Web Desk

August 02, 2021, 5:18 am

തുരങ്കംവച്ചിട്ടും പൊന്‍തൂവലാക്കുന്നു

Janayugom Online

കേരളത്തിലെ അത്ഭുതങ്ങളിലൊന്നായി മാറുന്ന കുതിരാന്‍ തുരങ്കത്തിലൂടെ ഗതാഗതം തുടങ്ങിയിരിക്കുന്നു. രണ്ട് പാതയില്‍ പാലക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് കടന്നുപോരാനുള്ള തുരങ്കമാണ് ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ, എന്നാല്‍ അത്യന്തം ആഹ്ലാദത്തോടെ തുറന്നിരിക്കുന്നത്. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടതടവില്ലാത്ത സമ്മര്‍ദ്ദങ്ങളുടെയും ഇടപെടലുകളുടെയും ഫലമാണിത്. ഓഗസ്റ്റിന് മുമ്പ് തുരങ്കപ്പാത തുറന്നുകിട്ടുന്നതിനുള്ള ശക്തമായ ആവശ്യം ദേശീയപാത വികസന അതോറിറ്റി(എന്‍എച്ച്എ)ക്കും കേന്ദ്ര ഉപരിതലമന്ത്രാലയത്തിനും മുന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും അല്ലാതെയും കേന്ദ്രവുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. കേരളം കാത്തുനിന്ന സുരക്ഷാ അനുമതി കേന്ദ്ര സര്‍ക്കാരിന് എന്‍എച്ച്എ കൈമാറിയ നിമിഷം ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ‘സര്‍ജിക്കല്‍ ട്വീറ്റ്’ വഴിയാണ് തെന്നിന്ത്യയിലെത്തന്നെ ഏറ്റവും ദൂരമേറിയ തുരങ്കപ്പാത തുറന്നുകൊടുക്കുവാന്‍ ‘ആഹ്വാനം’ ചെയ്യുന്നത്. പൊലീസ് സഹായവും മറ്റും ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശം തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ചതാണ് കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിനുള്ള ഔപചാരിക അറിയിപ്പ്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ തൃശൂര്‍ ജില്ലാ കളക്ടറും പൊലീസ് മേധാവിയും ആദ്യയാത്രികരായി. പിറകെ പൊതുഗതാഗതവും തുടങ്ങി. നരേന്ദ്രമോഡി സര്‍ക്കാരിന്റെ മറ്റൊരു മാതൃകയെന്നാണ് ഇതിനെ കേന്ദ്രഭരണാനുകൂല മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കേരളത്തിലെ ‘മന്ത്രിപ്പടയെയും അകമ്പടികളെയും പൂര്‍ണമായും ഒഴിവാക്കി തുരങ്കപ്പാത തുറന്നു’ എന്നും മലയാളികളെ അപമാനിക്കുംവിധം ചേര്‍ത്തെഴുതുകയും ചെയ്തു. രാജ്യത്തിനുതന്നെ അഭിമാനിക്കാവുന്ന, 1.6 കിലോമീറ്റര്‍ ദൂരമുള്ള പാതയുടെ നിര്‍മ്മാണത്തിന്റെ അംഗീകാരം കേരളത്തിനാകുമോ എന്ന ഭീതിയില്‍‍ കേന്ദ്ര സര്‍‍ക്കാര്‍ ഇപ്പോള്‍‍ കാണിച്ച അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനുനേരെ സംസ്ഥാന റവന്യു-പൊതുമരാമത്ത് മന്ത്രിമാര്‍ എടുത്ത പക്വമായ നിലപാട് ഒര­ര്‍ത്ഥത്തില്‍ മധുരപ്രതികാരമായി വേണം കാണാന്‍.

