6 October 2024, Sunday
KSFE Galaxy Chits Banner 2

ദാരിദ്ര്യത്തിന്റെ അളവുകോല്‍

Janayugom Webdesk
September 8, 2024 5:00 am

ഒരു കുടുംബം തികഞ്ഞ ദാരിദ്ര്യത്തിൽ ജീവിക്കാൻ തുടങ്ങുന്നതിന്റെ അടയാളമാണ് പട്ടിണി. വരുമാനം കുറയുന്നതിനനുസരിച്ച്, ഭക്ഷ്യവസ്തുക്കളുടെ വില താങ്ങാനാവാതെ വരികയും ഉപഭോഗ നിലവാരം കുത്തനെ താഴുകയും ചെയ്യും. ഇതാകട്ടെ ദാരിദ്ര്യം തിട്ടപ്പെടുത്തുന്ന മാനദണ്ഡമായ ഉപഭോഗനിരക്ക് കുറയുന്നതിന് കാരണമാകും. മുഴുവന്‍ ഗാര്‍ഹികാവശ്യങ്ങളും ഇല്ലായ്മയിലേക്ക് വഴുതിവീഴുമ്പോൾ ഏറ്റവും വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ് വെളിപ്പെടുന്നത്. ദരിദ്രരും അല്ലാത്തവരും തമ്മിലുള്ള വിഭജനരേഖ കൂടുതല്‍ വലുതാകുന്നു. ദാരിദ്ര്യരേഖയും സമ്പൂർണ ദാരിദ്ര്യരേഖയുമെല്ലാം ഏകപക്ഷീയമായി നിശ്ചയിച്ചതാണുതാനും. കൊടുംപട്ടിണിയിലുള്ളവരെ സമ്പൂർണ ദാരിദ്ര്യരേഖ തിരിച്ചറിയുന്നുവെങ്കിൽ നല്ലത്. വികസ്വര രാജ്യങ്ങളുടെ പശ്ചാത്തലത്തിൽ പരിഗണിക്കുന്ന സമ്പൂർണ ദാരിദ്ര്യരേഖകൾ പ്രാഥമികമായി അതിജീവന പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയ വിഭാഗത്തെ കേന്ദ്രീകരിക്കുന്നു എന്നാണ് സങ്കല്പം. വികസിത രാജ്യങ്ങളും അതിനോട് യോജിക്കുന്നു. ആത്യന്തികമായ പ്രശ്നം അസമമായ വിതരണത്തിന്റേതാണ്. വിവിധ പട്ടിണി സർവേകളുടെ ഫലങ്ങൾ ഉദാഹരണം. പ്രദേശങ്ങൾ തിരിച്ചാണ് ഭൂരിഭാഗം സർവേകളും പൂർത്തീകരിക്കുന്നത്. 2023ൽ, 135 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് പട്ടിണി സർവേ പൂർത്തിയാക്കിയതില്‍ ഇന്ത്യയ്ക്ക് 111-ാം സ്ഥാനമായിരുന്നു. 2022ൽ 107-ാം സ്ഥാനത്തായിരുന്നു. ഇത് രാജ്യത്തെ വിശപ്പിന്റെ ഗുരുതരമായ മാനങ്ങളുള്ള തീവ്രതയെ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ ഗ്ലോബൽ ഹങ്കർ ഇൻഡക്സ് സ്കോർ 100ല്‍ 28.7ആണ്. പൂജ്യമാണ് മികച്ച സ്കോർ, ഏറ്റവും മോശം നൂറും. 

സർവേയിൽ വിശപ്പിന്റെ പ്രശ്നങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യം അസമമായ സാമ്പത്തിക വിതരണമാണ്. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലവർധനയും മൂലം രാജ്യത്തിന്റെ വളർച്ച മുരടിക്കുന്നതും അപകടമാണ്. വിലക്കയറ്റം പിടിച്ചുനിർത്താനുതകുന്ന പ്രക്രിയകൾ ഫലവത്താകുന്നില്ല. ഉല്പാദനവും ഉപഭോഗവും പൊരുത്തങ്ങളില്ലാതെയാണ് നീങ്ങുന്നത്. ഗോതമ്പ്, അരി തുടങ്ങിയ അടിസ്ഥാന ധാന്യങ്ങളിൽ കനത്ത വിളവ് ലഭിച്ചിട്ടും തെറ്റായ വിതരണ സംവിധാനം വിലക്കയറ്റത്തിനും ക്ഷാമത്തിനും വഴിയൊരുക്കുന്നു. രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ ചീഞ്ഞഴുകിപ്പോകുന്നു. വിപണിയില്‍ വില താഴാനനുവദിക്കാതെ, മുതലാളിത്ത താല്പര്യസംരക്ഷണത്തിന് ലക്ഷക്കണക്കിന് ടൺ ഭക്ഷ്യധാന്യങ്ങൾ കടലിലൊഴുക്കുന്നു. സാമ്പത്തിക പ്രതിസന്ധി മുഴുവൻ വ്യവസ്ഥിതിയെയും പിടികൂടിയപ്പോഴെല്ലാം ലോകം ഇത്തരം കോമാളിത്തരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതേ യുക്തി തന്നെയാണ് തൊഴിലില്ലായ്മയെ നിലനിർത്തുന്നതും. ജോലിയില്ലാത്തവർ തൊഴിലിന് കാത്തുനിൽക്കുന്നു. ഏത് വേതനത്തിനും എത്ര മണിക്കൂർ വേണമെങ്കിലും ജോലി ചെയ്യാൻ സന്നദ്ധരാകേണ്ടിയിരിക്കുന്നു. തൊഴിലില്ലായ്മ സൃഷ്ടിച്ച്, നിസഹായത തീർത്ത് സ്വന്തം താല്പര്യങ്ങളിൽ തൊഴിലാളികളെ തളയ്ക്കാൻ മുതലാളിത്തത്തിന്റെ ദൂഷിതവലയം കളം തീർക്കുന്നു. അത് കാലാതീതമായി ഏതാണ്ട് ഒരേ താളത്തിൽ നീങ്ങുന്നു. കാലാവസ്ഥാ വ്യതിയാനവും വിളകളുടെ ഉല്പാദനത്തെയും അതുവഴി വ്യാപാരത്തെയും വിതരണത്തെയും ബാധിക്കുന്നുണ്ട്. ഇതിന്റെ മറവിൽ ഭക്ഷ്യവിലക്കയറ്റത്തിന് സ്ഥായിയായ സ്വഭാവം കൈവരുന്നു. 

