Monday
27 May 2019

തൊഴിലാളികളുടെ അവകാശ പത്രിക

By: Web Desk | Saturday 9 March 2019 11:19 PM IST

ഒരു രാജ്യത്തിന്റെ സമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്നത് അവിടെയുള്ള തൊഴിലാളികളാണ്. ഒരു വര്‍ഗം എന്ന നിലയില്‍ സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കുന്നതും തൊഴിലാളികളാണ്. രാജ്യം ഒരു പ്രതിസന്ധി ഘട്ടം നേരിടുമ്പോള്‍ പാവപ്പെട്ടവനും അടിച്ചമര്‍ത്തപ്പെട്ടവനും യഥാര്‍ഥ വഴികാട്ടുന്നത് തൊഴിലാളി വര്‍ഗമാണ്. ചരിത്രത്തിലുടനീളവും ലോകരാജ്യങ്ങളിലെവിടെയും ഇക്കാര്യം തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് പാവപ്പെട്ട ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് മുമ്പ് മുതലാളിത്ത വര്‍ഗവും അതിന്റെ സര്‍ക്കാരുകളും തൊഴിലാളികളെ നിരായുധരാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഇന്ത്യയില്‍ 2014 മുതല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇതുതന്നെയാണ് ചെയ്യുന്നത്. സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകര്‍ക്കൊപ്പമോ തൊഴിലാളികള്‍ക്കൊപ്പമോ നിന്നിട്ടില്ല. കോര്‍പ്പറേറ്റ് യജമാനന്‍മാരുടെ വിനീത വിധേയരായാണ് പ്രവര്‍ത്തിക്കുന്നത്.
ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബിജെപി അതിന്റെ ഹിന്ദുത്വ ആശയങ്ങളെ മുറുകെപിടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ കര്‍ഷകരേയും തൊഴിലാളികളേയും ജന്മശത്രുക്കളായി കാണുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമേല്‍ ഇവര്‍ പകയുടെ തോക്ക് തിരിക്കുന്നു. ധീരോദാത്തമായ പോരാട്ടങ്ങളിലൂടെ തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിലപാടുകളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നിലവിലുള്ള തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്യുന്നു.

രാജ്യത്ത് നിലവിലുള്ള 44 തൊഴില്‍ നിയമങ്ങള്‍ക്കുപകരം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ നാല് ലേബര്‍ കോഡുകള്‍ മോഡി സര്‍ക്കാര്‍ മുന്നോട്ടുവച്ചു. നാലരവര്‍ഷത്തെ ഭരണത്തിനിടെ ഒരിക്കല്‍ മാത്രമാണ് ഈ യോഗം ചേര്‍ന്നത്. ഇതെല്ലാംതന്നെ എന്‍ഡിഎ സര്‍ക്കാരിന്റെ വര്‍ഗസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഈ വര്‍ഗ സ്വഭാവം പുതുച്ചേരിയില്‍ നടന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമാക്കിയിരുന്നു. പുതിയ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് കുത്തകകളുടെ താല്‍പ്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വലതുപക്ഷ ആശയങ്ങളേയും അതിന് അനുബന്ധമായ ഭൂരിപക്ഷവാദം, വര്‍ഗീയത, ഫാസിസ്റ്റ് പ്രവണതകള്‍ എന്നിവയേയും പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തില്‍ എത്തിയെന്നായിരുന്നു പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഇതൊക്കെ തന്നെയാണ് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും.

തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം തകര്‍ക്കുന്നതിന് സംഘപരിവാര്‍ ശക്തികള്‍ അയോധ്യ പോലുള്ള വിഭാഗീയ വര്‍ഗീയ വിഷയങ്ങള്‍ ഇവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. സംഘടിതമായ തൊഴിലാളി വര്‍ഗം എല്ലാ പ്രതികൂല സാഹചര്യങ്ങളേയും ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായി തൊഴിലാളി വര്‍ഗം പോരാട്ടങ്ങളുടെ ഒരു നീണ്ട നിരതന്നെ നടത്തിയിട്ടുണ്ട്. ജനുവരി 8,9 തീയതികളില്‍ 20 കോടി തൊഴിലാളികള്‍ പങ്കെടുത്ത സമരം ഒരു ചരിത്ര സംഭവം തന്നെയായിരുന്നു. ഇത് തികച്ചും ആവേശം ഉണര്‍ത്തുന്ന സമരവും. തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടവീര്യവും കത്തിയാളുന്ന മനസുമാണ് ഇതിലൂടെ പ്രകടമായത്. ഇതൊക്കെ ഉള്‍ക്കൊണ്ട സംഘപരിവാര്‍- ബിജെപി നേതൃത്വം തീവ്ര ദേശീയതയുടെ പേരില്‍ യുദ്ധവെറി സൃഷ്ടിച്ച് തൊഴിലാളികളുടെ പ്രതിഷേധത്തെ അവഗണിക്കാനുള്ള അവസാനത്തെ അടവാണ് പയറ്റുന്നത്. തങ്ങളുടെ വമ്പിച്ച പരാജയങ്ങള്‍ മറയ്ക്കുന്നതിന് ഇത്തരത്തിലുള്ള യുദ്ധവെറിതന്നെയാണ് ലോകത്തിലെ മറ്റ് ഫാസിസ്റ്റ് ഭരണാധികാരികളും സ്വീകരിച്ചത്.

ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. എന്നാല്‍ കര്‍ഷകര്‍, തൊഴിലാളികള്‍, മറ്റ് ജനാധിപത്യ ശക്തികള്‍ എന്നിവര്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറല്ല. പുല്‍വാമ ആക്രമണത്തിന് ശേഷം പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന് രാജ്യത്തെ ജനങ്ങള്‍ ഒന്നായി സൈന്യത്തിനൊപ്പം നിന്നു. സംഘപരിവാര്‍ നേതൃത്വം കൊടുക്കുന്ന തീവ്രദേശീയതുടെ ഭാഗമായുള്ള യുദ്ധവെറിയുടെ ഇരകളാകാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറല്ല. സര്‍ക്കാരിന്റെ പരാജയത്തെ രാജ്യം ഒന്നായി നിന്ന സാഹചര്യവുമായി സന്തുലനം ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനൊപ്പം നില്‍ക്കാനും തയ്യാറല്ല. സാധാരണക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇപ്പോഴുള്ള പോരാട്ടങ്ങള്‍ തുടരാന്‍ ഈ മാസം അഞ്ചിന് ചേര്‍ന്ന തൊഴിലാളികളുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. അത് ദേശീയ സുരക്ഷക്കും അനിവാര്യമാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റേയും ദുര്‍ബല വിഭാഗങ്ങളുടേയും അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൊഴിലാളികളുടെ അവകാശ പത്രിക കണ്‍വന്‍ഷന്‍ അംഗീകരിച്ചു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഈ അവകാശ പത്രികയുടെ സ്വാധീനം ഉണ്ടാകും. ഇന്നത്തെ അധികാരികളില്‍ നിന്നും ഗുരുതരമായ ഭീഷണിയാണ് രാജ്യത്തെ ഭരണഘടന നേരിടുന്നത്. പുതിയ ഇന്ത്യ വാര്‍ത്തെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഈ പത്രിക ഊര്‍ജ്ജം പകരുന്നതിനൊപ്പം സാതന്ത്ര്യപ്രസ്ഥാനത്തിന്റെ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കപ്പെടും.