സ്മൃതി ഇറാനി ചലച്ചിത്രമേളയുടെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നു

Web Desk
Posted on November 17, 2017, 1:00 am

യാഥാര്‍ഥ്യങ്ങള്‍ അപ്പാടെ വിസ്മരിച്ച് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഇടുങ്ങിയ ഉരുക്കുകൂട്ടില്‍ ചലച്ചിത്ര പ്രതിഭകളെയും അവരുടെ മഹത്തായ സൃഷ്ടികളെയും ഒതുക്കാന്‍ ശ്രമിക്കുന്നത് കടുത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കും സാമൂഹികവും സാംസ്‌കാരികവുമായ അശാന്തിക്കുമായിരിക്കും വഴിതെളിക്കുക.

ശയ പ്രകാശനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള ചലച്ചിത്രകാരന്മാരടക്കം കലാകാരന്മാരുടെയും പൗരന്മാരുടെയും മൗലികാവകാശത്തിന് എതിരാണ് ബിജെപി നയിക്കുന്ന കേന്ദ്ര ഭരണകൂടം. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2017 (ഐഎഫ്എഫ്‌ഐ) നെ ചുറ്റിപ്പറ്റി കൊഴുക്കുന്ന വിവാദങ്ങള്‍ അതാണ് ആവര്‍ത്തിച്ചു തെളിയിക്കുന്നത്. ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ്, ജൂറി അംഗം അപൂര്‍വ അസ്‌റാണി, ഫെസ്റ്റിവല്‍ സ്റ്റിയറിങ് കമ്മിറ്റി അംഗം വാണി ത്രിപാഠി ടിക്കു എന്നിവര്‍ തല്‍സ്ഥാനം രാജിവെക്കുന്നതിലേക്ക് നയിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടാണ്. ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ന്യൂഡ്, എസ് ദുര്‍ഗ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ തീരുമാനമാണ് അവരെ രാജിക്ക് നിര്‍ബന്ധിതമാക്കിയത്. യാതൊരു കാരണങ്ങളും ചൂണ്ടിക്കാട്ടാതെയാണ് രണ്ട് ചിത്രങ്ങളും മേളയുടെ പ്രദര്‍ശനപട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുളളത്. അത് ഐഎഫ്എഫ്‌ഐ പോലെ സ്വയം ഭരണാധികാരമുള്ള ഒരു സ്ഥാപനത്തിന്റെ അധികാര അവകാശങ്ങളിലും ദൈനംദിന നടത്തിപ്പിലുമുള്ള നഗ്നമായ കൈകടത്തലാണ്. സ്വയം ഭരണാധികാരമുള്ള ചരിത്രഗവേഷണ സമിതി, സാംസ്‌കാരിക ഗവേഷണ സമിതി, യുജിസി, സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ‑സാംസ്‌കാരിക പഠനസ്ഥാപനങ്ങള്‍ എന്നിവയില്‍ നരേന്ദ്രമോഡി ഭരണകൂടം നടത്തിവരുന്ന ജനാധിപത്യത്തിനും ഭരണഘടനയുടെ അന്തസത്തയ്ക്കും നിരക്കാത്ത കൈകടത്തലുകളുടെ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണാനാവു. എഴുത്തുകാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും സ്വതന്ത്ര അഭിപ്രായപ്രകടനങ്ങള്‍ക്കും നേരെ സംഘ്പരിവാര്‍ നടത്തിവരുന്ന കടന്നുകയറ്റങ്ങളുടെ പിന്തുടര്‍ച്ചയാണിത്. തന്ത്രപ്രധാനമായ മനുഷ്യവിഭവശേഷി വികസന മന്ത്രാലയത്തിലിരുന്ന് സ്മൃതി ഇറാനി നടത്തിവന്നിരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അവരുടെ പുതിയ അവതാരമായ വാര്‍ത്താവിനിമയ പ്രക്ഷേഭണ മന്ത്രിപദത്തിലും തുടരുകയാണ്.
വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിഷേധാത്മക ഇടപെടല്‍ രാജ്യത്തെ തലമുതിര്‍ന്ന, സര്‍വാദരണീയ ചലച്ചിത്രകാരന്മാരുടെ ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ നടപടിയെ രൂക്ഷമായി അപലപിക്കാന്‍ തയാറായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഐബി മന്ത്രാലയം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞ രണ്ടു ചിത്രങ്ങളില്‍ ഒന്ന് എസ് ദുര്‍ഗ എന്ന മലയാള ചലച്ചിത്രമാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റോടെ കേന്ദ്ര ചലച്ചിത്ര സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ (സിബിഎസ്‌സി) പ്രദര്‍ശനാനുമതി ലഭിച്ചിട്ടുള്ളതാണ്. ആഗോളതലത്തില്‍ ഒട്ടേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും വിപുലമായ സ്വീകാര്യതയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തതാണ് എസ് ദുര്‍ഗ. യഥാര്‍ഥത്തില്‍ സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റിയതുതന്നെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ നിഷ്‌കര്‍ഷ അനുസരിച്ചാണ്. ചിത്രം 21 ശബ്ദക്രമീകരണങ്ങള്‍ക്കും വിധേയമായിരുന്നു. എന്നാല്‍ യാതൊരു വെട്ടിനീക്കലും കൂടാതെ അതിന്റെ യഥാര്‍ഥ നീളത്തില്‍ തന്നെയാണ് പ്രദര്‍ശനാനുമതി നേടിയത് മതവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രത്തിന്റെ പേരില്‍ നിന്ന് ഉടലെടുത്ത മുന്‍വിധി മാത്രമാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. മതത്തിന്റെ, വിശിഷ്യഹിന്ദുമതത്തിന്റെ, കുത്തകാവകാശം സംഘ്പരിവാറില്‍ നിക്ഷിപ്തമാണെന്ന മൂഢധാരണയാണ് സ്മൃതി ഇറാനി നയിക്കുന്ന മന്ത്രാലയത്തിന്റെ അപലപനീയ നടപടിക്ക് പിന്നില്‍.
ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ ഏതെങ്കിലും ഒരു മതത്തിന്റെയോ പ്രത്യയ ശാസ്ത്രത്തിന്റെയോ ചട്ടക്കൂടില്‍ ഭരണനടപടികളെയോ രാഷ്ട്രനീതിയെയോ ഒരുക്കാന്‍ ശ്രമിക്കുന്നത് മൗഢ്യവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമാവും. ഇന്ത്യയുടെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യത്തിന്റെ നിഷേധമായി അതു മാറും. കലാപരവും ആശയപരവുമായ അളവറ്റ വൈവിധ്യത്തിന്റെയും പ്രതിഭയുടെയും ഉറവിടമാണ് ഇന്ത്യ. ലോകത്ത് ഏറ്റവുമധികം ചലച്ചിത്രങ്ങള്‍ വ്യത്യസ്ത ഭാഷകളില്‍ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളിലും ധാരണകളിലും സൃഷ്ടിക്കപ്പെടുന്ന രാജ്യവുമാണ് ഇന്ത്യ. ലോകത്ത് ഏറ്റവും അധികം ചലച്ചിത്രാസ്വാദകരുള്ള രാജ്യങ്ങളുടെ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം.