്തരവിനെ പരിഹാസ്യമാക്കുന്ന തുടര്‍നടപടികളിലൂടെ ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണ സംസ്ഥാന പദവിയുള്ള ഒന്നല്ലെന്ന് തുടര്‍ന്ന് വാദിച്ചും വ്യാഖ്യാനിച്ചും വിവേചനംനിറഞ്ഞ സമീപനത്തെ അവര്‍ ന്യായീകരിക്കുകയാണ്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള സമീപനം ഒട്ടും വ്യത്യസ്തമല്ലെന്ന് ആവര്‍ത്തിച്ചുതെളിയിക്കുകയാണ് ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തോടുള്ള നിഷേധാത്മക സമീപനം.

കേരളത്തിന്റെ അതിപ്രധാനമായ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വകക്ഷിസംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച സമീപനം അത്യന്തം നിരാശാജനകവും നിഷേധാത്മകവും അവഹേളനപരവും പ്രതിഷേധാര്‍ഹവുമാണ്. ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിന് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ വെട്ടിക്കുറച്ച ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍പോലും പ്രധാനമന്ത്രി വിസമ്മതിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന ന്യായവാദമാണ് മോഡി നിരത്തിയത്.

പദ്ധതി നടപ്പാക്കി മൂന്നു വര്‍ഷം പിന്നിട്ടുമ്പോള്‍ സംസ്ഥാനവിഹിതം പുനഃപരിശോധനാ വിധേയമാക്കാമെന്ന നിയമവ്യവസ്ഥയുടെ നിഷേധമാണിത്. ദശലക്ഷക്കണക്കായ അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷ്യ സുരക്ഷകൂടി കണക്കിലെടുത്ത് മറ്റൊരു സംസ്ഥാനവും നടപ്പാക്കാന്‍ തുനിയാത്ത പദ്ധതിയോടുപോലും കേന്ദ്രസര്‍ക്കാര്‍ അവലംബിക്കുന്ന സമീപനം സദുദ്ദേശപരമാണെന്ന് കരുതാനാവില്ല. സ്വന്തം പാര്‍ട്ടി ഭരിക്കുന്നതും അധികാരം നിലനിര്‍ത്താന്‍ അനിവാര്യമെന്ന് കരുതുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നിര്‍ബാധം തുടരുന്ന മോഡിഭരണകൂടത്തിന്റെ സമീപനം രാഷ്ട്രീയപ്രേരിതവും വിവേചനം നിറഞ്ഞതുമാണ്. പതിറ്റാണ്ടുകളായി കേരളം ആവശ്യപ്പെട്ടുവരുന്നതും ആവശ്യത്തിലേറെ ഭൂമി ഏറ്റെടുത്തു കൈമാറിയതുമായ കഞ്ചിക്കോട് റയില്‍കോച്ച് ഫാക്ടറിക്കാര്യത്തിലും അപലപനീയമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. തന്റെ സങ്കുചിത രാഷ്ട്രീയത്തിന് ന്യായീകരണമായി യുപിഎ സര്‍ക്കാരിന് ഇക്കാര്യത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അതിനെ പ്രതികാര രാഷ്ട്രീയമായേ ആര്‍ക്കും വിലയിരുത്താനാവൂ. കേരളം ഭൂമി വിട്ടുനല്‍കിയ എച്ച്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ കേരളത്തിന്റെ നിര്‍ദ്ദേശവും പ്രധാനമന്ത്രി പരിഹസിച്ചു തള്ളുകയായിരുന്നു. തന്റെ പാര്‍ട്ടിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പു സാധ്യതകള്‍ തിരിച്ചറിയുന്ന മോഡി ബിജെപിയുടെ രാഷ്ട്രീയ ദുര്യോഗത്തിന് സംസ്ഥാനത്തെയും കേരള ജനതയെയും ശിക്ഷിക്കാനാണ് മുതിരുന്നത്. സംസ്ഥാനം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വിധം കടുത്ത വര്‍ഷകാല ദുരന്തങ്ങളിലാണ്. തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിന് പ്രളയക്കെടുതിയില്‍ ആശ്വാസം പകരാന്‍ കാണിച്ച വ്യഗ്രതയുടെ നൂറിലൊരംശംപോലും കേരളത്തോട് കാട്ടാന്‍ മോഡിസര്‍ക്കാര്‍ തയാറായില്ലെന്നത് ഈ ഭരണകൂടത്തിന്റെ ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന രാഷ്ട്രീയപകയാണ് തുറന്ന് കാട്ടുന്നത്.

നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് മുഖ്യമന്ത്രി നയിച്ച സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍ക്കൊള്ളിച്ചില്ലെന്ന വിചിത്രവാദവും കേന്ദ്രഭരണ, ബിജെപി വൃത്തങ്ങളില്‍ നിന്നും ഉയര്‍ന്നതായി വാര്‍ത്തയുണ്ട്. പ്രധാനമന്ത്രിയെക്കാണാനുള്ള സര്‍വകക്ഷി സംഘത്തില്‍ അദ്ദേഹത്തിന്റെ തന്നെ മന്ത്രിസഭയിലെ ഒരംഗത്തെ ഉള്‍പ്പെടുത്തിയില്ലെന്ന വാദംതന്നെ യുക്തിക്കുനിരക്കുന്നതല്ല. അല്‍ഫോണ്‍സ് കണ്ണന്താനം മോഡിക്കും സര്‍ക്കാരിനും അത്രയേറെ അനിവാര്യനെങ്കില്‍ അദ്ദേഹത്തെ തന്റെ സംഘത്തില്‍ കേരളത്തിന്റെ നിവേദനം സ്വീകരിക്കാന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അത് സംസ്ഥാനത്തെ ബിജെപിക്കും കണ്ണന്താനത്തിനും ലഭിക്കുമായിരുന്ന അസാധാരണ അംഗീകാരമായിരുന്നേനെ. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രാധാകൃഷ്ണനെ അധിക്ഷേപിക്കുന്നതിനു തുല്യമാണ് കണ്ണന്താനത്തിന്റെ അഭാവത്തെപ്പറ്റിയുള്ള ബിജെപിയുടെ ഉല്‍ക്കണ്ഠ. അത് എന്തുതന്നെയായാലും കേരളത്തോടുള്ള മോഡിയുടെ സമീപനം രാജ്യത്തെ ഫെഡറല്‍ സംവിധാനത്തോടുള്ള കേന്ദ്രഭരണകൂടത്തിന്റെ നിരാസവും സംസ്ഥാന ജനതയോടുള്ള അവഹേളേനവുമായേ കാണാനാവു.