2024 ഓഗസ്റ്റിലെ റിപ്പോര്‍ട്ടില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കാലാവസ്ഥാ വ്യതിയാനം അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്രമരഹിതമായ കാലാവസ്ഥയും തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളും രാജ്യത്തെ ഭക്ഷ്യസാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു. ഡിമാൻഡ്-സപ്ലൈ ഗണിതം നിർണയിക്കുന്ന കണക്കുകൾ ഉല്പാദനം, ഉപഭോഗം തുടങ്ങിയ പരസ്പര പ്രവർത്തനങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. വിതരണമേഖലയിലെ പുതിയ തടസങ്ങളും കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടതാണ്. ഇവിടെ അവഗണിക്കപ്പെടുന്ന ചില കണ്ണികളുണ്ട്. കർഷകരാണ് ഒന്നാമത്. പാർശ്വവൽക്കരിക്കപ്പെട്ടവരും ഇന്ത്യയിലെ ദരിദ്രരായ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്നതുമായ കർഷകർക്ക് വിളനാശം മൂലം വരുമാനം നഷ്ടപ്പെടുന്നു. ഉയർന്ന വില മെച്ചപ്പെട്ട ഭക്ഷണക്രമം അന്യമാക്കുന്നു. ഇത് മൊത്തത്തിലുള്ള പോഷകാഹാര നിലവാരത്തെ ബാധിക്കുന്നു. വ്യാപകമായ തൊഴിലില്ലായ്മ സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ വലിപ്പത്തിലും പ്രകൃതിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉല്പാദനത്തിനും വളർച്ചയ്ക്കും ആവശ്യമായ മനുഷ്യാധ്വാനം തൊഴിൽ ഉല്പാദനത്തിന് സഹായകമായിരിക്കണം. എന്നാൽ അത് സംഭവിക്കുന്നില്ല. രാജ്യം ഇപ്പോൾ തൊഴിലുകളില്ലാത്ത വളർച്ചയുടെ കാലഘട്ടത്തിലാണ്. അതിനർത്ഥം ഇരുളടഞ്ഞ ഇടവഴിയിൽ വഴി നഷ്ടപ്പെടുന്നു എന്നുതന്നെ.
അസംഘടിതവും അനൗപചാരികവുമായ ഇടങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികളുടെ കാര്യത്തിൽ വർധനവുണ്ട്. സ്വയംതൊഴിൽ ചെയ്യുന്നവരുടെ അനുപാതത്തിലും വളർച്ച കാണാം. ഓർമ്മിക്കുക ഇവ ‘സുരക്ഷിതമായ ജോലികളല്ല, മറിച്ച് സുരക്ഷിതവും സംഘടിതവുമായ മേഖലയിൽ വേണ്ടത്ര അവസരങ്ങൾ കണ്ടെത്താത്തതിനാൽ തൊഴിലാളികൾ സ്വീകരിക്കുന്ന അതിജീവന തൊഴിൽ തന്ത്രമാണ്. ഉല്പാദനം, കൃഷി, സേവന മേഖലകൾ എന്നിവയിൽ യോജിച്ച നയം വികസിപ്പിക്കുന്നതിൽ നരേന്ദ്ര മോ‍ഡി സർക്കാർ പരാജയപ്പെട്ടു. സംയോജിത അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയുള്ള നിർമ്മാണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ ഇടപെടൽ ദയനീയമാണ്. ചെറുകിട‑ഇടത്തരം ഉല്പാദന സംരംഭങ്ങളും അതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങളിലും നിന്ന് സർക്കാർ മാറിനിൽക്കുകയാണ്. ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും നിക്ഷേപം ഗണ്യമായി കുറഞ്ഞു. തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് സുരക്ഷിതത്വം നൽകുന്നില്ല. ഉപജീവനത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം, മോഡി സർക്കാർ അടിസ്ഥാന യാഥാർത്ഥ്യങ്ങള്‍ മറച്ച്, വിവരങ്ങൾ മൂടിക്കെട്ടി, ഭിന്നിപ്പിന്റെ പതിവ് അജണ്ട ഉയർത്തിപ്പിടിക്കുകയാണ്. ഇത് ഒരിക്കലും രാഷ്ട്രത്തിന് ഗുണമല്ല, ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.