കാർഷിക മേഖലയിലെ പിടിച്ചുപറി

Web Desk
Posted on September 27, 2020, 4:56 am

പ്രതിബദ്ധത മൂല്യവത്തായ ഒരു ജനാധിപത്യ ഭരണനിർവഹണത്തിൽ അനിവാര്യമാണ്. രാജ്യത്ത് ജനാധിപത്യത്തിന്റെ അതിജീവനമാക‍ട്ടെ ഭരണഘടനയിൽ അധിഷ്ഠിതവും. രാജ്യത്തിന്റെ നിലനിൽപ്പ് ഈ എടുപ്പിൽ കേന്ദ്രീകൃതവുമാണ്. എന്നാൽ വർത്തമാന ഇന്ത്യ സാക്ഷിയാകുന്നത് ഭാഗ്യവിപര്യ ചെയ്തികളെയാണ്. പാർലമെന്റിന്റെ വിശ്വാസ്യത നശിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു. പരമോന്നതസഭകൾക്ക് ഉപദേശക മാനം നിഷേധിക്കപ്പെടുന്നു. സർക്കാർ അവതരിപ്പിക്കുന്ന ബില്ലുകൾ ഉൾക്കൊള്ളാനും നിഷേധിക്കാനുമുള്ള ചർച്ചാവേദിയും ഇതിലൂടെ ഇല്ലാതാകുന്നു. ബില്ലുകൾ സമയബന്ധിതമായി ചർച്ചചെയ്യപ്പെടണം. ഭേദഗതികളും സമാനഗൗരവത്തിൽ വിലയിരുത്തപ്പെടണം. വാദപ്രതിവാദങ്ങളിലൂടെ അഭിപ്രായങ്ങളിലെ ഭിന്നത തിരിച്ചറിയണം. സഭാ അധ്യക്ഷന്മാർ ഇതിന് അവസരമൊരുക്കാൻ കടപ്പെട്ടിരിക്കുന്നു.

മൂന്ന് കാർഷിക ബില്ലുകൾ പാസാകണമെന്ന് ഭരണകൂടം ആഗ്രഹിച്ചു. എന്നാൽ ചർച്ചകൾക്കും വിയോജിപ്പിനുമുള്ള ആവശ്യം പരിഗണിച്ചില്ല. ബോധ്യം വരുത്താതെ നാമമാത്ര പരാമർശങ്ങളിൽ കാര്യങ്ങൾ അവസാനിച്ചു. ആശയക്കുഴപ്പത്തിലും അവ്യക്തതയിലുമായ അംഗങ്ങൾക്ക് എവി‍ടെ നിലകൊള്ളണം എന്നതിൽ ആശങ്കയേറി. വിട്ടുനിൽക്കാനും അവസരം നിഷേധിച്ചു. ഒടുവിൽ ശബ്ദവോട്ടിന്റെ മുഴക്കം. നടപടിക്രമങ്ങളുടെ ഓരോ ചുവടുകളും നിന്ദിക്കപ്പെട്ടു. ബുൾഡോസർ പ്രവർത്തനനിരതമായി. അവ്യവസ്ഥയിൽ ശബ്ദകോലാഹലം മാത്രം. ആരൊക്കെ തുണച്ചു ആരൊക്കെ എതിർത്തു, അറിയുക അസാധ്യം. തനിച്ചുള്ള ഭൂരിപക്ഷത്തിന്റെ മൃഗീയമായ അധികാരത്തിൽ ലോക്‌സഭയിൽ കേന്ദ്രസർക്കാർ ബില്ലുകൾ ചുട്ടെടുത്തു.

