സിബിഎസ്ഇ കരിക്കുലം സംരക്ഷിക്കുക

Web Desk
Posted on July 19, 2020, 5:30 am

ഫാസിസത്തിന്റെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ള വലതുപക്ഷ ശക്തികൾ എല്ലായ്പ്പോഴും യുവതലമുറയുടെ മനസ്സിൽ അവരുടെ സ്വന്തം ചിന്താഗതികൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ ബദ്ധശ്രദ്ധരാണ്. ‘ചെറുപ്പത്തിലേ പിടികൂടുക’യെന്ന ഹിറ്റ്ലറുടെ തത്വമാണ് അവരെ നയിക്കുന്നത്. അധികാരത്തിലെത്തിക്കഴിഞ്ഞാൽ ആ ആശയം പ്രായോഗികമാക്കുന്നതിന് ആകാവുന്നതെല്ലാം അവർ ചെയ്യുന്നു. വിദ്യാഭ്യാസത്തിന് അവരെ സംബന്ധിച്ച് മസ്തിഷ്ക പ്രക്ഷാളനമെന്നാണ് അർത്ഥം.

കരിക്കുലം, പാഠങ്ങൾ, പാഠശാലകൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം അവരുടെ പദ്ധതിക്കനുസൃതമായി രൂപകല്പന ചെയ്യുന്നു. ലോകമെമ്പാടുമുള്ള വലതുപക്ഷ സർക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങളുടെ ഒഴിവാക്കാനാകാത്ത പ്രത്യേകതയായി അത് മാറിയിരിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യ വലതുപക്ഷക്കാരുടെ ഈ പാത അടിക്കടി പിന്തുടരുകയാണ്. പൂർണമായും പിന്തിരിപ്പൻ അതിദേശീയതയുടെ താളത്തിന് അനുയോജ്യമായ തരത്തിൽ രൂപകല്പന ചെയ്ത പുതിയ വിദ്യാഭ്യാസ നയത്തിലൂടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. നഴ്സറിതലം മുതൽ സർവകലാശാല വരെയുള്ള ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഈ അതിക്രമത്തിന് ഇരയാകുന്നു.

ഈ പശ്ചാത്തലത്തിൽ വേണം ഒമ്പത് മുതൽ 12 വരെ ക്ലാസുകൾക്കുള്ള പാഠ്യപദ്ധതി സംബന്ധിച്ച മറ്റൊരു മിന്നലാക്രമണം നടത്താനുള്ള സിബിഎസ്ഇയുടെ നീക്കം മനസിലാക്കേണ്ടത്. മാനവ വിഭവശേഷി വികസന മന്ത്രി പോലും ഈ നീക്കം താൽക്കാലികവും ലഘുവുമാണെന്നാണ് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്. എന്നാൽ വാസ്തവം നേരെ വിരുദ്ധമാണ്. സിലബസിലെ 30 ശതമാനം ഭാഗങ്ങൾ കുറച്ചത് വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന സർക്കാർ വാദം വിവേകമുള്ള ഒരു പൗരനും വിശ്വസിക്കാൻ കഴിയുന്നതല്ല. ഈ മാറ്റം അടിസ്ഥാന ആശയങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് മന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും ഒരു മടിയുമില്ലാതെ വാദിക്കുന്നത്.

ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ എല്ലാ മേഖലയിലും ബിജെപി ഭരണത്തിന്റെ അടിസ്ഥാന ആശയമായി മാറിയിരിക്കുകയാണ്. കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധി തങ്ങളുടെ അജണ്ട ഒന്നിനുപുറകെ ഒന്നായി അടിച്ചേൽപിക്കാനുള്ള അവസരമായി തന്ത്രപൂർവം ഉപയോഗിക്കുകയാണ് അവർ. പ്രവൃത്തി ദിവസങ്ങളിലുണ്ടായ നഷ്ടം കാരണം സ്കൂൾ പാഠ്യപദ്ധതി ക്രമീകരിക്കേണ്ടതുണ്ട് എന്നത് ശരിയാണ്. എന്നാൽ പാഠ്യപദ്ധതിയുടെ സാമൂഹിക ഉള്ളടക്കം ദുർബലപ്പെടുത്തണമെന്ന് അതിനർത്ഥമില്ല.

