Web Desk

May 11, 2021, 5:01 am

പേറ്റന്റ് നിയമവും വാക്സിന്‍ നയത്തിലെ ഇരട്ടത്താപ്പും

Janayugom Online

കോവിഡ് 19 വാക്സിന് അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ അനുസരിച്ചുള്ള പേറ്റന്റ് നിബന്ധനകള്‍ താല്‍ക്കാലികമായി ഒഴിവാക്കാന്‍ യുഎസ് ഭരണകൂടം സന്നദ്ധമായ വാര്‍ത്ത ലോകം ഏറെ ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് സ്വീകരിച്ചത്. ഏറെ വെെമുഖ്യത്തോടെ എങ്കിലും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും കോവിഡ് 19 വാക്സിനുകളെ ലോകവ്യാപാര സംഘടനയുടെ വ്യാപാരസംബന്ധിയായ ബൗദ്ധിക ഉടമസ്ഥാവകാശം തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ തയ്യാറായേക്കുമെന്നാണ് സൂചന. ഡബ്ല്യുടിഒയുടെ 164 അംഗരാഷ്ട്രങ്ങളും ഏകണ്ഠമായി അംഗീകരിച്ചാല്‍ മാത്രമെ പേറ്റന്റ് നിബന്ധനകള്‍ ഒഴിവാക്കിയുള്ള തീരുമാനത്തിന് സാധുത ലഭിക്കൂ. എന്നിരിക്കിലും ബെെഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം നിര്‍ണായക പ്രാധാന്യം അര്‍ഹിക്കുന്നു. യുഎസിലെയും വികസിത പാശ്ചാത്യ രാഷ്ട്രങ്ങളിലെയും ഔഷധ കമ്പനികളുടെ അതിശക്തമായ സമ്മര്‍ദ്ദത്തെ മറികടന്നാണ് ബെെഡന്‍ ഭരണകൂടത്തിന്റെ തീരുമാനം.

ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ഡബ്ല്യുടിഒ നിബന്ധനകളില്‍ അയവു വരുത്തുന്നതിന് അനുകൂലമായ നിലപാടാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബെെഡന്‍ സ്വീകരിച്ചിരുന്നത്. കോവിഡ് മഹാമാരിയുടെ ഭീദിതമായ രണ്ടാം വരവോടെ ബൗദ്ധിക സ്വത്തവകാശ നിബന്ധനകള്‍ വാക്സിന്റെയും ഔഷധങ്ങളുടെയും ചികിത്സാ ഉപകരണങ്ങളുടെയും കാര്യത്തില്‍ ഇളവു ചെയ്യണമെന്ന ആവശ്യം യുഎസില്‍ ശക്തമായിരുന്നു. ബേണി സാന്‍ഡേഴ്സും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ 60 ശതമാനത്തിലധികം പ്രതിനിധികളും പൗരസമൂഹ സംഘടനകളും ബെെഡന്‍ ഭരണകൂടത്തിന്‍മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. അതിനെ തുടര്‍ന്നാണ് നൂറില്‍പരം രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ബൗദ്ധിക സ്വത്തവകാശ നിബന്ധനകള്‍ക്കെതിരെ ഉന്നയിച്ച ആവശ്യത്തിന് അനുകൂലമായ നിലപാട് യുഎസ് ഭരണകൂടം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.

കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശം വന്‍കിട ഔഷ ധ കമ്പനികളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഒക്സ്ഫഡ് സര്‍വകലാശാലയടക്കം ആഗോള പ്രശസ്തങ്ങളായ വെെജ്ഞാ നിക‑ഗവേഷണ സ്ഥാപനങ്ങള്‍ അവയുടെ വികാസത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. യുഎസും ബ്രിട്ടണുമടക്കം രാജ്യങ്ങള്‍ ഗവേഷണ, വികസന, ഉല്പാദന സംരംഭങ്ങളില്‍ വന്‍ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ത്തന്നെ അസ്ട്രസെനകയുടെ കൊവിഷീല്‍ഡിന്റെയും ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെയും ഉല്പാദനം വിപുലീകരിക്കാന്‍ മാത്രം 4,500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുള്ളത്. ലോകജനതയുടെ ആകെ നിക്ഷേപത്തിലൂടെ വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിനുകള്‍ സ്വകാര്യ കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള സംരംഭങ്ങളായി മാറുന്നത് മനുഷ്യത്വഹീനവും അധാര്‍മികവുമാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ മഹാമാരിയുടെ പശ്ചാത്തലത്തിലും തലമുറകളായി മനുഷ്യരാശി കെെവരിച്ച ആര്‍ജിത വിജ്ഞാനത്തിന്റെ ഉല്പന്നമായ ജീവന്‍രക്ഷാ ഔഷധം സ്വകാര്യലാഭത്തിനുള്ള ഉപാധിയായി മാറിക്കൂട.

വാക്സിന്‍ വികസനത്തിനായി യുഎസ് ഖജനാവില്‍ നിന്നും 2000 കോടി ഡോളര്‍ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. അത് പ്രയോജനപ്പെടുത്തി വാക്സിന്‍ വികസിപ്പിച്ച ഔഷധ ഭീമന്മാരായ ഫെെസറും ജോണ്‍സണ്‍ ആന്റ് ജോണ്‍സണും യഥാക്രമം 1500ഉം 1000വും കോടി ഡോളര്‍ ലാഭമാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യജീവനെക്കാള്‍ പ്രാധാന്യം ലാഭത്തിനു കല്പിക്കുന്ന മൂലധനയുക്തിക്കെതിരെ ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ താല്‍ക്കാലിക ഇളവുകള്‍ നല്‍കാന്‍ ഭരണകൂടങ്ങളെ നിര്‍ബന്ധിതമാക്കിയ മാനവികതയുടെ രാഷ്ട്രീയം ലോകജനതയുടെ അഭിനന്ദനം അര്‍ഹിക്കുന്നു.

മനുഷ്യജീവന് വിലകല്പിക്കാത്ത മൂലധന യുക്തിക്കെതിരെയാണ് ബൗദ്ധിക സ്വത്തവകാശ നിബന്ധനകള്‍ക്കെതിരായ സമരത്തിന് ദക്ഷിണാഫ്രിക്കക്കൊപ്പം ഇന്ത്യ നേതൃത്വം നല്‍കിയത്. ഇന്ത്യയുടെ ആ നിലപാടിനെ കലവറയില്ലാതെ പിന്തുണക്കുമ്പോഴും വാക്സിന്റെ വിലയിലും വിതരണത്തിലും ആഭ്യന്തര രംഗത്ത് മോഡി ഭരണകൂടം അവലംബിക്കുന്ന ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടുകയും അപലപിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്. ലോകത്ത് ഒരു രാജ്യത്തും നിലവിലില്ലാത്ത വിവേചനപരമായ വില‑വിതരണ നയമാണ് കേന്ദ്രം അവലംബിക്കുന്നത്. വാക്സിന്‍ നയത്തെ ചോദ്യം ചെയ്യുന്ന കോടതിയുടെ അവകാശത്തെത്തന്നെ വെല്ലുവിളിക്കുന്ന മോഡി സര്‍ക്കാര്‍ ജനവിരുദ്ധതയുടെയും ജനദ്രോഹ ക്രൂരതയുടെയും ആള്‍രൂപമായി മാറിയിരിക്കുന്നു.