Monday
18 Feb 2019

അഭ്രപാളിയിലെ ചുവന്ന സൂര്യന്‍: കമ്മ്യൂണിസ്റ്റ് ഇതിഹാസത്തെ അഭ്രപാളിയില്‍ മീനമാസത്തിലെ സൂര്യനാക്കി

By: Web Desk | Tuesday 15 January 2019 9:37 PM IST

ലെനിന്‍ രാജേന്ദ്രന്റെ ആദ്യ ചിത്രം നിര്‍ണായകമായൊരു കാലാവസ്ഥയുടെ പേരിലായിരുന്നു, വേനല്‍. പിന്നീടുണ്ടായ പല സിനിമകള്‍ക്കും പേര് അങ്ങനെ തന്നെ. അദ്ദേഹത്തിന്റെ സിനിമാ പേരുകള്‍ പ്രത്യേകമായി നിരീക്ഷിച്ചാല്‍ പലതും കാലവും കാലാവസ്ഥയുമൊക്കെയായാണ് ചേര്‍ന്നു നില്‍ക്കുന്നതെന്ന് കാണാം. കയ്യൂര്‍ സംഭവമെന്ന കമ്മ്യൂണിസ്റ്റ് ഇതിഹാസത്തെ അഭ്രപാളിയില്‍ എത്തിച്ചപ്പോള്‍ അതിന് നല്‍കിയ പേര് മീനമാസത്തിലെ സൂര്യനെന്ന്.

Image result for mazha movieമഴ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിങ്ങനെ പോകുന്നു സിനിമയുടെ പേരുകള്‍. ചില്ല്, പുരാവൃത്തം, വചനം, കുലം എന്നീ സിനിമകളും ഈ നിഗമനത്തോട് ചേര്‍ത്തു നിര്‍ത്താവുന്നതാണ്. ഒരര്‍ഥത്തില്‍ ചരിത്രത്തിന്റെ പുനര്‍വായന വേറിട്ട രീതിയില്‍ നടത്തിയ സ്വാതി തിരുനാളിനെയും ഈ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്. പ്രേം നസീറിനെ കാണ്മാനില്ല, ദൈവത്തിന്റെ വികൃതികള്‍, അന്യര്‍ എന്നിവ പേരിടലിന്റെ പ്രത്യേകതയില്‍ ഈ നിഗമനത്തിന് പുറത്താണെങ്കിലും ഉള്ളടക്കത്തില്‍ അതുള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്.
വേറിട്ട സിനിമാ വ്യക്തിത്വം, സംവിധായക രംഗത്തെ അല്‍ഭുതപ്രതിഭ എന്നിങ്ങനെയുള്ള പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ലെനിന്‍ എന്ന സംവിധായകനെ ഈയൊരു തലത്തില്‍ കൂടി നിരീക്ഷിക്കുമ്പോഴാണ് പൂര്‍ണമാവുക എന്നാണ് തോന്നുന്നത്. കാലമില്ലാതെ ജീവിതവും ജീവിതമില്ലാതെ കാലവുമില്ല എന്ന പരസ്പരപൂരകത്തെ അര്‍ഥപൂര്‍ണമായി അദ്ദേഹം ഉള്‍ക്കൊണ്ടുവെന്നാണ് സ്വന്തം സിനിമകളുടെ പേരിടലില്‍ പോലും കാട്ടിയ വൈഭവം വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ ആദ്യത്തേത് മുതല്‍ അവസാനത്തേത് വരെയുള്ള എല്ലാ സിനിമകളിലും തന്റെ രാഷ്ട്രീയം ഉള്‍ച്ചേര്‍ത്തുള്ള ജീവിത വീക്ഷണങ്ങള്‍ തന്നെയാണ് ലെനിന്‍ രാജേന്ദ്രന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. Image result for കയ്യൂര്‍ സംഭവംവടക്കന്‍ കേരളത്തിലെ പ്രക്ഷോഭ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്ന കയ്യൂര്‍ സംഭവം മീനമാസത്തിലെ സൂര്യനെന്ന പേരില്‍ സിനിമയാക്കുന്നതിന് ഇടയാക്കിയത് ആ രാഷ്ട്രീയ കാഴ്ചപ്പാട് തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. ചരിത്രത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ വിലയിരുത്തപ്പെട്ട ജന്മിത്വ വിരുദ്ധ സമരമായിരുന്നു കയ്യൂര്‍ സംഭവത്തിലേക്ക് വഴിവച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടപ്പിലാക്കപ്പെട്ട വധശിക്ഷയിലൂടെ നാലുപേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച പ്രസ്തുത സംഭവത്തെ ഹൃദയസ്പര്‍ശിയായ സിനിമയായി മലയാളി പ്രേക്ഷകരുടെ മനസിലേക്ക് സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഒരു പക്ഷേ പുസ്തകങ്ങളിലൂടെ അവയെ വായിച്ചവരേക്കാള്‍ എത്രയോ മടങ്ങുപേര്‍ ആ ചരിത്രത്തെ അടുത്തറിഞ്ഞത് മീനമാസത്തിലെ സൂര്യനെന്ന സിനിമയിലൂടെ ആയിരിക്കും.
എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന ഹൃദയസ്പര്‍ശിയായ നോവല്‍ അതേ പേരിലും മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി, മഴയെന്ന പേരിലും ലെനിന്റെ സംവിധായക മികവില്‍ മലയാളികള്‍ക്ക് അനുഭവവേദ്യമായ ചലച്ചിത്രകാവ്യമായി. സ്വാതിതിരുനാളിന്റെ ജീവിതവും അങ്ങനെ മലയാളിയുടെ അനുഭവമാക്കുന്നതിന് ലെനിന്റെ പ്രതിഭയ്ക്ക് സാധിച്ചു. അല്‍ഫോണ്‍സച്ചന്‍ എന്ന മുകുന്ദന്‍ കഥാപാത്രത്തെ നായകരംഗത്ത് പ്രതിഷ്ഠിച്ചപ്പോള്‍ മയ്യഴിയെന്ന പ്രദേശം ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയശേഷം അവിടെയവശേഷിച്ച ഫ്രഞ്ചുകാരുടെ ജീവിതവും വ്യഥകളും അന്യതാത്വവും പ്രേക്ഷകരുടെ കൂടി വേദനയായി മാറുന്നു. ഫ്രഞ്ച് അധിനിവേശ വിരുദ്ധ പോരാട്ടത്തെ തള്ളിപ്പറയാതെ തന്നെ അത് നിര്‍വഹിക്കുന്നതിന് അപാരമായ കയ്യടക്കം വേണ്ടതുണ്ട്. അതില്‍ ലെനിന്‍ വിജയിക്കുക തന്നെ ചെയ്യുന്നു.
Image result for malayalam movie anyar lenin rajendranഏറ്റവും ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്ത സിനിമ അന്യര്‍ ഇപ്പോള്‍ ഏറ്റവും പ്രസക്തമാകുന്നൊരു വിഷയത്തെയാണ് അഭിസംബോധന ചെയ്തത്. കേരളത്തിലെ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തെ. സമകാലികമായി നോക്കുമ്പോള്‍ അന്യര്‍ എന്ന സിനിമ കൂടുതല്‍ പ്രസക്തമാവുകയും ചെയ്യുന്നുണ്ട്.
ചലച്ചിത്ര സംവിധാനത്തില്‍ മാത്രമല്ല സംഘാടനത്തിലും ലെനിന്‍ രാജേന്ദ്രന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസര്‍ എന്ന നിലയിലും നിലവില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലും ചലച്ചിത്ര മേളകളുടെയും സിനിമാ നിര്‍മാണ മേഖലയുടെയും സംഘാടനത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

