ബാര്‍തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പദ്ധതി

Web Desk
Posted on January 17, 2019, 10:28 pm

കേരളത്തിലെ ആയിരക്കണക്കിന് തൊഴിലാളികളെ തെരുവാധാരമാക്കിയ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ബാര്‍ ഹോട്ടലുകള്‍ നിര്‍ത്തലാക്കിയ നടപടി. യുഡിഎഫിന്റെ അബ്കാരി നയത്തിന്റെ ഭാഗമെന്ന പേരിലായിരുന്നു 2014 ല്‍ ഉയര്‍ന്ന സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള ബാര്‍ ഹോട്ടലുകള്‍ നിര്‍ത്തലാക്കിയത്. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ ഒറ്റ ദിവസംകൊണ്ട് തെരുവാധാരമായി. യഥാര്‍ഥത്തില്‍ മദ്യനയത്തിന്റെ ഭാഗമായിട്ടായിരുന്നില്ല — മറ്റു ലക്ഷ്യങ്ങള്‍ വച്ചായിരുന്നു പ്രസ്തുത തീരുമാനമുണ്ടാതെന്ന് യുഡിഎഫിലെ നേതാക്കള്‍ തന്നെ പരസ്യമായി കുറ്റപ്പെടുത്തുന്ന സ്ഥിതി പിന്നീടുണ്ടായിരുന്നു. അതിന്റെ പേരില്‍ അഴിമതിയാരോപണങ്ങള്‍ വരെ യുഡിഎഫിന് നേരെയുണ്ടായി.

പ്രസ്തുത തീരുമാനത്തിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി സ്വയം തൊഴില്‍ പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. തൊഴിലാളികളുള്‍പ്പെടെയുള്ള ജനപക്ഷത്തുതന്നെയാണ് ഈ സര്‍ക്കാരിന്റെ ഉറച്ചുനില്‍പ് എന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്നായി ഇതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്.

സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. തെരുവാധാരമായ തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ചുവര്‍ഷ കാലാവധി നിശ്ചയിച്ച് മൂന്ന് ലക്ഷം രൂപവരെ വായ്പ നല്‍കും. അവശ ജനവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കമുള്ളതുപോലെ നാലുശതമാനം പലിശയോടെയാണ് വായ്പ നല്‍കുന്നത്. അരലക്ഷം രൂപ സബ്‌സിഡിയായും പരിഗണിക്കും. കേരള സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. സംരംഭകര്‍ക്ക് ആവശ്യമാണെങ്കില്‍ വ്യവസായ പരിശീലന വകുപ്പ് വഴി പരിശീലനവും ലഭ്യമാക്കും. അപേക്ഷകര്‍ക്ക് താല്‍പര്യമുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് വായ്പ ലഭിക്കും.

2014ലെ മദ്യനയം കാരണം തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ഹോട്ടല്‍ തൊഴിലാളികളെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. അപേക്ഷകര്‍ അബ്കാരി ക്ഷേമനിധി അംഗങ്ങളോ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആയിരിക്കണം. 2015നുശേഷം എഫ്എല്‍ 3, എഫ്എല്‍ 11 ലൈസന്‍സ് ലഭിച്ച ബാര്‍ഹോട്ടലുകളില്‍ വീണ്ടും ജോലി ലഭിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല എന്നിങ്ങനെയുള്ള നിബന്ധനകളോടെയാണ് പദ്ധതി പ്രാബല്യത്തില്‍ വരുത്തുക. ഈ നിബന്ധനകള്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടില്ലെന്നുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നുമുണ്ടാകണം.

