ഇന്ത്യയെപ്പോലെ ഒരു വികസ്വര സമൂഹത്തില്‍ അഴിമതി സര്‍വസാധാരണവും പൊതു ജീവിതശൈലിയുമായി മാറിയിരിക്കുന്നുവെന്ന് ആരോപിക്കപ്പെട്ടാല്‍ അത് നിഷേധിക്കുക അസാധ്യമാണ്. അഴിമതി സംഘടിത സംവിധാനവും അതിന്റെ രക്ഷാകര്‍തൃത്വം അത്യുന്നത അധികാരകേന്ദ്രങ്ങള്‍ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നതോടെ നീതി, ധാര്‍മ്മികത, സത്യസന്ധത, പൊതുജീവിതത്തിലെ സുതാര്യത, അവസരസമത്വം തുടങ്ങി സാമൂഹ്യ നിലനില്പിന്റെ മൂല്യങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കപ്പെടും.
2014 ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ യുപിഎ സഖ്യത്തിന് അടിതെറ്റിയതിന്റെ മുഖ്യകാരണം ഡോ. മന്മോഹന് സിങ് ഗവണ്മെന്റിനു കീഴില്‍ പടര്‍ന്നു പന്തലിച്ച അഴിമതിയായിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണകൂടം വേറിട്ട ഒന്നായിരിക്കും എന്ന് ആരെങ്കിലും കരുതിയിരുന്നെങ്കില്‍ ആ തോന്നല്‍ അസ്ഥാനത്താണെന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നു.
നരേന്ദ്രമോഡി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ പാരമ്പര്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന വാജ്പേയിയുടെ ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഹമന്ത്രി ദിലീപ് റേയടക്കം അഞ്ചുപേര്‍ക്ക് ഝാര്‍ഖണ്ഡ് കല്‍ക്കരിപ്പാട കുംഭകോണത്തില്‍ മൂന്നു വര്‍ഷത്തെ തടവും പത്തു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത് ഇന്നലെയാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനടക്കം പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ, സര്‍ക്കാര്‍ ഉദ്യോഗത്തിനായുള്ള മത്സര പരീക്ഷകള്‍ എന്നിവയില്‍ വ്യാപകമായ അഴിമതി നടന്ന മധ്യപ്രദേശിലെ ‘വ്യാപംകേസി‘ന് സമാനമായി മഹാരാഷ്ട്രയില്‍ ബിജെപി മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ നടന്ന വന്‍അഴിമതി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. അഴിമതിക്കെതിരെ നിരന്തരം വാചകക്കസര്‍ത്ത് നടത്തുന്ന ബിജെപിക്ക്, തങ്ങള്‍ക്ക് ലഭിച്ച ഒരവസരവും പാഴാക്കാതെ അഴിമതിയുടെ കുത്തകാവകാശം സ്ഥാപിക്കാന്‍ യാതൊരു മടിയുമില്ലെന്നാണ് മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളിലൂടെയും വ്യക്തമാക്കുന്നത്.
അന്‍പതോളം പേരുടെ അസാധാരണവും സംശയാസ്പദവുമായ മരണത്തിനും തിരോധാനത്തിനും ഇടയാക്കിയ വ്യാപം അഴിമതിയെക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്താതെ വിസ്മൃതിയില്‍ ലയിച്ചിരിക്കുന്നു. ആ അഴിമതിയിലൂടെ ഡോക്ടര്‍മാരായ 643 പേരുടെ ബിരുദം റദ്ദാക്കിയ സുപ്രീംകോടതിവിധി അഴിമതി നടന്നുവെന്ന വസ്തുത ശരിവയ്ക്കുന്നു. ‘ധാര്‍മ്മികതയും സ്വഭാവവൈശിഷ്ട്യവുമുള്ള’ ഒരു രാഷ്ട്രത്തിനും ഇത്തരത്തിലുള്ള വഞ്ചനയും അഴിമതിയും അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ അടിവരയിടുന്നു. എന്നാല്‍ വ്യാപം അഴിമതി മഞ്ഞുമലയുടെ ശിഖരം മാത്രമായിരുന്നുവെന്നും മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന് തുടങ്ങിവച്ചത് ദേവേന്ദ്ര ഫഡ്നാവിസിന്റെ മഹാരാഷ്ട്രയില്‍ പടര്ന്നുപന്തലിക്കുകയായിരുന്നുവെന്നുമാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
2019 ല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ റവന്യൂ വകുപ്പിലെ സി, ഡി-ക്ലാസ് റവന്യൂ ഓഫീസര്‍മാരെ നിയമിക്കുന്നതിനു വേണ്ടി നടത്തിയ പരീക്ഷകളില്‍ വ്യാപകമായി അഴിമതി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നിയമനത്തിനു വേണ്ടി നടത്തിയ പരീക്ഷകളില്‍ ആള്‍മാറാട്ടവും കോപ്പിയടിയും ആസൂത്രിതമായി നടന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. പരീക്ഷാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്നതിലും റാങ്ക് നിശ്ചയിക്കുന്നതിലും പരീക്ഷ സംഘടിപ്പിച്ച പൊതു-സ്വകാര്യ ഏജന്‍സികള്‍ കൃത്രിമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
തൊഴിലില്ലായ്മ അതിരൂക്ഷമായ രാജ്യത്ത് അര്‍ഹരും മിടുക്കരുമായ ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളി പണത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പിന്‍ബലത്തില്‍ അനര്‍ഹര്‍ വന്‍തോതില്‍ കടന്നുകൂടുന്നുവെന്നാണ് മഹാരാഷ്ട്രയിലെ അഴിമതിക്കഥ തുറന്നു കാട്ടുന്നത്. പരീക്ഷാ നടത്തിപ്പുതന്നെ കാര്യക്ഷമതയുടെ പേരില്‍ പുറംകരാറുകാരായ അന്താരാഷ്ട്ര ഐടി കമ്പനികളെ ഏല്പിക്കുകവഴി രാജ്യത്ത് നടക്കുന്ന സര്‍ക്കാര്‍ റിക്രൂട്ട്മെന്റുകള്‍ പോലും അഴിമതിക്ക് ആഗോള പങ്കാളികളെ സൃഷ്ടിക്കാനുള്ള സംരംഭങ്ങളാക്കി മാറ്റി പുതിയ റെക്കോഡ് സ്ഥാപിക്കുകയായിരുന്നു ഫഡ്നാവിസ് ഭരണകൂടം.
അഴിമതിക്കെതിരെ പ്രമുഖ ഗാന്ധിയന്‍ അണ്ണാഹസാരെ ആരംഭിച്ച ലോകശ്രദ്ധ പിടിച്ചുപറ്റിയ സമരം ബിജെപിയും സംഘ്പരിവാറും എങ്ങനെ തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ആ സമരത്തിന്റെ വിളവെടുപ്പായിരുന്നു നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപിയെ അധികാരത്തില്‍ തിരികെയെത്തിച്ചത്. ആ സമരത്തിന്റെ ലക്ഷ്യങ്ങള്‍ അപ്പാടെ വിസ്മരിച്ച് അഴിമതിക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയാണ് ബിജെപി.