വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നത് അവഗണിക്കാന്‍ ആകാത്ത മുന്നറിയിപ്പ്

Web Desk
Posted on December 20, 2018, 10:39 pm

‘രാജ്യത്തെ ഏറ്റവും വലിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളുന്ന ഉത്തര്‍പ്രദേശില്‍ ഭരണനിര്‍വഹണം, ഭരണഘടനാപരമായ ധാര്‍മികത, മാനവികമായ സാമൂഹ്യ നടത്തിപ്പ് എന്നിവ സംബന്ധിച്ച മൗലിക തത്വങ്ങള്‍ എല്ലാം തന്നെ വികലമാക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രി തന്നെ മതഭ്രാന്തിന്‍റെയും ഭൂരിപക്ഷ ആധിപത്യത്തിന്‍റെയും മഹാപുരോഹിതനായി മാറിയിരിക്കുന്നു. അത് മറ്റെല്ലാ ഭരണകൂട മുന്‍ഗണനകളെയും പിന്‍തള്ളി മുഖ്യ അജണ്ടയായിരിക്കുന്നു. തെമ്മാടിത്തവും കൊലപാതകങ്ങളും കവര്‍ച്ചയും ഭരണകൂട അജണ്ടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അത് മുസ്‌ലിങ്ങളടക്കം ന്യൂനപക്ഷങ്ങളെ പാഠം പഠിപ്പിക്കുന്നതിനു മാത്രമല്ല പൊലീസടക്കം ഭരണനിര്‍വഹണ സംവിധാനത്തെ കൈപ്പിടിയിലൊതുക്കാനുള്ള സംവിധാനവുമാക്കി മാറ്റിയിരിക്കുന്നു. പൊലീസിലെയും സിവില്‍ ഭരണനിര്‍വഹണത്തിലെയും അപൂര്‍വം ചിലരൊഴികെ ഉദ്യോഗസ്ഥര്‍ ഈ വികല ഭരണനീതിയോട് വിധേയത്വമുള്ളവരായി മാറിയിരിക്കുന്നു. അവര്‍ തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ഭരണഘടനയോടാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നു. അവര്‍ തെമ്മാടിത്തം കരുത്താര്‍ജിക്കാനും അതിന് രാഷ്ട്രീയ സ്വീകാര്യത കൈവരിക്കാനും നിയമവാഴ്ചയുടെ തകര്‍ച്ചക്കും ഒത്താശ ചെയ്യുന്നവരായി മാറിയിരിക്കുന്നു. ഭരണഘടന മാത്രമാണ് തന്‍റെ ഏക വേദഗ്രന്ഥമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ വാചാലനാകുന്ന പ്രധാനമന്ത്രി താന്‍ തന്നെ തിരഞ്ഞെടുത്തു നിയോഗിച്ച മുഖ്യമന്ത്രി അതിനെ അട്ടിമറിക്കുമ്പോള്‍ കുറ്റകരമായ നിശബ്ദത പാലിക്കുന്നു. സംഘ്പരിവാര്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കുന്നില്ല. അവര്‍ ഭൂരിപക്ഷ ആധിപത്യത്തിന് മുമ്പില്‍ ഭരണഘടന, മൂല്യങ്ങളെ അടിയറവയ്ക്കുന്നു. സമീപകാല ചരിത്രത്തിലൊരിക്കലും രാഷ്ട്ര ജീവിതത്തെ വിദേ്വഷത്തിന്‍റെയും വിഭാഗീയതയുടെയും അവഗണനയുടെയും വിഷലിപ്തമായ ആശയങ്ങള്‍ ഇത്രയേറെ ആഴത്തില്‍ ഗ്രസിച്ചിട്ടുണ്ടാവില്ല. അധികാരസ്ഥാനത്തിരിക്കുന്നവര്‍ ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്രയേറെ വിദ്വേഷം വമിപ്പിച്ച മറ്റൊരു കാലം കണ്ടെത്തുക ദുഷ്‌കരമായിരിക്കും. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയില്‍ അതിന്‍റെ അടിസ്ഥാനമൂല്യങ്ങളെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദ്വേഷത്തിന്‍റെയും ഭിന്നിപ്പിന്‍റെയും രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ പൗരജനങ്ങള്‍ സന്നദ്ധമാകാന്‍ സമയം അതിക്രമിച്ചിരിക്കുന്നു’.

