Tuesday
19 Mar 2019

സംഘ്പരിവാര്‍ അജണ്ടയും ഭരണകൂട ഉത്തരവാദിത്തവും

By: Web Desk | Wednesday 7 November 2018 7:40 AM IST


shabarimala-janayugom

തുലാമാസ പൂജക്കാലത്ത് ശബരിമലയില്‍ അരങ്ങേറിയ അക്രമങ്ങള്‍ ബിജെപി-സംഘ്പരിവാര്‍ സംഘടനകളുടെ ഗൂഢാലോചനയും രഹസ്യ അജണ്ടയുമായിരുന്നു. ഞായറാഴ്ച കോഴിക്കോട് നടന്ന യുവമോര്‍ച്ചാ യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള തന്നെ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ അവസാനിച്ച ആട്ടതിരുനാള്‍ ചടങ്ങുകളുടെ ഇരുപത്തിഒമ്പത് മണിക്കൂര്‍ സംഘ്പരിവാറിന് ഇനിമേല്‍ ശബരിമല ഒരു രഹസ്യ അജണ്ട അല്ലെന്ന് തെളിയിക്കുകയായിരുന്നു. അവര്‍ ശബരിമലയുടെ പേരില്‍ കേരളത്തെ തുറന്ന യുദ്ധക്കളമാക്കി മാറ്റാന്‍ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണെന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ സന്നിധാനത്തെ അക്രമപ്രവര്‍ത്തനങ്ങളുടെ നേതൃത്വപരമായ പങ്ക് വ്യക്തമാക്കുന്നു. നിയമവാഴ്ചയേയും പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ ഉത്തരവിനെയും ലംഘിച്ച് നിശ്ചിത പ്രായപരിധിക്കുള്ളിലുള്ള സ്ത്രീകളെ തടയാന്‍ ആര്‍എസ്എസ് തങ്ങളുടെ പ്രവര്‍ത്തകരെ അണിനിരത്തിയിട്ടുണ്ടെന്ന് അവരുടെ നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസ് ഉച്ചഭാഷിണിയിലൂടെ പ്രഖ്യാപിക്കുന്നത് ലോകം മുഴുവന്‍ കേള്‍ക്കുകയുണ്ടായി. ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ സമരാഭാസത്തിനും നിയമലംഘനത്തിനും മുതിര്‍ന്നവര്‍ അവ യഥേഷ്ടം ലംഘിക്കുന്നതും ദൃശ്യമാധ്യമങ്ങള്‍ തല്‍സമയം ലോകത്തിനുമുന്നില്‍ എത്തിച്ചു. അമ്പത് വയസിനു മുകളില്‍ പ്രായമുള്ള, പേരക്കുട്ടിയുടെ ചോറൂണിനായി സന്നിധാനത്തെത്തിയ സ്ത്രീയെയും അവരുടെ ബന്ധുക്കളെയും സംഘ്പരിവാര്‍ ഗുണ്ടകള്‍ പൊലീസ് വലയം ഭേദിച്ച് കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും നമുക്ക് കാണാനായി. പൊലീസ് നോക്കിനില്‍ക്കെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന പരാക്രമങ്ങള്‍ക്കും കേരളം ഇന്നലെ സാക്ഷ്യം വഹിച്ചു.
ശബരിമല സന്നിധാനത്ത് ഇന്നലെ അരങ്ങേറിയ അക്രമ പ്രവര്‍ത്തനങ്ങളും ആചാരലംഘനങ്ങളും ഭക്തിയുടെയോ വിശ്വാസത്തിന്റെയോ ആചാര മര്യാദകളുടേയോ സംരക്ഷണലക്ഷ്യത്തോടെ അല്ലെന്ന് തെളിയിക്കുന്നു. ഞായറാഴ്ച ബിജെപി അധ്യക്ഷന്‍ വെളിപ്പെടുത്തിയതുപോലെ ആസൂത്രിതമായ രാഷ്ട്രീയ അജണ്ടയുടെ കുറ്റമറ്റ നിര്‍വഹണമായിരുന്നു അത്. ബിജെപി ആഗ്രഹിച്ചവിധം തങ്ങളുടെ മഹത്തായ പാരമ്പര്യങ്ങളും ചരിത്രവും മൂല്യവും വിസ്മരിച്ച് സംഘ്പരിവാറിന്റെ വാരിക്കുഴിയില്‍ വീണുപോയ കോണ്‍ഗ്രസടക്കം യുഡിഎഫ് ഘടകകക്ഷികള്‍ കേരള രാഷ്ട്രീയത്തിന്റെ പുറമ്പോക്കിലേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ബിജെപി-സംഘ്പരിവാര്‍ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരുമായി