സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: കോണ്‍ഗ്രസ് ചരിത്രത്തിന്റെ നാല്‍ക്കവലയില്‍

Web Desk
Posted on October 12, 2017, 1:00 am

അന്തിമവിധി എന്തുതന്നെ ആയാലും നിയമം അതിന്റെ വഴിക്ക് മുന്നേറുക തന്നെ ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടിയേയും കേരളത്തെയും ബോധ്യപ്പെടുത്തുന്നതായി സോളാര്‍ തട്ടിപ്പ് കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അതിന്മേല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തുടര്‍നടപടികളും. സോളാര്‍ തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളും സമൂഹത്തില്‍ സൃഷ്ടിച്ച അഭൂതപൂര്‍വമായ വിവാദങ്ങളും അതിനെ കേരളം കണ്ട എല്ലാ തട്ടിപ്പുകളുടെയും മാതാവാക്കി മാറ്റിയിരുന്നു. 2013 ഒക്‌ടോബര്‍ 28ന് അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെയാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി നിയമിച്ചത്. നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അന്ത്യത്തില്‍ കഴിഞ്ഞ മാസം 26‑നാണ് കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തുടര്‍നടപടികള്‍ അഭൂതപൂര്‍വവും നിയമാനുസൃതം കാര്‍ക്കശ്യമേറിയതുമാണ്. സോളാര്‍ അഴിമതിയടക്കം ഭരണാധികാരികള്‍ ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങള്‍ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു. അഴിമതിരഹിതമായ ഭരണമാണ് എല്‍ഡിഎഫ് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ സുപ്രധാന വാഗ്ദാനങ്ങളിലൊന്ന്. ആ വാഗ്ദാനം വിട്ടുവീഴ്ച കൂടാതെ നിറവേറ്റാനുള്ള ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യമാണ് സര്‍ക്കാരിന്റെ സോളാര്‍ തട്ടിപ്പുകേസ് അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി പ്രഖ്യാപനം. അതിനെ രാഷ്ട്രീയ പ്രേരിതമെന്നും ആ പ്രഖ്യാപനം അനവസരത്തിലുള്ളതെന്നും മറ്റുമുള്ള യുഡിഎഫ് പ്രതികരണം കൊടുങ്കാറ്റിനെ പഴമുറംകൊണ്ട് തടയാനുള്ള പാഴ്‌വേല മാത്രമാണ്.
ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനെ നിയമിച്ചതും അതിന്റെ അന്വേഷണ വിഷയനിര്‍ണയം നടത്തിയതും കുറ്റാരോപിതനായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ്. കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി (എല്‍ഡിഎഫ്) ആലോചിച്ച് നിശ്ചയിക്കുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടിരുന്നു. സോളാര്‍ തട്ടിപ്പുകേസിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിരോധിക്കാനാവുന്നതെല്ലാം ഉറപ്പുവരുത്തിയിരുന്നു. അത്തരം ഒരു കമ്മിഷന്റെ റിപ്പോര്‍ട്ടിന്മേല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആരോപിക്കുന്നതിന്റെ അര്‍ഥം സാമാന്യജനങ്ങള്‍ക്കുപോലും തിരിച്ചറിയാനാവും. റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പോളിങ് നടക്കുന്ന ദിവസം തന്നെ പ്രഖ്യാപിച്ചതിലും യുഡിഎഫിന് അനല്‍പമായ കുണ്ഠിതമാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ ഒരു പക്ഷേ നടത്താമായിരുന്ന ആ പ്രഖ്യാപനം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന ആവലാതിക്കും അടിസ്ഥാനമില്ല. പ്രഖ്യാപിച്ച തുടര്‍നടപടികള്‍ നിയമാനുസൃതം, നീതിപൂര്‍വം, കാലവിളംബം കൂടാതെ പൂര്‍ത്തീകരിക്കാന്‍ എല്‍ഡിഎഫ് തികഞ്ഞ ജാഗ്രത പുലര്‍ത്തുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത് കേരളത്തിലെ രാഷ്ട്രീയ, ഭരണതല അഴിമതികള്‍ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാനമായ ഒരു കാല്‍വയ്പായി മാറണം.
ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിക്കുമെന്നു വേണം കരുതാന്‍. ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവര്‍ അവലംബിക്കുന്ന നിലപാട് നിര്‍ണായകമാവും.

കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിരാജിക്കുന്ന യൂത്ത് മുതല്‍ മൂത്ത കോണ്‍ഗ്രസുകാര്‍ വരെ വലിയൊരു നിര നേതാക്കളാണ് അതീവ ഗുരുതരവും അത്യന്തം ലജ്ജാകരവുമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അത്തരക്കാരെ നിലനിര്‍ത്തിക്കൊണ്ട് ബിജെപിയുടെ അഴിമതി രാഷ്ട്രീയത്തെ എങ്ങനെ കോണ്‍ഗ്രസിന് പ്രതിരോധിക്കാനാവുമെന്ന് ജനങ്ങള്‍ കൗതുകപൂര്‍വം ഉറ്റുനോക്കുന്നു. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റും നിയുക്ത അധ്യക്ഷനുമായ രാഹുല്‍ഗാന്ധി ബിജെപിക്കും അതിന്റെ ദേശീയ അധ്യക്ഷനും ഉള്‍പ്പെട്ട അഴിമതിക്കെതിരെ മുന്നണി ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. അഴിമതിയാണ് യുപിഎ സര്‍ക്കാരിന്റെ പതനത്തിന് ആക്കം കൂട്ടിയത്. അക്കാര്യത്തില്‍ കോണ്‍ഗ്രസ് പുനര്‍ചിന്തനത്തിന്റെ പാതയിലാണെന്ന സൂചന ഒന്നിലധികം തവണ രാഹുല്‍ഗാന്ധി തന്നെ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് വിശ്വാസ്യതയും സ്വീകാര്യതയും വീണ്ടെടുക്കണമെങ്കില്‍ തങ്ങളുടെ ഉന്നത നേതാക്കള്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മിഷന്‍ സ്ഥിരീകരിച്ച കുറ്റകൃത്യങ്ങളില്‍ നടപടി സ്വീകരിക്കാനുള്ള തന്റേടം അവര്‍ കാണിക്കണം. അത് മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തെ തടയാന്‍ സഹായകമാവൂ. അതിനാവുന്നില്ലെങ്കില്‍ കേരളത്തിലും രാജ്യത്തും കോണ്‍ഗ്രസിന്റെ സ്ഥാനം ചരിത്രത്താളുകളില്‍ മാത്രമായി ഒതുങ്ങും.