വെളിയിട വിസര്‍ജ്ജന വിമുക്തഭാരതം എന്ന കാപട്യം

Web Desk
Posted on October 04, 2019, 11:17 pm

അധികാരത്തിലേറിയ രണ്ടായിരത്തി പതിനാല് മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റ് കേന്ദ്രമന്ത്രിമാരും ശുചിത്വ ഭാരതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഓരോ ഗാന്ധി ജയന്തിദിനത്തിലും നേട്ടങ്ങളെക്കുറിച്ച് വാചാലരാകാറുമുണ്ട്. 2014 ലെ സ്വാതന്ത്ര്യദിനത്തിലാണ് ശുചിത്വഭാരതം നേടുന്നതിനുള്ള ആദ്യ പ്രഖ്യാപനമുണ്ടായത്. അതില്‍ പിന്നീട് പല തവണ നേട്ടങ്ങളെക്കുറിച്ചുള്ള വായ്ത്താരികളുണ്ടാവുകയും ചെയ്യുന്നു. പ്രധാനമന്ത്രിയും കൂട്ടരും ഗാന്ധിജിയെ ഏറ്റവുമധികം ഓര്‍ക്കുന്നതുതന്നെ ശുചിത്വവുമായി ബന്ധപ്പെട്ടാണെന്നുപോലും കരുതാവുന്നതാണ്. ഇതിന്റെയെല്ലാം ഒടുവിലാണ് ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തെ വെളിയിട വിമുക്ത രാജ്യമായി പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രസ്തുത പ്രഖ്യാപനം പെരുപ്പിച്ചു കാട്ടിയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇതിനകം തന്നെ കണക്കുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് മധ്യപ്രദേശില്‍ രണ്ടാഴ്ചയ്ക്ക് ഇടയിലുണ്ടായിരിക്കുന്ന മൂന്ന് മരണങ്ങള്‍. വ്യാഴാഴ്ച വെളിയിടത്തില്‍ വിസര്‍ജ്ജനം നടത്തിയതിന് ഒരു ദളിത് ബാലനെ തല്ലിക്കൊന്നുവെങ്കില്‍ അതിന് മുമ്പ് രണ്ടുപേരെയാണ് തല്ലിക്കൊന്നത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് വ്യാഴാഴ്ചത്തെ സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്തു നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ബഗസ്പൂര്‍ ഗ്രാമത്തില്‍ രാംസിങിന്റെ മകന്‍ രോഗിയായ ഭഗ്വാന്‍ സിങാണ് മരിച്ചത്. സെപ്റ്റംബര്‍ 25 നാണ് മധ്യപ്രദേശിലെ തന്നെ ശിവപുരി ജില്ലയില്‍ രണ്ടു ദളിത് സഹോദരങ്ങളെ തല്ലിക്കൊന്നത്. ശിവപുരിയും ഇപ്പോള്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ട സാഗറും ഒരു വര്‍ഷം മുമ്പ് തന്നെ വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടവയായിരുന്നു. പ്രഖ്യാപനം നടന്നുവെങ്കിലും പല വീടുകളിലും ഇപ്പോഴും ശൗചാലയങ്ങളില്ലെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ രണ്ടിനാണ് ഗുജറാത്തിലെ സബര്‍മതിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് മുന്നോടിയായി എല്ലാ കണക്കുകളും പെരുപ്പിച്ചുവെന്നാണ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പല സംസ്ഥാനങ്ങളും ലക്ഷ്യത്തിന്റെ അടുത്തുപോലും എത്തിയിട്ടില്ല. വിവിധ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ പ്രണ്ടഖ്യാപനം യാഥാര്‍ഥ്യമാവുക. മാനദണ്ഡങ്ങള്‍ 90 ശതമാനത്തിലധികം കടന്നാല്‍ നൂറ് ശതമാനം പ്രഖ്യാപിക്കുകയെന്നതാണ് രീതി. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന മികവില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പല മാനദണ്ഡങ്ങളും അമ്പതു ശതമാനം പോലും തികയ്ക്കാത്ത സംസ്ഥാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രാദേശിക തലത്തില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് കൈക്കൊള്ളുന്ന പ്രഖ്യാപനം ദേശീയ മിഷന്‍ അംഗീകരിക്കണമെങ്കില്‍ വിവിധ ഘട്ട പരിശോധനകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ ആദ്യഘട്ട പരിശോധനപോലും യഥാവിധി നടത്താതെയാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്. രാജ്യത്ത് മൊത്തം 90. 73 ശതമാനം പ്രദേശങ്ങളും വെളിയിട വിമുക്തമായെന്ന കണക്കാണ് ശുചിത്വ ഭാരത് മിഷന്റെ വെബ്‌സൈറ്റുകളിലുള്ളത്. എന്നാല്‍ ബിഹാറില്‍ 58. 32, ഒഡിഷയില്‍ 51. 09, ത്രിപുരയില്‍ 51. 61, ലക്ഷദ്വീപില്‍ 1. 11, ഗോവയില്‍ 4. 93 ശതമാനം വീതമാണ് ആദ്യഘട്ട പരിശോധന നടന്നതായി സെപ്റ്റംബര്‍ 26 ന് വെബ്‌സൈറ്റിലുണ്ടായിരുന്നത്. പക്ഷേ നാലു ദിവസംകൊണ്ട് പരിശോധന പൂര്‍ത്തിയാക്കിയ പ്രദേശങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. സെപ്റ്റംബര്‍ 26 ന് ഒഡിഷയില്‍ പരിശോധന പൂര്‍ത്തിയാക്കിയ വില്ലേജുകളുടെ എണ്ണം 23, 902 ആയിരുന്നത് 30 ആകുമ്പോഴേയ്ക്കും 37, 008 എണ്ണമായി ഉയര്‍ന്നു. നാലു ദിവസംകൊണ്ട് 13, 000, അതായത് ഒരു ദിവസം 3, 200 വില്ലേജുകളുടെ പരിശോധന പൂര്‍ത്തിയാക്കിയെന്നര്‍ഥം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ബിഹാറിലും നാലു ദിവസത്തിനിടെ 3, 202 വില്ലേജുകളുടെ പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം നല്‍കിയിരിക്കുന്നു. പല സംസ്ഥാനങ്ങളെയും കണക്കുകളില്‍ മാത്രമാണ് വെളിയിട വിസര്‍ജ്ജന വിമുക്തമാക്കിയിരിക്കുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമേ രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയാക്കിയ വില്ലേജുകളുടെ എണ്ണം ഓരോ സംസ്ഥാനങ്ങളുമെടുത്ത് പരിശോധിച്ചാല്‍ വലിയ വ്യത്യാസമുണ്ടെങ്കിലും രാജ്യത്താകെ 90 ശതമാനം കടന്നുവെന്ന കണക്കാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട പല ഗ്രാമങ്ങളിലും ശൗചാലയങ്ങള്‍ ഇല്ലാത്ത ഭവനങ്ങളുടെ എണ്ണം ഇപ്പോഴും 14 മുതല്‍ 27 വരെ ശതമാനമാണ്. വൃത്തിഹീനമായ ശൗചാലയങ്ങളുടെ എണ്ണവും പല സംസ്ഥാനങ്ങളിലും 8. 7 മുതല്‍ 15. 6 വരെ ശതമാനമാണ്. ഇങ്ങനെ ഏത് കണക്കുകളിലൂടെ സഞ്ചരിച്ചാലും പെരുപ്പിച്ചവയാണെന്ന് മനസിലാക്കുന്നതിന് പ്രയാസമുണ്ടാകില്ല. അത്തരം നിഗമനത്തെ ശക്തിപ്പടുത്തുന്ന സംഭവങ്ങളാണ് മധ്യപ്രദേശില്‍ നിന്ന് വന്നിരിക്കുന്ന രണ്ടു വാര്‍ത്തകള്‍. നേരത്തേ നടത്തിയ പല പ്രഖ്യാപനങ്ങളും ഇതുപോലെ തന്നെയാണ് നടത്തിയതെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. കണക്കുകള്‍ പെരുപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും ജനങ്ങളെയാകെ കബളിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ മോഡി സര്‍ക്കാര്‍ ചെയ്യുന്നത്.