രണ്ടുബില്ലുകളും ഇതോടുചേർന്നുള്ള മറ്റൊന്നും ഓർഡിനൻസായി കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ളതും വർഷാരംഭത്തിൽ വിളംബരം ചെയ്തതുമായിരുന്നു. ഇവ മാറ്റി അടിയന്തരമായി ബില്ലുകൾ പാസാക്കിയെടുക്കാനുള്ള തിടുക്കം വ്യക്തമായ സംഘപരിവാർ രാഷ്ട്രീയ താല്പര്യങ്ങൾ എന്നു മാത്രമേ ചേർത്തുവായിക്കാനാകൂ. ഓർഡിനൻസുകൾ പാർലമെന്റിൽ കടന്നുപോകണം. എന്നാൽ കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ല. കിസാൻസഭയും ബികെഎംയു നേതൃത്വത്തിൽ കർഷകത്തൊഴിലാളികളും ഇതേതുടർന്ന് ഇപ്പോൾ ദേശവ്യാപകമായ പ്രക്ഷോഭത്തിലുമാണ്. ശിരോമണി അകാലിദൾ നേരിട്ട അവഗണന എരിതീയിൽ എണ്ണപകർന്നപ്പോൾ പ്രതിപക്ഷ പ്രക്ഷോഭങ്ങൾക്ക് കരുത്തേറി. പാർലമെന്ററി പരിഗണനകളിലൂടെ വേണം ബില്ല് കടന്നു പോകേണ്ടത് എന്നതായിരുന്നു അവരുടെ ആവശ്യം. ഇതേ തുടർന്ന് ബില്ലുകൾ പാർലമെന്റിൽ എത്തി, എന്നാൽ അന്ത്യം ആദിയിലേ തെളിഞ്ഞു. ചരിത്രത്തിലാദ്യമായാണ് പാർലമെന്റ് റബർസ്റ്റാമ്പായി അധഃപ്പതിച്ചത്. അമിതാധികാരത്തിന്റെ അടിച്ചേൽപ്പിക്കലിൽ ഈ പ്രക്രിയ വിജയം കണ്ടു.

ഒരു രാജ്യം ഒരു വിപണി എന്ന ഉള്ളടക്കത്തിൽ ഊന്നിയുള്ള കാർഷിക ബില്ലുകൾ നിലവിലായപ്പോൾ കർഷകന് തന്റെ ഉല്പന്നങ്ങൾ എവിടെയും വിൽക്കാമെന്നാണ് മേനിപറച്ചിൽ. എന്നാൽ, അടിസ്ഥാന താങ്ങുവില പോലും നൽകാതെ വൻകിട സ്വകാര്യ കാർഷിക വാണിജ്യ സംരംഭങ്ങൾക്ക് നാമമാത്ര വിലയ്ക്ക് കർഷകരിൽ നിന്നുള്ള ഉല്പന്നങ്ങൾ വാങ്ങാൻ വഴിയൊരുക്കിയിരിക്കുന്നു. കാർഷിക ഉല്പന്നങ്ങളുടെ വില്പനയിൽ നികുതികൾ ഒഴിവാക്കിയിട്ടുള്ള സംസ്ഥാനങ്ങൾക്ക് പാർലമെന്റ് പാസാക്കിയ ഈ നിയമങ്ങൾ വളരെ ദോഷകരമാണ്.

രാജ്യത്ത് ശേഷിക്കുന്ന സംയുക്ത സംസ്ഥാന വ്യവസ്ഥിതി കേന്ദ്രഭരണം ഞെരിച്ചുടക്കുകയാണ്. കർഷകന്റെ സംരക്ഷണത്തിനായി യാതൊരു നടപടികളുമില്ല. തന്റെ ഉല്പന്നങ്ങളുടെ വില്പനയ്ക്ക് ഒരു കരാറിന് തുനിയുമ്പോൾ കമ്പനികൾ ഒരിക്കലും കർഷകന്റെ വില അംഗീകരിയ്ക്കില്ല. ഗുണമേന്മക്കുറവും നിലവാരക്കുറവും ആവർത്തിച്ച് വിലയിടിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. രാജ്യത്തെ കർഷകരിൽ 86.2 ശതമാനവും രണ്ടുഹെക്ടറിൽ താഴെ മാത്രം കൃഷി ഭൂമിയുടെ ഉടമകളായിരിക്കെ വിലപേശാൻ കുത്തക സംരംഭകർക്ക് ഒപ്പമാകില്ല ഇവർ എന്നു തന്നെ ഉണ്മ. സ്വഭാവികമായും നേട്ടങ്ങളെല്ലാം സമ്പന്നരിൽതന്നെ കേന്ദ്രീകൃതമാകും.

