September 26, 2022 Monday

ചരിത്രത്തെ വികൃതമാക്കൽ

Janayugom Webdesk
September 13, 2020 3:10 am

യുക്തിഭദ്രമായ വർത്തമാനത്തിന്റെ നിർമ്മിതിയിൽ അനിവാര്യം ഉന്നത ചരിത്രബോധമാണ്. അത് വസ്തുനിഷ്ഠവും സൂഷ്മവും പക്ഷപാതരഹിതവുമാകണം. യാഥാർത്ഥ്യങ്ങളെ ദുഷിപ്പിക്കാനുള്ള മനോഭാവവും അതിലുണ്ടാകരുത്. എന്നാൽ നേർവിപരീതമാണ് രാജ്യത്തു സംഭവിക്കുന്നത്. ജനസഹസ്രങ്ങളുടെ ത്യാഗവും വീരോചിതങ്ങളായ പോരാട്ടങ്ങളും തമസ്കരിക്കാനും പ്രഭകെടുത്താനുമുള്ള പ്രത്യക്ഷ ശ്രമങ്ങൾ സജീവമായിരിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായിത്തീർന്നവരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) പുറത്തിറക്കിയ ‘രക്തസാക്ഷികളുടെ നിഘണ്ടു’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.

1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരം മുതൽ 1947ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതു വരെയുള്ള കാലഘട്ടത്തിലെ രക്തസാക്ഷികളെ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന അഞ്ചു വാള്യങ്ങളോടുകൂടിയ ‘രക്തസാക്ഷികളുടെ നിഘണ്ടു‘വിലെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന് ഐതിഹാസികമായ പുന്നപ്ര–വയലാർ, കരിവെള്ളൂർ, കാവുമ്പായി സമരനായകരെ ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. മലബാർ കലാപത്തിലും വാഗൺട്രാജഡി ദുരന്തത്തിലും ജീവൻത്യജിച്ചവരെ വെട്ടിനീക്കാനുള്ള പരിശ്രമത്തിനൊപ്പമാണ് കമ്മ്യൂണിസ്റ്റ് കർഷക പോരാളികളെയും ഒഴിവാക്കാനുള്ള നീക്കം. രക്തസാക്ഷികളുടെ നിഘണ്ടു–അഞ്ചാം ഭാഗത്തിലാണ് കമ്മ്യൂണിസ്റ്റ്, കർഷക സമരനായകരുടെ പേരുള്ളത്.

മലബാർ കലാപനായകരെ പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ ആർഎസ്എസ് എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് അംഗം കൂടിയായ ഭാരതീയ വിചാര കേന്ദ്രം ഉപാധ്യക്ഷൻ ഡോ. സി ഐ ഐസക്, ഹിന്ദു ഐക്യവേദി തുടങ്ങിയവരും സമാന ആവശ്യം ഉന്നയിച്ചു. ബ്രിട്ടീഷ് ഔദ്യോഗിക രേഖകളിൽ ഇവരുടെ പേരില്ലെന്നതാണ് ന്യായീകരണം. 1946ൽ നടന്ന പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യത്തിനുശേഷം 1948ൽ നടന്നതായാണ് നിഘണ്ടുവിലെ പരാമർശം. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായി നടന്ന ഉജ്ജ്വല ചെറുത്തുനിൽപ്പുകളായിരുന്നു കരിവെള്ളൂർ, കാവുമ്പായി കർഷക സമരങ്ങൾ. ഭൂവുടമകൾക്കും ജന്മിത്തത്തിനുമൊപ്പം ബ്രിട്ടീഷ് ഭരണകൂടത്തിനുമെതിരായിരുന്നു കരിവെള്ളൂർ, കാവുമ്പായി സമരങ്ങൾ. പുന്നപ്ര വയലാറിലേത് നേരിട്ടുള്ള പോരാട്ടമായിരുന്നു. സാമ്രാജ്യത്വവിരുദ്ധതയായിരുന്നു ഈ മൂന്ന് പ്രക്ഷോഭങ്ങളുടെയും അടിത്തറ. ഈ പോരാട്ടങ്ങളിൽ രക്തസാക്ഷികളായ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെയും മലബാർ കലാപത്തിലെ ദേശസ്നേഹികളുടെയും ജീവത്യാഗം സ്വാതന്ത്ര്യസമരത്തെ തേജോമയമാക്കുന്നു. സമാനതകളില്ലാത്ത ഇവരുടെ പോരാട്ടങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ ചരിത്രത്തെ അശുദ്ധമാക്കുകയാണ്. ശാസ്ത്രീയമായ ചരിത്രവീക്ഷണത്തിന്റെ അഭാവമാണിവിടെ ദർശിക്കുന്നത്.

മലബാർ കലാപനായകരെ ലഹളക്കാരെന്ന് മുദ്രചാർത്തി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അവർ നടത്തിയ ത്യാഗോജ്ജ്വലങ്ങളും വീറുറ്റതുമായ പോരാട്ടങ്ങൾ ഇരുളിലാക്കാനാണ് ഇപ്പോൾ പരിശ്രമം. റയിൽവേ ചരക്കുവാഗണിൽ ശ്വാസം മുട്ടി മരിച്ച 64 തടവുകാരുടെ പേരുകളും ചരിത്രത്തിൽ നിന്നും മായ്ക്കാനാണ് നീക്കം. മലബാർ കലാപ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളും മാത്രമല്ല ഇതോടു ചേർന്നുള്ള 387 പോരാളികളുടെയും തമസ്കരണത്തിന് വിളി ഉയരുന്നു. കുഞ്ഞഹമ്മദ് ഹാജി ഇവരുടെ കണ്ണിൽ ‘കുപ്രസിദ്ധമായ മലബാർ ലഹള’യുടെ നേതാവാണ്. ബോധപൂർവ്വം സൃഷ്ടിക്കുന്ന ഇത്തരം സങ്കീർണ്ണത അനാവരണം ചെയ്യുന്നതിന് മാപ്പിള കലാപത്തിന്റെ ചരിത്രനാളുകളെ നിഷ്പക്ഷമായി സമീപിച്ചാൽ മതിയാകും.