2010ലാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് കുതിരാന്‍ തുരങ്കത്തിന്റെ അ­ന്തി­മകരാര്‍ ഒ­പ്പുവയ്ക്കുന്നതും നിര്‍മ്മാണം ആരംഭിക്കുന്നതും. 30 മാസംകൊണ്ട് നിര്‍മ്മാണം പൂര്‍‍ത്തിയാക്കി ഗതാഗതത്തിന് തു­റന്നുകൊടുക്കുമെന്നായിരുന്നു വ്യവസ്ഥ. ഇത് പാ­ലിച്ചിരുന്നെങ്കില്‍ 2014 മെയ് 26ന് അധികാരത്തിലെത്തി­യ ആ­ദ്യ നരേന്ദ്രമോഡി സര്‍ക്കാരിന് തു­രങ്കപ്പാത വൈകാതെ തു­റന്നുകൊടുക്കാമായിരുന്നു. കുതിരാന്‍ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് കേന്ദ്ര സര്‍ക്കാരിന്റേതു തന്നെയാണ്. കരാര്‍ പ്രകാരം വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തവും കേന്ദ്രത്തിന്റേതാണ്. അത് ശേഷിക്കുന്ന തുരങ്കത്തിന്റെയും ദേശീയപാത വികസനം വേഗത്തിലാക്കുന്നതിലും വ്യത്യസ്തമല്ല. എന്നാല്‍ ഇത് എത്രത്തോളം പാലിക്കപ്പെട്ടുവെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. നരേന്ദ്ര മോഡി അധികാരത്തില്‍ തുടരുമ്പോള്‍ തന്നെയാണ്, എന്‍എച്ച്എയെയും കരാറുകാരെയും തങ്ങളുടെ കൂലിത്തല്ലുകാര്‍ എന്ന പോലെ കുതിരാന്‍ തുരങ്കം, വടക്കുഞ്ചേരി-മണ്ണുത്തി ദേശീയപാത കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടത്. ദേശീയപാത വികസന പ്രവൃത്തിയുടെ പ്രധാനകരാര്‍ ഏറ്റെടുപ്പിച്ചത് ആന്ധ്രയില്‍ നിന്നുള്ള ബിജെപി രാജ്യസഭാംഗത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെക്കൊണ്ടാണ്. തുരങ്കനിര്‍മ്മാണ സ്ഥലത്തും ദേശീയപാത നിര്‍മ്മാണ ഭാഗങ്ങളിലും കേരളത്തിലെ ജനപ്രതിനിധികളുമായും ജില്ലാ ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും പരസ്യമായ വാക്കേറ്റങ്ങള്‍ക്കുപോലും എന്‍എച്ച്എ അധികൃതരും കരാറുകാരും മുതിര്‍ന്നിരുന്നു എന്നതും മറച്ചുവയ്ക്കാനാവില്ല. പല കാര്യങ്ങളിലും ഇവര്‍ക്കെതിരെ പൊതുജനങ്ങള്‍ക്കും മറ്റും കോടതി കയറേണ്ടിവന്നതും യാഥാര്‍ത്ഥ്യമാണ്. ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്‍ മുന്‍ ഉപരിതലഗതാഗത സഹമന്ത്രിയായിരിക്കെ, കുതിരാന്റെയും ദേശീയപാതയുടെയും ദുരവസ്ഥയുടെ മുകളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നിട്ടും കേരളത്തിന്റെ പരാതികള്‍ക്ക് ചെവികൊടുത്തില്ല. തൃശൂര്‍ എംപിയായിരുന്ന സി എന്‍ ജയദേവന്‍, ഒറ്റപ്പാലം എംപി ആയിരുന്ന പി കെ ബിജു എന്നിവര്‍ പാര്‍ലമെന്റിനകത്ത് നടത്തിയ ഇടപെടലുകളെയും അവഗണിച്ചിരുന്നു. ദേശീയപാത വികസനം ഇന്നും പൂര്‍ത്തിയായിട്ടുമില്ല.

സംസ്ഥാനത്ത് തൊട്ടുമുമ്പുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ പോലും കുതിരാന്‍ വിഷയത്തില്‍ കാണിച്ച അലംഭാവം ചെറുതൊന്നുമായിരുന്നില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുള്‍പ്പെടെ രാഷ്ട്രീയ ആഘോഷമായിരുന്നു, യുഡിഎഫിന് കുതിരാന്‍. തിരുവോണനാളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം കുതിരാനിനടുത്തെത്തി ഉപവസിക്കുകയും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതൊഴിച്ചാല്‍ യുഡിഎഫിനും ഇക്കാര്യത്തില്‍ കാര്യമായ സംഭാവനയൊന്നുമില്ല. തീര്‍ത്തും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് കുതിരാന്‍ തുരങ്കപ്പാതയുടെ നിര്‍മ്മാണ വേഗതയിലുണ്ടായത്. മുന്‍‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, സ്ഥലം എംഎല്‍എകൂടിയായ റവന്യുമന്ത്രി അഡ്വ. കെ രാജന്‍ എന്നിവരുടെയും നാട്ടുകാരുടെയും സമീപ പഞ്ചായത്തുകളുടെയും ഇടപെടല്‍ നിരന്തരമായിരുന്നു. രണ്ടാമത്തെ പാതയുടെ നിര്‍മ്മാണപുരോഗതിക്കായി വേഗത്തിലുള്ള ഇടപെടല്‍ തന്നെയാണ് കേരളം തുടരുന്നത്. എന്നിട്ടും തുരങ്കപ്പാത തുറന്നിട്ടതിനു പിറകെ പ്രചരിപ്പിക്കുന്ന ‘മോഡി മാതൃക’ കേരളത്തിലെ വികസനകാര്യങ്ങള്‍ക്കെതിരെ തുടരുന്ന ബിജെപിയുടെ ദുരഭിമാനക്കാഴ്ചയാണ്.