Janayugom Online
electronic voting machine

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ തിരിമറി

Web Desk
Posted on December 09, 2017, 9:44 pm

റ്റുള്ളവരെ പ്രതേ്യകിച്ചും രാഷ്ട്രീയ എതിരാളികളെ ഇടിച്ചുതാഴ്ത്തുന്നതിന് എന്തൊക്കെയാണോ അവശേഷിച്ചത് അതെല്ലാംതന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രയോഗിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്ന പോലെയാണ് പ്രധാനമന്ത്രി പ്രചരണത്തിനിറങ്ങിയത്. തന്റെ പ്രശസ്തി വാഴ്ത്തിപ്പാടി 182 അസംബ്ലി മണ്ഡലങ്ങളിലും മോഡി പ്രചരണം നയിച്ചു. ഗുജറാത്തിലെ ജനങ്ങള്‍ ബിജെപി ഭരണത്തില്‍ എത്രമാത്രം അസന്തുഷ്ടരാണ് എന്നതാണ് ഇതിലൂടെയൊക്കെ വ്യക്തമാകുന്നത്. 2014‑ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉയര്‍ത്തിക്കാട്ടിയ ഗുജറാത്ത് മാതൃക വെറും പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
ഗുജറാത്തില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ബിജെപിയെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ പോലും പറയുന്നു. ഇക്കുറി ബിജെപി ഗുജറാത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടുമെന്നും ചില മാധ്യമങ്ങള്‍ പറയുന്നു. ഇത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ നടത്താതെ വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 18 വരെ നമുക്ക് കാത്തിരിക്കാം.
ചില കാര്യങ്ങള്‍ വളരെ ദൂരവ്യാപകമായ ഫലങ്ങളാണ് ഉളവാക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ വികസനത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുകയെന്നായിരുന്നു പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ബിജെപി പറഞ്ഞത്. എന്നാല്‍ 22 വര്‍ഷത്തെ ബിജെപി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോള്‍ യഥാര്‍ഥ സാമൂഹിക‑സാമ്പത്തിക പ്രശ്‌നത്തില്‍ നിന്ന് വഴുതിമാറി മനുഷ്യന് ചിന്തിക്കാന്‍ കഴിയാത്തവിധം നിലവാരം താണ അവസ്ഥയിലേയ്ക്ക് പ്രചാരണം എത്തിപ്പെട്ടു. കുടുംബങ്ങളെ അധിക്ഷേപിച്ചും സ്വാതന്ത്ര്യസമരത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ അധിക്ഷേപിച്ചും എതിരാളികളെ തകര്‍ക്കുന്നതിന് സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട സി ഡികള്‍ പോലും പുറത്തിറക്കി. ക്ഷേത്രസന്ദര്‍ശനങ്ങളെ ചോദ്യം ചെയ്തു. ഇക്കാര്യത്തിനായി വ്യാജ സന്ദര്‍ശകരേഖയുണ്ടാക്കി. പ്രചാരണം നടത്തുന്നയാളിന്റെ മതവിശ്വാസത്തിനും ഗുജറാത്തിലെ ജനങ്ങള്‍ക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ മതത്തെ മറ്റെല്ലാത്തിനും ഉപരിയായി മാറ്റുന്ന നിലപാടുകളാണ് ബിജെപി സ്വീകരിച്ചത്.
ഹിന്ദുത്വം എന്നത് എല്ലാറ്റിനുമുള്ള അളവുകോലായി ബിജെപി ഉപയോഗിക്കുന്നു. എന്നാല്‍ ഈ ധ്രുവീകരണത്തെ നിരസിക്കുന്ന കാഴ്ചയാണ് ഇക്കുറി ഗുജറാത്തിലുണ്ടായത്. എതിരാളികള്‍ക്കെതിരെ ബിജെപി മെനഞ്ഞ തന്ത്രങ്ങളെ അവര്‍ തിരസ്‌കരിച്ചു. ഇത് ബിജെപി നേതൃത്വത്തെ കൂടുതല്‍ അങ്കലാപ്പിലാക്കി. ക്ഷത്രിയര്‍, ഹരിജനങ്ങള്‍, ആദിവാസികള്‍, ന്യൂനപക്ഷ കൂട്ടായ്മ എന്നിവരെ ഏകോപിപ്പിച്ചുവെന്ന പഴി പ്രതിപക്ഷത്തിന് മേല്‍ അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഈ കൂട്ടായ്മ ഗുജറാത്തിലെങ്കിലും കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്. ബിജെപിക്കെതിരെയുള്ള കൂട്ടായ്മ ഇപ്പോള്‍ നാല് ജാതികളിലായി ഒതുങ്ങിനില്‍ക്കുന്നു. എന്നാല്‍ ജാതിയുടെ പേരിലല്ല, മറിച്ച് ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസംതൃപ്തരാണ്. സാമ്പത്തികമായും സാമൂഹികമായും അവര്‍ ചൂഷണം ചെയ്യപ്പെട്ടു. മുന്‍കാലങ്ങളിലില്ലാത്തവിധമുള്ള കഷ്ടപാടുകളാണ് കഴിഞ്ഞ നാല് വര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ ഭരണം കര്‍ഷകര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍, യുവാക്കള്‍, സ്ത്രീകള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് സമ്മാനിച്ചത്.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിന് ഭരണസംവിധാനത്തെത്തന്നെ നാണംകെട്ട വിധത്തില്‍ ബിജെപി ഉപയോഗിച്ചു. വോട്ട് നേടിയെടുക്കുന്നതിനായി ഭരണയന്ത്രത്തെ ഉപയോഗിച്ചതായ വ്യക്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എതിരാളികളുടെ പ്രചാരണത്തെ തടസപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സംശയം ജനങ്ങള്‍ ഉയര്‍ത്തുന്നത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് മാത്രമാണ് പ്രതീക്ഷ നല്‍കുന്നതെന്ന് ചിലര്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച 14 മേയര്‍മാരെ ഗുജറാത്തില്‍ പ്രചാരണം നടത്താനായി ബിജെപി നിയോഗിച്ചു. ഇവിടെയാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ക്രമക്കേടുകള്‍ സംബന്ധിച്ച സംശയം ബലപ്പെടുന്നത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച കോര്‍പറേഷനുകളിലാണ് ബിജെപി യുപിയില്‍ വിജയിച്ചത്. എന്നാല്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച നഗരപാലികകളിലും നഗരപഞ്ചായത്തുകളിലും ബിജെപിക്ക് വിജയം നേടാന്‍ കഴിഞ്ഞില്ല. ഗ്രാമപ്രദേശങ്ങളില്‍ കേവലം 15 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. മറ്റുള്ള വോട്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കുമാണ് കിട്ടിയത്. അതായത് മോഡി സര്‍ക്കാരിനെതിരെ ഗുജറാത്തിലെ ജനങ്ങള്‍ മാത്രമല്ല, രാജ്യത്താകമാനം പ്രതിഷേധം ഉയരുന്നുവെന്നാണ്.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരത്തേയും ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഭൂരിഭാഗം വോട്ടിങ് കേന്ദ്രങ്ങളിലും ഇപ്പോഴത് നിരോധിച്ചു. ബാലറ്റ് പേപ്പര്‍ സംവിധാനം അവിടങ്ങളില്‍ തിരിച്ചുവന്നു.
ഈ സാഹചര്യത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി ആവശ്യപ്പെടാന്‍ തയാറാകണം.