രണ്ട് ചേരികളായി കേരള രാഷ്ട്രീയത്തെ കൗശലപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ വലിയൊരളവ് വിജയിച്ചിരിക്കുന്നു. അത് തങ്ങള്‍ക്ക് വീണുകിട്ടിയ സുവര്‍ണാവസരമാണെന്നു കരുതുന്നവര്‍ പ്രബുദ്ധ കേരളത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തെ വിസ്മരിച്ചുള്ള ദിവാസ്വപ്‌നങ്ങളിലാണ് വ്യാപരിക്കുന്നതെന്ന് ചരിത്രം തെളിയിക്കുക തന്നെ ചെയ്യും. എന്നാല്‍ ചരിത്രം സ്വയംഭൂവല്ലെന്ന് തിരിച്ചറിഞ്ഞ് ചരിത്രഗതിയെ നിയന്ത്രിക്കാനും അതിന്റെ പുരോഗമനാത്മക നിര്‍മിതിയില്‍ ബോധപൂര്‍വം കരുക്കള്‍ നീക്കാനും ബാധ്യസ്ഥരായ ഉല്‍പതിഷ്ണുത്വത്തിന്റെയും യുക്തിചിന്തയുടെയും നിയമവാഴ്ചയുടെയും ശക്തികള്‍ നിര്‍ണായക ഇടപെടലുകള്‍ക്ക് മടിച്ചുനിന്നുകൂട. ശബരിമലയെയും കേരളത്തെയും കലാപ കലുഷിതവും കുരുതിക്കളവുമാക്കി മാറ്റാനും നിയമവാഴ്ച തകര്‍ക്കാനും ഗൂഢാലോചന നടത്തിയവര്‍ ആരൊക്കെയെന്ന് ഇന്ന് മാലോകരെല്ലാം തിരിച്ചറിയുന്നു. അവരുടെ വാചാടോപങ്ങള്‍ക്കും നട്ടാല്‍ കുരുക്കാത്ത നുണപ്രചാരണങ്ങള്‍ക്കും ചുട്ട മറുപടി നല്‍കിയേ തീരൂ. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുക ഭരണകൂടത്തിന്റെ ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തമാണ്.
തീര്‍ഥാടനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെ ആചാരക്രമങ്ങളുടെയും കാവല്‍ക്കാരായി സ്വയം നടിച്ച് നിയമവാഴ്ചയെ അട്ടിമറിക്കാനും അക്രമങ്ങള്‍ അഴിച്ചുവിടാനും ആത്മസംയമനത്തിന്റെ പേരില്‍ ആരെയും അനുവദിച്ചുകൂട. യാദൃച്ഛികവും വൈകാരികവുമായ അന്തരീക്ഷത്തില്‍ ആത്മസംയമനം അര്‍ഥപൂര്‍ണമായേക്കാം. അക്രമവും കലാപവും ലക്ഷ്യമിട്ട് നിയമവാഴ്ചയെ വെല്ലുവിളിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തി രാഷ്ട്രീയ മുതലെടുപ്പിന് മുതിരുന്നവരെ അതിന് അനുസരിച്ച് നേരിടാനും നിലയ്ക്കുനിര്‍ത്താനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഭരണഘടനയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷണ ചുമതലയും നിയമവാഴ്ച ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തവുമുള്ള ഭരണകൂടം അത് കാര്യക്ഷമമായിത്തന്നെ നിര്‍വഹിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെയും ആര്‍എസ്എസ് നേതാവ് വത്‌സന്‍ തില്ലങ്കേരിയുടെയും വാക്കുകള്‍ പ്രഥമദൃഷ്ട്യാ തന്നെ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനവും അതുവഴി വ്യക്തമായ കോടതി അലക്ഷ്യവുമാണ്. ആ നിയമലംഘനങ്ങള്‍ക്കെതിരെ സത്വരനടപടികള്‍ക്ക് ബന്ധപ്പെട്ട അധികൃതര്‍ മടിച്ചുകൂട. സമാധാന അന്തരീക്ഷം തകര്‍ക്കാനും നിയമം ലംഘിക്കാനും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ നടപടികള്‍ക്കെതിരെ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്നോട്ടുവരുമെന്നാണ് നിയമവാഴ്ച ആഗ്രഹിക്കുന്ന പൗരന്‍മാര്‍ പ്രതീക്ഷിക്കുന്നത്.