ജനരക്ഷായാത്രയുടെ പരാജയം വിശ്വാസത്തകര്‍ച്ചയുടെയും ജനരോഷത്തിന്റെയും സൂചന

Web Desk
Posted on October 19, 2017, 1:00 am

ബിജെപിയുടെ ജനരക്ഷായാത്ര കഴിഞ്ഞദിവസം സംസ്ഥാന തലസ്ഥാനത്ത് സമാപിച്ചു. ബിജെപിയുടെയും സംഘ്പരിവാറിന്റെയും പ്രവര്‍ത്തകരെ കനത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രക്ഷയ്ക്കായി അണിനിരത്താന്‍ നടത്തിയ ശ്രമകരമായ ദൗത്യം എന്നതിലുപരി യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളും കൈവരിക്കാന്‍ ജനരക്ഷായാത്രയ്ക്കായില്ലെന്ന് നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷാ, പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍, നാല് മുഖ്യമന്ത്രിമാര്‍, ഒരു ഉപമുഖ്യമന്ത്രി, 25 എം പിമാര്‍, നിരവധി അന്യസംസ്ഥാന എംഎല്‍എമാര്‍, പത്ത് ദേശീയ നേതാക്കള്‍ എന്നിവരെ അണിനിരത്തിയ ജാഥ തികഞ്ഞ പരാജയമായിരുന്നുവെന്നാണ് നിരീക്ഷക മതം. നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്നു മാത്രമല്ല, വടക്കേ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത നേതാക്കളുടെ പ്രകടനങ്ങളും പരാമര്‍ശങ്ങളും ഗുണത്തേക്കാളേറെ ദോഷമാണ് കേരളത്തില്‍ ബിജെപിക്ക് ഉണ്ടാക്കിയതെന്ന് സൂക്ഷ്മ വിശകലനം വ്യക്തമാക്കുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി ആരംഭിച്ച യാത്രയുടെ മധ്യേ അമിത് ഷാ പ്രതീക്ഷയ്ക്ക് വിപരീതമായി ജാഥ ഉപേക്ഷിച്ചത് പ്രതീക്ഷിച്ചത്ര പങ്കാളിത്തം ഉറപ്പുവരുത്താനാവാത്ത ഉള്‍പ്പാര്‍ട്ടി കലഹങ്ങളുടെ പ്രതിഫലനമായിരുന്നു. മെഡിക്കല്‍ കോളജ് അഴിമതിയുടെ പേരില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വം ആരോപണവിധേയമായി പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരുന്നു. അഴിമതി കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭാസമല്ലെന്ന് തെളിയിച്ച് അമിത് ഷായുടെ മകന്റെ അനധികൃത സ്വത്തുസമ്പാദന വാര്‍ത്ത പുറത്തുവന്നതും ഇതേകാലയളവിലാണ്. സ്വന്തം പ്രതിഛായ സംരക്ഷിക്കാനും തന്റെ മകനും മോഡി ഭരണകൂടവും ഉള്‍പ്പെട്ട അഴിമതി മറച്ചുവെയ്ക്കാനുമുള്ള തത്രപ്പാടിലാണ് ഷാ ജനരക്ഷായാത്ര ഉപേക്ഷിച്ചത്. ജനരക്ഷായാത്രയുടെ വേളയില്‍തന്നെയാണ് സമുന്നത ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും ശത്രുഘ്ന്‍ സിന്‍ഹയും ബിഎംഎസ് നേതൃത്വവും മോഡി സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത്. ആ വിമര്‍ശനങ്ങളില്‍ ഒന്നിനെപ്പോലും ഫലപ്രദമായി പ്രതിരോധിക്കാന്‍ ജനരക്ഷായാത്രക്കോ ബിജെപി നേതൃത്വത്തിനോ കഴിഞ്ഞില്ല.

മതസ്പര്‍ധയും ഭൂരിപക്ഷ മതത്തിന്റെ പേരില്‍ ആക്രമണോത്സുകതയും പ്രചരിപ്പിച്ച ബിജെപിക്ക് ഹിന്ദു വോട്ടിന്റെ കാല്‍ഭാഗം പോലും നേടാനായില്ല. മാത്രമല്ല 2016 ല്‍ അവര്‍ നേടിയ വോട്ട് ശതമാനം തുടര്‍ന്ന് നിലനിര്‍ത്താനാവില്ലെന്നുകൂടി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു

എല്ലാ പരിമിതികള്‍ക്കും അപ്പുറം രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനം നിലനില്‍ക്കുന്ന കേരളത്തെപ്പറ്റി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ അദ്ദേഹത്തെയും ബിജെപിയേയും കേരളജനതയ്ക്ക് മുന്നില്‍ പരിഹാസപാത്രമാക്കി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശിശു മരണനിരക്ക് നിലനില്‍ക്കുന്ന യുപിയുടെ മുഖ്യമന്ത്രി ഏറ്റവും കുറഞ്ഞ നിരക്കുള്ള കേരളത്തെ പരിഹസിക്കാന്‍ ശ്രമിച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് ആ വിഷയത്തില്‍ സമ്പൂര്‍ണ മൗനം പാലിക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധനവിലയുടെ പേരില്‍ ജനങ്ങള്‍ കൊള്ളയടിക്കപ്പെടുമ്പോള്‍ കക്കൂസ് നിര്‍മാണ ന്യായീകരണവുമായി രംഗത്തുവന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അപഹാസ്യനായി. ബിജെപി ദേശീയ സെക്രട്ടറി സരോജ് പാണ്ഡെ മുതല്‍ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല വരെ സംഘ്പരിവാര്‍ നേതാക്കള്‍ ഇക്കാലയളവില്‍ നടത്തിയ പ്രകോപനപരവും അക്രമത്തിന് ആഹ്വാനം നല്‍കുന്നതുമായ പ്രസ്താവനകളും പ്രഖ്യാപനങ്ങളും ജനരക്ഷായാത്രക്കെതിരെ ശക്തമായ ജനവികാരത്തെയാണ് ക്ഷണിച്ചുവരുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമസംഭവങ്ങളുടെയും ഉത്തരവാദിത്തം കമ്യൂണിസ്റ്റുകാര്‍ക്കും മുസ്‌ലിം മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും കേരളജനത അത്യന്തം ഉത്ക്കണ്ഠയോടെയാണ് നോക്കിക്കണ്ടത്. ദൗര്‍ഭാഗ്യകരമായ രാഷ്ട്രീയ അതിക്രമങ്ങളെപ്പറ്റി വിമര്‍ശനം ഉന്നയിക്കുന്നവര്‍തന്നെയാണ് രാജ്യത്തുടനീളം പശുവിന്റെയും പാകിസ്ഥാന്റെയും പേരില്‍ വ്യാപകമായ ആള്‍ക്കൂട്ട അതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ഏറ്റവും വലിയ പ്രായോജകര്‍ എന്ന തിരിച്ചറിവ് ജനരക്ഷായാത്രയോടെ കേരളത്തില്‍ രൂഢമൂലമായി.
ജനരക്ഷയാത്രയുടെ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവ് വേങ്ങര ഉപതെരഞ്ഞെടുപ്പുഫലമാണ്. 1.7 ലക്ഷം വോട്ടര്‍മാരുള്ള വേങ്ങരയില്‍ ഹിന്ദുവോട്ടര്‍മാരുടെ എണ്ണം മുപ്പതിനായിരത്തില്‍പരമാണ്. മതസ്പര്‍ധയും ഭൂരിപക്ഷ മതത്തിന്റെ പേരില്‍ ആക്രമണോത്സുകതയും പ്രചരിപ്പിച്ച ബിജെപിക്ക് അതിന്റെ കാല്‍ഭാഗം വോട്ടുകള്‍പോലും നേടാനായില്ല. 2016 ല്‍ 7,015 വോട്ട് നേടിയ ബിജെപിക്ക് കടുത്ത വര്‍ഗീയ പ്രചരണത്തില്‍കൂടി ആ വോട്ടുപോലും നിലനിര്‍ത്താനായില്ല. വേങ്ങരയില്‍ 5,728 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ബിജെപി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് അവലംബിച്ച എല്‍ഡിഎഫിന് വോട്ട് വിഹിതം ഗണ്യമായി ഉയര്‍ത്താനായി. ബിജെപിയുടെ ആഘോഷിക്കപ്പെട്ട യാത്ര തികഞ്ഞ പരാജയമായി എന്നുമാത്രമല്ല 2016 ല്‍ അവര്‍ നേടിയ വോട്ട് ശതമാനം പോലും തുടര്‍ന്ന് നിലനിര്‍ത്താനാവില്ലെന്നുകൂടി വ്യക്തമായി. അത് രാജ്യത്താകെ ബിജെപി നേരിടുന്ന വിശ്വാസത്തകര്‍ച്ചയുടെയും ജനരോഷത്തിന്റെയും സൂചനകൂടിയാണ്.