സിബിഎസ്ഇ പാഠ്യപദ്ധതിയുടെ പ്രഖ്യാപിത ആശയങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരായിരിക്കണം. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 2020–21 വർഷത്തേക്കുള്ള 11,12 ക്ലാസുകളിലെ പാഠ്യപദ്ധതിയുടെ സവിശേഷതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയിൽ ഇടപെടാൻ ആഗ്രഹിക്കുന്നവർ ഇനിപ്പറയുന്നവ വായിക്കണം: ശാരീരികവും ബൗദ്ധികവും സാമൂഹികവുമായ വികസനത്തിന് വിപുലമായ സാധ്യതകൾ നൽകാൻ പാഠ്യപദ്ധതി പരിശ്രമിക്കുന്നു. പാഠ്യപദ്ധതി സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, റിപ്പബ്ലിക്കൻ സ്വഭാവം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, വ്യക്തിഗത അന്തസ്സ്, രാജ്യത്തിന്റെ ഐക്യം, സമഗ്രത എന്നിങ്ങനെയുള്ള ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള മൂല്യാധിഷ്ഠിത പഠന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അതിൽ വിശദീകരിക്കുന്നുണ്ട്.

പാഠ്യപദ്ധതി വെട്ടിക്കുറയ്ക്കുമ്പോൾ മേൽപ്പറഞ്ഞവയോട് നീതി പുലർത്തുന്നുണ്ടോ എന്ന് സർക്കാർ രാജ്യത്തോട് വിശദീകരിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു. ഒഴിവാക്കിയതിൽ പ്രധാനഭാഗം സാമൂഹ്യശാസ്ത്രത്തിൽ നിന്നുള്ളതാണെന്നത് യാദൃച്ഛികമല്ല. ജനാധിപത്യം, മതേതരത്വം, ദേശീയ ഐക്യം, പൗരത്വം തുടങ്ങിയ ഇന്ത്യയുടെ അടിസ്ഥാന സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് അവയെല്ലാം. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, പ്രയോഗത്തിൽ അവ ദുർബലപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് തന്നെ. പതിനെട്ടാം വയസ്സിൽ യുവാക്കൾ വോട്ടവകാശം നേടുന്ന ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന അടിസ്ഥാന വസ്തുത അവർ മറക്കുന്നു. ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നത് 14 മുതൽ 17 വയസ്സുവരെയുള്ളവരാണ്. അതായത് സാമൂഹികവും രാഷ്ട്രീയവുമായ ബോധമുള്ള ഒരു പൗരന്റെ രൂപവത്കരണ ഘട്ടമാണിത്. എന്നാൽ രാജ്യത്തെ യുവ പൗരന്മാർ അവരുടെ രാജ്യത്തിന്റെ അടിസ്ഥാന ഘടനയെയും ദേശീയ ലക്ഷ്യങ്ങളെയും കുറിച്ച് അജ്ഞരായിരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

സ്വന്തം ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കുറിച്ച് അറിയാനുള്ള അവകാശം വിദ്യാർത്ഥികളിൽ നിന്ന്
എടുത്തുകളയാനാണ് അവർ ഉദ്ദേശിക്കുന്നത്. ഒഴിവാക്കപ്പെട്ട ഭാഗങ്ങളിലൂടെ പെട്ടെന്ന് കടന്നുപോയാൽ ബിജെപി സർക്കാരിന്റെ ദുരുദ്ദേശം തന്നെയാണ് വെളിപ്പെടുന്നത്. ഒൻപതാം തരത്തിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിൽ നിന്ന് ജനാധിപത്യ അവകാശങ്ങൾ, ജനസംഖ്യ, ഭക്ഷ്യസുരക്ഷ തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കുന്നത്. പത്താം തരത്തിൽ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, മതം, ജാതി, ജനങ്ങളുടെ മുന്നേറ്റം തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കപ്പെടും.

