September 30, 2022 Friday

നിയമവാഴ്‌ചയുടെ പേരില്‍ അരങ്ങേറുന്നത് ഭരണകൂട അരാജകത്വം

Janayugom Webdesk
May 18, 2021 4:00 am

തൊണ്ണൂറു രാജ്യങ്ങളിലേക്കും ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമാധാന പരിപാലന സേനകള്‍ക്കുമായി 6.64 കോടി ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് 19 പ്രതിരോധ വാക്സിൻ കയറ്റി അയച്ചു. കോവിഡ് 19ന്റെ രണ്ടാംവരവ് ആരംഭിച്ച 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഈ കയറ്റുമതി നടന്നത്. ആയിരങ്ങള്‍ പ്രാണവായുപോലും കിട്ടാതെ പിടഞ്ഞുമരിക്കുമ്പോഴാണ് ഈ കയറ്റുമതിയെന്നതില്‍ ജനങ്ങള്‍ രോഷം പ്രകടിപ്പിക്കുക സ്വാഭാവികം മാത്രം. ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോള്‍ മോഡിജി വാക്സിൻ കയറ്റുമതി ചെയ്യുന്നു’ എന്ന് ആലേഖനം ചെയ്ത പോസ്റ്ററുകള്‍ രാഷ്ട്രതലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു.

അതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് അറസ്റ്റുകള്‍ നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. പോസ്റ്റര്‍ പതിച്ച് ‘നഗരത്തിന്റെ മുഖം വികൃതമാക്കി‘യെന്നതാണ് കുറ്റം. പോസ്റ്റര്‍ പതിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പടുകൂറ്റന്‍ പൂര്‍ണകായ കട്ടൗട്ടുകള്‍ രാഷ്ട്രതലസ്ഥാനത്തെ നഗരവീഥികളിലുടനീളം ഉയര്‍ത്തുന്ന ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്കും എതിരെ എന്ത് നടപടിയാവും ഉണ്ടാവുക? ഇന്നലെ പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ അടക്കം നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. കുപ്രസിദ്ധമായ നാരദ ചിട്ടിഫണ്ട് കേസിലാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് കോടി രൂപ ജനങ്ങളെ കബളിപ്പിച്ച ടിഎംസി നേതാവും മുന്‍ കേന്ദ്ര റയില്‍വേ മന്ത്രിയും ഇപ്പോള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ മുകുള്‍ റോയ്, കഴിഞ്ഞ മമത സര്‍ക്കാരില്‍ മന്ത്രിയും ഇപ്പോള്‍ പശ്ചിമബംഗാള്‍ നിയമസഭയില്‍ ബിജെപി അംഗവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി തുടങ്ങിയ ബിജെപി നേതാക്കള്‍ പലരും ഇതേ കേസില്‍ പ്രതികളാണ്. കേസിലെ മുഖ്യ കണ്ണികളായ ഇവര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാവലയത്തില്‍ സ്വൈരവിഹാരം നടത്തുകയാണ്.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ നിയമപാലനത്തിന്റെ ഏറ്റവും പുതിയ മാതൃകകളാണ് മേല്‍വിവരിച്ചത്. അവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ബിജെപി-സംഘപരിവാര്‍ രാജിന്റെ പൊതുസ്വഭാവത്തെയാണ് പ്രതിനിധീകരിക്കുന്നത്. വിദേശനാണയ വിനിമയ നിയമം (എഫ്‌സിആര്‍എ) അനുസരിച്ച് വിദേശ സാമ്പത്തിക സഹായം കൈപ്പറ്റുന്ന ആയിരക്കണക്കിനു സംഘടനകള്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ച മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമൂഹിക‑രാഷ്ട്രീയ ജീവിതത്തിന്മേലുള്ള വിദേശ ദുസ്വാധീനങ്ങള്‍ക്ക് വിരാമമിടുന്നു എന്ന പ്രതീതിയാണ് ജനങ്ങള്‍ക്ക് നല്കിയിരുന്നത്. വസ്തുത അതല്ലെന്നും സംഘപരിവാര്‍, തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് മാത്രമായി വിദേശ സാമ്പത്തിക സഹായം പരിമിതപ്പെടുത്തുകയായിരുന്നു എന്നും ഇതിനകം വ്യക്തമായിക്കഴിഞ്ഞു. സംഘപരിവാര്‍ സംഘടനകളില്‍ ഒന്നായ സേവ ഇന്റര്‍നാഷണല്‍ ട്വിറ്റര്‍ സിഇഒയില്‍ നിന്നും 110 കോടിയില്പരം രൂപയുടെ സംഭാവന കൈപ്പറ്റിയിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട 736 ഗവണ്മെന്റിതര സംഘടനകള്‍ വഴി കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ വിതരണം നടത്തുന്നതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. നിയമാനുസൃതം സംസ്ഥാന സര്‍ക്കാരുകള്‍ വഴിയും പൊതുവിതരണ ശൃംഖലകള്‍ വഴിയും സൗജന്യ റേഷനടക്കം ദുരിതാശ്വാസ വിതരണം നടത്തുന്നതിനു വിസമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നിടത്താണ് ഈ നടപടി. പിഎം കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച നിഗുഢത കൊടിയ അഴിമതിയിലേക്കും സ്വജന പക്ഷപാതത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഈ നിഗൂഢ ഫണ്ടുപയോഗിച്ച് വാങ്ങിയ നൂറുകണക്കിന് വെന്റിലേറ്ററുകള്‍ ഗുജറാത്തില്‍പോലും പ്രവര്‍ത്തനരഹിതമാണെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു. ഏപ്രില്‍ മാസം വിവാദ തെരഞ്ഞെടുപ്പ് ബോണ്ട് വില്പനയിലൂടെ ജനുവരിയില്‍ സംഭരിച്ചതിന്റെ 16 ഇരട്ടി പണം സമാഹരിച്ചതായി വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. അത് എവിടെ ചെന്നെത്തിയിരിക്കുമെന്നതിനെപ്പറ്റി ആര്‍ക്കും സംശയമുണ്ടാവില്ല. നിഗൂഢമായ തെരഞ്ഞെടുപ്പ് ബോണ്ടിന്റെ വില്പനയുടെ 95 ശതമാനവും ബിജെപിയുടെ മടിശീലയിലാണ് എത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ജനാധിപത്യത്തെ സമ്പൂര്‍ണമായി അട്ടിമറിക്കാനാണ് അത് വിനിയോഗിക്കുന്നതെന്നും അനുഭവം നമ്മെ പഠിപ്പിക്കുന്നു.

ഭരണഘടന ഉപയോഗിച്ച് ഭരണഘടനയേയും ഭരണഘടനാ തത്വങ്ങളേയും നിയമവാഴ്ചയുടെ പേരില്‍ നിയമവാഴ്ചയേയും അട്ടിമറിക്കുന്ന ഫാസിസ്റ്റ് സ്വേച്ഛാധിപത്യ വാഴ്ചയ്ക്കാണ് രാജ്യവും ലോകവും സാക്ഷ്യംവഹിക്കുന്നത്. ഭരണഘടനയുടേയും ഭരണഘടനാ സ്ഥാപനങ്ങളുടേയും പഴുതുകളും പരിമിതികളും ഉപയോഗിച്ച് മോഡിരാജ് അവയെ തകര്‍ക്കുന്നു. നിയമവാഴ്ചയുടെ പേരില്‍ ഭിന്നാഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും അമര്‍ച്ചചെയ്യുന്ന ഭരണകൂട അരാജകത്വത്തിനാണ് അനുദിനം രാജ്യം ഇരയാവുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.