ദൈവത്തിന്റെ വികൃതികളും മഴയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയപ്പോള്‍ രാത്രിമഴയിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. ദേശീയസംസ്ഥാന അവാര്‍ഡ് കമ്മിറ്റികളില്‍ ജൂറി അംഗമായിരുന്നു. സിനിമയ്ക്കപ്പുറത്ത് കെ പി എ സി യുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങളും സംവിധാനം ചെയ്ത ലെനിന്‍ രാജേന്ദ്രന്‍ നാടകവും തന്റെ തട്ടകമാണെന്ന് അടയാളപ്പെടുത്തി. നിര്‍മാതാവ്, ടെലിഫിലിം, ഡോക്യുമെന്ററി എന്നിവയിലും അദ്ദേഹം തന്നെ അടയാളപ്പെടുത്തി. പുസ്തകങ്ങളും അദ്ദേഹത്തിന്റെ തൂലികയിലൂടെ മലയാളി വായനക്കാരുടെ ഇഷ്ട വിഭവങ്ങളായിട്ടുണ്ട്. കാലത്തോടൊപ്പം കാലാവസ്ഥയോടും താന്‍ ചെറുപ്പം മുതല്‍ കൊണ്ടു നടന്ന ഇടതുപക്ഷ രാഷ്ട്രീയത്തോടുമുള്ള പ്രതിബദ്ധത സിനിമ ഉള്‍പ്പെടെയുള്ള കലാസപര്യകളില്‍ എഴുതിച്ചേര്‍ത്താണ് ലെനിന്‍ രാജേന്ദ്രന്‍ തന്റെ ജീവിതവചനം അവസാനിപ്പിക്കുന്നത്.