മേലുദ്ധരിച്ചിരിക്കുന്ന വരികള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമേയമോ നേതാവിന്‍റെ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണിയോ അല്ല. തങ്ങള്‍ക്ക് ഭരണഘടനയോടും അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയ്ക്ക് അപ്പുറം യാതൊരു രാഷ്ട്രീയവുമില്ലെന്ന് പ്രഖ്യാപിക്കുന്ന, ഉന്നത ഭരണനിര്‍വഹണ ചുമതലകളില്‍ നിന്ന് വിരമിച്ച 82 ഉദ്യോഗസ്ഥര്‍ ഒപ്പുവച്ച, തുറന്ന കത്തിന്‍റെ സംക്ഷിപ്ത രൂപമാണ് അത്. കേന്ദ്ര ഗവണ്‍മെന്‍റിലും സംസ്ഥാന സര്‍ക്കാരുകളിലും നയതന്ത്രരംഗത്തും പ്രശസ്ത സേവനത്തിനുശേഷം വിരമിച്ച ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദേ്യാഗസ്ഥരാണ് രാജ്യത്തിന്റെയും വിശിഷ്യ ഉത്തര്‍പ്രദേശിന്‍റെയും ഇന്നത്തെ അവസ്ഥയിലേക്ക് പൗരന്‍മാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങ്ങിന്‍റെ അരുംകൊലയില്‍ കലാശിച്ച ആള്‍ക്കൂട്ട അതിക്രമമാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍ ഉന്നത ഉദ്യോഗസ്ഥരെ നിര്‍ബന്ധിതമാക്കിയത്. ബുലന്ദ്ഷഹറില്‍ നടന്നത് ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ലെന്ന് അവര്‍ കത്തില്‍ വ്യക്തമാക്കുന്നു.

ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കാനും അതിനോട് വിധേയത്വം പുലര്‍ത്താനും വിസമ്മതിക്കുന്ന യുപി മുഖ്യന്‍ ആദിത്യനാഥിനെതിരെ കത്ത് രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ചീഫ് സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, ആഭ്യന്തര സെക്രട്ടറി, സിവില്‍ സര്‍വീസിലെ മറ്റ് ഉന്നത ഉദേ്യാഗസ്ഥര്‍ എന്നിവരെ ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കാന്‍ കത്ത് നിര്‍ദേശിക്കുന്നു. രാഷ്ട്രീയ യജമാനന്‍മാരുടെ ഭരണഘടനാ വിരുദ്ധമായ തീട്ടൂരങ്ങള്‍ക്ക് വഴങ്ങാതെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനും നിര്‍ഭയം നിയമവാഴ്ച ഉറപ്പുവരുത്താനും കത്ത് ആഹ്വാനം ചെയ്യുന്നു. രാജ്യം എത്തിപ്പെട്ടിരിക്കുന്ന ഗുരുതരാവസ്ഥയിലേക്കുള്ള നിഷ്പക്ഷമതികളായ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥരുടെ ഉല്‍ക്കണ്ഠയാണ് കത്ത് പൊതുജനങ്ങളുമായി പങ്ക് വയ്ക്കുന്നത്.
ബുലന്ദ്ഷഹറില്‍ ഇതിനകം ഗോഹത്യയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടെ നടന്ന ആള്‍ക്കൂട്ട ആക്രമണം അറിയപ്പെടുന്ന സംഘ്പരിവാര്‍ നേതാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറിയ വര്‍ഗീയ കലാപശ്രമമാണെന്നു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഇതിനകം പുറത്തുവന്നിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന, തന്‍റെ തൊഴിലിനോടും ഉത്തരവാദിത്വത്തോടും ആത്മാര്‍ഥത തെളിയിച്ച പൊലീസ് ഉദേ്യാഗസ്ഥനെ ആസൂത്രിതമായി കൊല ചെയ്യുകയായിരുന്നുവെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ട വസ്തുതയാണ്. അക്കാര്യങ്ങള്‍ അപ്പാടെ അവഗണിച്ചുകൊണ്ടാണ് ആദിത്യനാഥ് സര്‍ക്കാര്‍ കൊലപാതകികള്‍ക്ക് കുടപിടിക്കുന്നത്. ഇത് നിയമവാഴ്ചയുടെ രാഷ്ട്രീയ അധികാരമുപയോഗിച്ചുള്ള അട്ടിമറിയാണ്. ഇത് തടയാനായില്ലെങ്കില്‍ രാജ്യം അതിന് വലിയ വില നല്‍കേണ്ടി വരും.