ദീർഘകാലപാട്ടത്തിന് കൃഷിഭൂമി നേടാനും ബില്ലിൽ വ്യവസ്ഥകളുണ്ട്. കർഷകരെ അവരുടെ അഭിമാനത്തിന്റെ പാരമ്യത്തിൽ തന്നെ ചൂഷണം ചെയ്ത് തുച്ഛമായ നിരക്കിൽ അവന്റെ ഭൂമി കൈയ്യേറാനുള്ള ശ്രമം. ദീർഘകാല പാട്ടത്തിന് ഭൂമി കൈമാറിയ കർഷകൻ ഭൂരഹിതരായ കൊടുംദുരിതത്തിലാഴ്ന്ന തൊഴിലാളിക്കൊപ്പം ചേർക്കപ്പെടുന്നു. അവന്റെ ഭൂമിയിൽ അവൻ കൂലിക്കാരനായി മാറുന്നു. കാർഷിക മേഖല സമഗ്രതയിൽ അതിവേഗം കുത്തകകളുടെ കൈപ്പിടിയിലമരും. ഇതേ വേഗതയിൽ കർഷകൻ കൊടിയ ദാരിദ്രത്തിലാഴും. ഭൂപരിഷ്കരണ നിയമം ഉൾപ്പെടെയുള്ളവയുടെ നേട്ടങ്ങൾ ഇല്ലാതാകും. അതികഠിനങ്ങളായ ദിനങ്ങളെ നേരിടേണ്ട ദുർഗതിയിലാണ് ഇന്ത്യയിലെ കർഷകർ. അവശ്യ വസ്തുക്കളുടെ പട്ടികയുടെ സംരക്ഷണയിൽ നിന്നുപോലും അവൻ പുറത്തായിരിക്കുന്നു. 1955ലെ അവശ്യ ചരക്കു നിയമത്തിലുണ്ടായ ഭേദഗതി ഇതിന് വഴി തുറന്നിരിക്കുന്നു.

ഫുഡ് കോർപ്പറേഷൻ താങ്ങുവില നൽകി കർഷകരിൽ നിന്നും ധ്യന്യങ്ങളും ഭക്ഷ്യസാധനങ്ങളും സംഭരിച്ചിരിച്ചിരുന്നത് കേന്ദ്രം ഇടപെട്ട് അവസാനിപ്പിച്ചു. ഇതിലൂടെ പൊതുവിതരണ സംവിധാനം ദുർബലമായി. അവശ്യ ചരക്കു നിയമത്തിലുണ്ടായ ഭേദഗതിയിലൂടെ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണ, കിഴങ്ങ് എന്നിവ പട്ടികയിൽ നിന്നും പുറത്തായി. കോർപ്പറേറ്റ് താല്പര്യങ്ങളുടെ സംരക്ഷണത്തിനും അവർ കൂടുതൽ നേട്ടങ്ങൾ കൊയ്യുന്നു എന്നുംഉറപ്പു വരുത്തുന്നതിനായി വിളവെടുപ്പു കാലത്ത് കർഷകരിൽ നിന്നും വൻതോതിൽ ഉല്പന്നങ്ങൾ സംഭരിക്കുന്നതിന് റിലയൻസ്, വാൾമാർട്ട് തുടങ്ങിയവയ്ക്ക് അനുമതി നൽകിയിരിക്കുന്നു. വില താഴ്ന്നു നിൽക്കുന്ന വിളവെടുപ്പ കാലത്ത് കുത്തകൾ അവരുടെ ബലവും ചേർന്നുള്ള വിലപേശൽ കഴിവും ഉപയോഗിച്ച് കാർഷികോല്പന്നങ്ങളുടെ വിലഇടിച്ചു താഴ്ത്തും.

കർഷകരിൽ നിന്നും ശേഖരിച്ചവ വിപണിയിലെത്തിക്കാൻ വിലവർധനവിന്റെ കാലത്തിനായി കാത്തിരിക്കും. അവശ്യ സാധനങ്ങൾ കൈപ്പിടിയിൽ നിന്ന് അകലെയായി പട്ടിണിയിലാഴ്ന്ന കർഷകർ ബഹുരാഷ്ട്രകുത്തകളുടെ അടിമകളായി മാറും. കേന്ദ്രം കൊണ്ടുവന്ന ബില്ലിൽ വിവരിക്കുന്ന സ്വതന്ത്ര വിപണി, സംഭരണം, കയറ്റ് ഇറക്കുമതി എന്നിവ കര്‍ഷക താല്പര്യങ്ങളൊന്നും സംരക്ഷിക്കുന്നില്ല. പട്ടിണിയുടെയും വറുതിയുടെയും സാഹചര്യങ്ങളിലേക്ക് കർഷകരെ തള്ളിനീക്കുന്നു. കേന്ദ്രം കൊണ്ടുവന്ന കാർഷിക ബില്ലുകളുടെ സംക്ഷിപ്തം കർഷകന്റെ പരാജയം ജനാധിപത്യത്തിന്റെ പട്ടടയിൽ മൂലധനം ആഘോഷിക്കുന്നു എന്നതു തന്നെയാണ്.