Monday
18 Feb 2019

നോക്കുകൂലി അവസാനിപ്പിക്കുമ്പോള്‍

By: Web Desk | Friday 9 March 2018 10:42 PM IST

തൊഴില്‍രംഗത്തെ ഒരു ദുഷ്പ്രവണതയ്ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ ശ്ലാഘിക്കുമ്പോള്‍ തന്നെ അതുമൂലം പുറന്തള്ളപ്പെടുന്ന തൊഴിലാളികളെ നമുക്ക് അവഗണിക്കാനാവില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രായോഗിക നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുമെന്ന് തന്നെയാണ് സമൂഹം പ്രതീക്ഷിക്കുന്നത്

കേരളത്തില്‍ തൊഴില്‍രംഗത്തെ അനഭിലഷണീയ പ്രവണതകളില്‍ ഒന്നായ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്യുന്ന തീരുമാനത്തിനാണ് ട്രേഡ് യൂണിയനുകള്‍ പിന്തുണ നല്‍കിയിരിക്കുന്നത്. ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാവുന്ന സമ്പ്രദായമല്ല തൊഴിലെടുക്കാതെ കൂലി വാങ്ങുന്ന നോക്കുകൂലി. കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തെപ്പറ്റി ഏറെ നിറംപിടിപ്പിച്ച കഥകള്‍ക്ക് അത് വഴിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ തൊഴില്‍ മേഖലയുടെ പ്രതിഛായയേയും അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത്തരം പ്രവണതകള്‍ അംഗീകരിക്കുന്നില്ല. എങ്കിലും അത് കാലങ്ങളായി തുടര്‍ന്നുവരുന്നുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. തൊഴില്‍രംഗത്തെ ഈ പ്രവണതയ്ക്ക് വിരാമമിടാനുള്ള തീരുമാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍ പ്രായോഗികതലത്തില്‍ ആ തീരുമാനം നടപ്പിലാക്കുക എന്നത് ഏറെ സുഗമമായ നടപടിയായിരിക്കയില്ല. അതോടൊപ്പം താഴെത്തട്ടിലുള്ള ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന സമ്പ്രദായവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളെ അവരുടെ അവകാശ സംരക്ഷണാര്‍ഥം സംഘടിപ്പിക്കുക എന്ന മഹത്തായ ദൗത്യത്തിനുപകരം അവരെ വിതരണം ചെയ്ത് അവരുടെ കൂലിയില്‍ നിന്നും നിശ്ചിത തുക ഈടാക്കുന്നത് പഴയകാലത്തെ കങ്കാണി പണിക്കു തുല്യമാണ്. അതിനെ യാതൊരു കാരണവശാലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമായി കാണാനും അംഗീകരിക്കാനുമാവില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനം നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കുന്നത് കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തില്‍ മൗലികമാറ്റത്തിന് വഴിതെളിക്കും.

തൊഴില്‍രംഗത്ത് മേല്‍പറഞ്ഞ അനഭിലഷണീയ പ്രവണതകള്‍ വളര്‍ന്നുവന്നതിന്റെ പ്രധാനകാരണം തൊഴിലില്ലായ്മ തന്നെയാണ്. ഒരുകാലത്ത് ഏറ്റവും വലിയ തൊഴില്‍ മേഖലയായിരുന്ന കൃഷി വിവിധ കാരണങ്ങളാല്‍ നാമമാത്രമായി ചുരുങ്ങുകയും കായികാധ്വാനം ഏറെ ആവശ്യമുള്ള ഈ രംഗത്തേക്ക് കടന്നുവരാന്‍ പുതുതലമുറ വിമുഖരാവുകയും ചെയ്തത് കഴിഞ്ഞ ദശകങ്ങളുടെ പ്രത്യേകതയാണ്. വ്യവസായവല്‍ക്കരണത്തിലും സംസ്ഥാനത്തിന് ഏറെ മുന്നേറാനായില്ല. തല്‍ഫലമായി ചുമട്ട് തൊഴിലാളികളടക്കം അസംഘടിത മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി പെരുകിയിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം രണ്ടര ലക്ഷത്തില്‍പരം അത്തരം തൊഴിലാളികളുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിലുള്ള തൊഴിലാളികളില്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്നത്. അവരില്‍ത്തന്നെ 45,000 പേരില്‍ താഴെ മാത്രമാണ് വേതനവും പെന്‍ഷനുമടക്കം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍. മറ്റൊരു അമ്പതിനായിരത്തില്‍പരം തൊഴിലാളികള്‍ക്ക് മാത്രമേ ക്ഷേമനിധിയുടെ നാമമാത്ര ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളു. യന്ത്രവല്‍ക്കരണം, സ്വന്തം തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കാനുള്ള തൊഴിലുടമകളുടെ അവകാശം തുടങ്ങിയവയുടെ വെളിച്ചത്തില്‍ അസംഘടിത മേഖലയില്‍പ്പെട്ട തൊഴിലാളികള്‍ നോക്കുകൂലി അവസാനിപ്പിക്കുന്നതോടെ കടുത്ത ജീവിതക്ലേശത്തെ നേരിടേണ്ടിവരും. ഇത്തരം തൊഴിലാളികളുടെ ജീവിതസുരക്ഷിതത്വത്തെ അപ്പാടെ അവഗണിച്ചുകൊണ്ട് സമൂഹത്തിന് മുന്നോട്ട് പോകാനാവില്ല. അവരെ ക്രിയാത്മകമായ ഇതര തൊഴില്‍ മേഖലകളിലേയ്ക്ക് വിന്യസിപ്പിക്കാനും പുനരധിവസിപ്പിക്കാനും കഴിഞ്ഞാല്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനം ഫലപ്രദമായി നടപ്പാക്കാനും പുതിയ തൊഴില്‍ സംസ്‌കാരത്തിലേക്ക് സംസ്ഥാനത്തെ നയിക്കാനുമാവൂ.

സദുദ്ദേശത്തോടെയും ഉന്നതമായ സാമൂഹ്യ ലക്ഷ്യങ്ങളോടെയും സ്വീകരിക്കുന്ന പല നടപടികളും ഗണ്യമായ ഒരു വിഭാഗത്തിന്റെ ജീവിതത്തെ ദുരിതപൂര്‍ണമാക്കി മാറ്റിയ പല അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട്. ചാരായ നിരോധനത്തെ തുടര്‍ന്ന് ആ മേഖലയില്‍ പണിയെടുത്തിരുന്ന ഏതാണ്ട് മുപ്പതിനായിരത്തില്‍പരം തൊഴിലാളികളും അവരുടെ കുടുംബങ്ങളും കടുത്ത ജീവിത ദുരിതങ്ങള്‍ക്ക് ഇരയായ അനുഭവം നമുക്കുണ്ട്. അതില്‍ത്തന്നെ സ്ഥിരം തൊഴിലാളികളായിരുന്ന പതിനയ്യായിരത്തില്‍പരം പേര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയ പുനരധിവാസ നടപടികള്‍ ഇനിയും സാക്ഷാല്‍ക്കരിക്കാനായിട്ടില്ല.

Related News