പതിനൊന്നാം തരത്തിലേയ്ക്ക് വന്നാൽ ചരിത്ര പാഠത്തിൽ നിന്ന് പുരാതന സമൂഹത്തിന്റെ ജീവിതം, സാമ്പത്തിക പാഠപുസ്തകങ്ങളിൽ നിന്നുള്ള കുത്തക തുടങ്ങിയ പാഠങ്ങൾ വെട്ടികുറയ്ക്കപ്പെടും. 12-ാം­ തരത്തിൽ പൊളിറ്റിക്കൽ സയൻസ് പാഠ­പുസ്തകത്തിൽ നിന്ന് ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ, ആധുനിക സാമൂഹ്യ മുന്നേറ്റങ്ങൾ, പഞ്ചവത്സര പദ്ധതികൾ, ആസൂത്രണ കമ്മിഷൻ തുടങ്ങിയവയാണ് ഒഴിവാക്കപ്പെടുന്നത്.

വിദ്യാഭ്യാസ മേഖലയിലെ ശാസ്ത്രീയ മനോഭാവത്തിന്റെ ആശയങ്ങൾക്ക് വിരു­ദ്ധമാണിത്. ഇത് ഏകപക്ഷീയവും അശാസ്ത്രീയവുമാണ്. 2019 ലെ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രികയായ സങ്കല്പ് പത്ര അടുത്ത തലമുറയെ വാർത്തെടുക്കുന്നതിനുള്ള വലിയ ശ്രമങ്ങളുണ്ടാ­കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നീക്കം ചെറുപ്പത്തിലേ പിടികൂടുകയെന്ന ഹിറ്റ്ലറുടെ ആശയത്തിന്റെ ഹിന്ദുത്വ പതിപ്പ് തന്നെയാണ്. എപ്പോഴൊക്കെ അധികാരത്തി­ലെത്തുന്നുവോ അപ്പോഴെല്ലാം അത് നടപ്പിലാ­ക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് അവർ.

കോവി­ഡായാലും കോവിഡ­ല്ലെങ്കിലും ആ നിർദ്ദേശങ്ങൾ നടപ്പിലാക്കു­കയെന്നത് ബിജെപി സർക്കാരിന്റെ ബാധ്യതയാണ്. ഇപ്പോൾ കോവിഡിന്റെ പേരിൽ നിഷ്കളങ്കത നടിച്ച് വിദ്യാഭ്യാസ മേഖലയ്ക്കു നേരെ കടന്നാക്രമണം നടത്താൻ ശ്രമിക്കുന്നു. വിദ്യാഭ്യാസത്തിലെ മതേതര, ജനാധിപത്യ, ശാസ്ത്രീയ മൂല്യങ്ങളുടെ ഒരു ചെറുരശ്മി പോലും അവർക്ക് അംഗീകരിക്കാനാവില്ല. ഇത് ചോദ്യംചെയ്യാതെ പോയാൽ ഭാവിയിൽ അവർ അതിക്രമങ്ങൾ കൂടുതൽ ശക്തമാക്കുക­യാവും ചെയ്യുക. അതുകൊണ്ട് ഈ അസഹിഷ്ണുതയ്ക്കെതിരെ പോരാടേണ്ടതുണ്ട്. അതിനാൽ, ഇന്ത്യയിലെ എല്ലാ മതേതര, ജനാധിപത്യ വിശ്വാസികളും മതേതര, ജനാധിപത്യ, ശാസ്ത്രീയ വിദ്യാഭ്യാസം സംരക്ഷിക്കുന്ന­തിനായി മുന്നോട്ട് വരേണ്ട സമയമാണിത്.