മദ്യനയത്തിന്റെ പേരിലുള്ള രണ്ടു തീരുമാനങ്ങളാണ് പതിനായിരക്കണക്കിന് തൊഴിലാളികളെ തെരുവിലേക്കെറിഞ്ഞുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കിയത്. 1996 മാര്‍ച്ചില്‍ നടപ്പിലാക്കിയ ചാരായനിരോധനവും 2014 ല്‍ നടപ്പിലാക്കിയ ബാര്‍ഹോട്ടലുകളുടെ നിയന്ത്രണവും. ചാരായ നിരോധനഘട്ടത്തില്‍ 5600 ലധികം ചാരായഷോപ്പുകളിലെ 13,000ത്തിലധികം പേരാണ് തൊഴില്‍ രഹിതരായത്. 2014 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച നാനൂറിലധികം ബാറുകള്‍ അടച്ചുപൂട്ടുമെന്ന തീരുമാനത്തിലൂടെയും പതിനായിരത്തിലധികം പേര്‍ തെരുവാധാരമായി.

ഈ രണ്ടുഘട്ടങ്ങളിലും തൊഴില്‍രഹിതരായവരെ പുനരധിവസിപ്പിക്കുമെന്ന് അതാത് കാലത്തെ മുഖ്യമന്ത്രിമാര്‍ വാക്ക് പറഞ്ഞിരുന്നുവെങ്കിലും നടപ്പിലായില്ല. 1996 മാര്‍ച്ചിലെ വാഗ്ദാനം നടപ്പിലാക്കുന്നതിന് തൊടട്ടുത്ത മാസം നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയമെങ്കിലും കാരണമായി പറയാനുണ്ട്. എന്നാല്‍ 2014 ഓഗസ്റ്റില്‍ ബാറുകള്‍ പൂട്ടിയതിനാല്‍ തെരുവാധാരമായവരെ പുനരധിവസിപ്പിക്കുന്നതിന് പ്രഖ്യാപിച്ച പുനര്‍ജ്ജനി 2030 എന്ന പദ്ധതി നടപ്പിലാക്കുന്നതിന് പിന്നീട് രണ്ടുവര്‍ഷത്തിലധികം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അവസരമുണ്ടായി. എന്നാല്‍ ഒന്നും നടപ്പിലായില്ല.

തെറ്റായ തീരുമാനം തിരുത്തിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ബാറുകളില്‍ ചിലത് വീണ്ടും തുറക്കുകയും കുറേ പേര്‍ക്കെങ്കിലും തൊഴില്‍ തിരികെ ലഭിക്കുകയും ചെയ്തു. എന്നാല്‍ നിയമപരമായ ഇടപെടലുകള്‍ കാരണം തുറക്കാന്‍ പറ്റാതെപോയ ബാറുകളിലെ തൊഴിലാളികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം അനുഭവിക്കാനാവുക. എന്തായാലും ആയിരക്കണക്കിന് തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ വായ്പാസഹായം നല്‍കിയാണെങ്കിലും പദ്ധതി ആവിഷ്‌കരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ എല്ലാവിഭാഗവും പിന്തുണയ്ക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതോടൊപ്പംതന്നെ ജനകീയ സര്‍ക്കാര്‍ പരിഗണിക്കേണ്ട വിഷയം കൂടിയുണ്ട്. ചാരായനിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസമാണ്. 1996 ല്‍ എ കെ ആന്റണി സര്‍ക്കാര്‍ നിരോധനം നടപ്പിലാക്കിയതിനെ തുടര്‍ന്ന് തൊഴില്‍രഹിതരായവര്‍ക്കുള്ള ചില പദ്ധതികള്‍ പിന്നീടുണ്ടായെങ്കിലും കുറേപേര്‍ക്കെങ്കിലും അതിന്റെ ഗുണം ലഭിക്കുകയുണ്ടായില്ല. അക്കാലത്ത് തെരുവാധാരമായ പല തൊഴിലാളികളും സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിക്കായി ഇപ്പോഴും സമരരംഗത്തുണ്ട്. തങ്ങളോട് കനിവ് കാട്ടുന്ന തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും അവര്‍ സംഘടിതമായി നില്‍ക്കുന്നത്.