Friday
22 Feb 2019

കന്യാസ്ത്രീകളുടെ സമരവും ബിഷപ്പിന്‍റെ പീഡന പര്‍വവും

By: Web Desk | Sunday 9 September 2018 8:44 PM IST

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ നീതി വൈകുന്നുവെന്നാരോപിച്ച് നടക്കുന്ന സമരത്തില്‍ കന്യാസ്ത്രീകളുടെ പങ്കാളിത്തം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ബിഷപ്പിനെതിരെ പരാതി നല്‍കിയിട്ട് ഒന്നര മാസത്തിലധികമായിട്ടും നീതിലഭിച്ചില്ലെന്നാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന വിഷയമെങ്കിലും അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയും പ്രതികാരവാഞ്ഛയും അവഗണിക്കാവുന്നതല്ല.
ചരിത്രത്തിലാദ്യമായാണ് കത്തോലിക്ക സഭയ്‌ക്കെതിരെ തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളുള്‍പ്പെടെ വിശ്വാസികള്‍ തെരുവിലിറങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ നടക്കുന്ന സമരത്തില്‍ കന്യാസ്ത്രീകളുടെ പങ്കാളിത്തമുണ്ട്. നാളിതുവരെ സഭയുടെയും അരമനകളുടെയുമൊക്കെ നേതൃത്വത്തില്‍ പൊതുവിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമരങ്ങളില്‍ കന്യാസ്ത്രീകള്‍ പങ്കെടുക്കാറുണ്ടായിരുന്നു. അതാകട്ടെ പലപ്പോഴും സര്‍ക്കാരിനെ – പ്രത്യേകിച്ച് ഇടതു സര്‍ക്കാറിനെ – എതിര്‍ക്കുന്ന സമരങ്ങളായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. ഫ്രാങ്കോയ്‌ക്കെതിരെ എല്ലാ തെളിവുമുണ്ടായിട്ടും തങ്ങള്‍ക്ക് സഭാനേതൃത്വത്തില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നാണ്, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ അമാന്തം കാട്ടുന്നുവെന്ന ആരോപണത്തോടൊപ്പം തന്നെ കന്യാസ്ത്രീകള്‍ ഉന്നയിക്കുന്ന വിഷയം. അതാണ് ഈ സമരത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്.

പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. വിശദമായ അന്വേഷണമാണ് നടക്കുന്നതെന്നും മതിയായ തെളിവുകള്‍ ശേഖരിച്ച് അന്തിമ നടപടി ഉടനുണ്ടാകുമെന്നും ഇന്നലെ സംസ്ഥാന പൊലീസ് മേധാവി വീണ്ടും ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയംതന്നെ നടപടി വൈകുന്നുവെന്ന ഇരയുടെയും ഇരയ്ക്ക് പിന്തുണ നല്‍കുന്നവരുടെയും ആശങ്ക അസ്ഥാനത്തല്ല. കാരണം ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ കാണിക്കേണ്ട വേഗത ഈ കേസില്‍ ഉണ്ടാകുന്നില്ല എന്ന സംശയമാണ് അവര്‍ പൊലീസിനെ സംബന്ധിച്ച് ഉന്നയിക്കുന്നത്. 72 ദിവസങ്ങള്‍ക്ക് മുമ്പാണ് പരാതി നല്‍കപ്പെട്ടത്. പ്രസ്തുത പരാതിയുടെ അന്വേഷണം ഇത്രയും ദിവസമായിട്ടും പൂര്‍ത്തിയാക്കാനായില്ലെന്നത് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയ അതേദിവസമാണ് കശ്മീരിലെ കഠ്‌വയില്‍ നിന്ന് അനാഥാലയത്തില്‍ പീഡനത്തിനിരയാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. മലയാളിയായ വൈദികന്‍ നടത്തുന്ന പ്രസ്തുത അനാഥാലയത്തില്‍ പീഡന പരാതി ഉണ്ടായതിനെ തുടര്‍ന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ പൊലീസ് വൈദികന്‍ ആന്റണി തോമസിനെ അറസ്റ്റ് ചെയ്തിരിക്കുകയുമാണ്. തീര്‍ച്ചയായും കുട്ടികള്‍ക്കും വനിതകള്‍ക്കുമെതിരായ പീഡന പരാതിയില്‍ ഇത്തരത്തില്‍ വേഗതയേറിയ നടപടികളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അതോടൊപ്പം തന്നെ ഈ കേസുമായി ബന്ധപ്പെട്ട് ഇരയായ കന്യാസ്ത്രീയും പിന്തുണയുമായെത്തിയ കന്യാസ്ത്രീയും സഭാനേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നുവെന്നത് പൊലീസിന് മേല്‍ കുറ്റം ചാര്‍ത്തുന്ന കാരണത്താല്‍ അവഗണിക്കപ്പെട്ടുകൂടാ. സഭാനേതൃത്വത്തിന് മുന്നില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്. ആര്‍ച്ച് ബിഷപ്പിനും പാലാ ബിഷപ്പിനും പോപ്പിനും റോമിലെ സ്റ്റേറ്റ് സെക്രട്ടറിക്കുമെല്ലാം പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഭീഷണിയിലൂടെയും പല തരത്തിലുള്ള വാഗ്ദാനങ്ങളിലൂടെയും കേസ് ഒത്തുതീര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കന്യാസ്ത്രീകളുടെ വാക്കുകളില്‍ നിന്ന് മനസിലാക്കേണ്ടത്. ഇപ്പോള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ പ്രതീക്ഷിക്കുന്നതായി കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഭീഷണികള്‍ നിലവിലുണ്ടെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. പൊലീസിന്റെ നടപടികളെ വിമര്‍ശിക്കുന്നവര്‍ സഭാനേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അനാശാസ്യ പ്രവണതകളും ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്.

എന്നുമാത്രമല്ല ഇരയായ കന്യാസ്ത്രീയെ സമൂഹത്തില്‍ അപമാനിക്കുന്നതിനുള്ള നടപടികളും വിശ്വാസികളെന്ന് നടിക്കുന്ന ചിലരില്‍ നിന്നുണ്ടാകുന്നുവെന്നതും അപലപനീയമാണ്. ഇത് സഭയുടെയും വിശ്വാസ സമൂഹത്തിന്റെയും ധാര്‍മികതയ്ക്കു നേരെയുള്ള വിരല്‍ചൂണ്ടലുമാണ്. ഇരയെ അഭിസാരികയായും മറ്റും ചിത്രീകരിച്ചാണ് പി സി ജോര്‍ജിനെ പോലുള്ള ചില ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള നീതിവ്യവസ്ഥയെ പാടെ അവഹേളിക്കുന്നതും നിയമവിരുദ്ധവുമായ നടപടിയാണ് ഇത്തരം ആളുകളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പരാതി നല്‍കുന്നതിന് വൈകിയെന്നതിന്റെ പേരില്‍ കന്യാസ്ത്രീക്കെതിരെ രംഗത്തെത്തിയവര്‍ ബിഷപ്പിനെ മഹത്വവല്‍ക്കരിക്കാനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വൃത്തികെട്ട ചെയ്തികളെ ഭംഗ്യന്തരേണ ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. പീഡനത്തിരയായതിന്റെ കണക്കുകളുദ്ധരിച്ചാണ് ഇരയെ അഭിസാരികയെന്ന് വിശേഷിപ്പിക്കുന്നത്. അപ്പോള്‍ അത്രയും തവണ തിരുവസ്ത്രത്തിന്റെ മഹത്വവും ആത്മീയ ചിന്തകളുമുപേക്ഷിച്ച് ലൈംഗികതൃഷ്ണയ്ക്കായി കന്യാസ്ത്രീയെ പ്രാപിക്കാന്‍ ശ്രമിച്ച ബിഷപ്പിനെ എന്തുപേരിട്ടാണ് ഇവര്‍ വിളിക്കുക. കാമഭ്രാന്തന്‍ എന്നായിരിക്കുമോ. യഥാര്‍ഥത്തില്‍ അത്തരക്കാരുടെ നടപടി മലര്‍ന്നുകിടന്ന് തുപ്പുന്നതിന് സമാനമാണ്.

Related News