ഭരണകൂടങ്ങളോട് ഒട്ടിനിൽക്കുന്ന ജന്മിത്തത്തിനും അവരുടെ ചൂഷണത്തിനും എതിരെ രാജ്യമെമ്പാടും കർഷകർ ഏതാണ്ട് ഒറ്റക്കെട്ടായി സമരമുഖത്തേക്ക് ഇരമ്പുന്ന കാലം. കോൺഗ്രസിന്റെയും ഖിലാഫത്തിന്റെയും നേതൃത്വത്തിൽ ഉയർന്ന ഏകതാ പ്രസ്ഥാനങ്ങളിൽ മദാരി പാസി തുടങ്ങിയ പിന്നാക്ക ജനവിഭാഗങ്ങളിൽ നിന്നുള്ളവരുടെ നേതൃത്വം. ഇത് പ്രധാനമായും അവധിൽ ഹർദോയി, ബഹ്റൈച്ച്, സിതാപൂർ എന്നിവ കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. ഏകതാ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചാണ് പിന്നീട് കിസാൻസഭ ഉയർന്നു വന്നതും.

രാജ്യമെങ്ങും കൃഷിക്കാരിൽ നിറഞ്ഞ അതൃപ്തിയുടെ ചുടുകാറ്റ് മലബാറിലും പടർന്നു. 1920 ഏപ്രിലിൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസ് സമ്മേളനവും പ്രചോദനമായി. ജന്മി കുടിയാൻ ബന്ധത്തിൽ നടപ്പിലാക്കിയ നിയമത്തിലെ നീതികേടുകൾ ചർച്ചയായി. മഞ്ചേരി സമ്മേളനത്തിനെ തുടർന്ന് കോഴിക്കോട് കുടിയാന്മാരുടെ സംഘടന നിലവിൽ വന്നു. മലബാറിലെ കുടിയാന്മാരിൽ ഏറെയും മുസ്‌ലിം മത വിഭാഗത്തിലുള്ളവരായിരുന്നു. ഹിന്ദുക്കളും കുടിയാന്മാരായി ഉണ്ടായിരുന്ന സംഘടന ക്രമേണ മലബാറിൽ വിവിധ ഇടങ്ങളിൽ സജീവമായി. ഇതേ കാലയളവിൽ ഖിലാഫത്ത് പ്രസ്ഥാനത്തിനും വേരാഴ്ന്നു. മഹാത്മാ ഗാന്ധി, മൗലാനാ ആസാദ്, ഷൗക്കത്ത് അലി, ഒ ഗോപാല മേനോൻ, കെ മാധവൻ നായർ എന്നിവരുടെ സന്ദർശനവും നാട്ടിൽ ആവേശമായി. സ്വാതന്ത്ര്യസമരം തീഷ്ണമായി. നേതാക്കൾ ജയിലറകളിലായി. എങ്കിലും പ്രാദേശിക നേതൃത്വം സജീവമായി.

ജന്മിമാർ പുലർത്തിയിരുന്ന കാട്ടുനീതിക്കെതിരെ രോഷം അണപൊട്ടി. അസ്വസ്ഥതകൾ മൂർച്ഛിച്ചു. ഏറനാട് താലൂക്ക് ജില്ലാ മജിസ്ട്രേറ്റ് ഇ എഫ് തോമസ് വൻ പൊലീസ് സന്നാഹവുമായി എത്തി. 1921 ഓഗസ്റ്റ് 20ന് പൊലീസ് തിരൂരങ്ങാടി പള്ളി വളഞ്ഞു. ഇതിനിടെ മമ്പുറം പള്ളി ബ്രിട്ടീഷ് പട്ടാളം തകർത്തു എന്നൊരു വാർത്തയും പരന്നു. ജനങ്ങളിലെ പിരിമുറുക്കം കടുത്തു. ശാന്തമായ പരിഹാരത്തിന് നേതാക്കൾ ചേർന്ന് ബ്രിട്ടീഷ് അധികാരികളെ സമീപിച്ചു. പക്ഷെ തമ്പടിച്ച സേന ഒന്നിനും കാത്തില്ല. അധികാരികളുടെ ആജ്ഞയ്ക്കൊപ്പം തടിച്ചുകൂടിയ ജനങ്ങൾക്കു നേരെ നിറയൊഴിച്ചു. അനേകർ കൊല്ലപ്പെട്ടു. വിശ്വാസം നഷ്ടപ്പെട്ട മാപ്പിളമാർ നാടെങ്ങും ഉണർന്നു, ഒന്നിച്ചു. അടിച്ചമർത്തലും നീതികേടും തുടർന്ന ജന്മിമാർക്കെതിരെ സംഘടിച്ചു. ബ്രിട്ടീഷ് ഓഫീസുകളും തോട്ടങ്ങളും അഗ്നിക്കിരയാക്കി. കലാപം നാടെങ്ങും മൈലുകളോളം പടർന്നു. ഏതെങ്കിലും ഒരു ഹൈന്ദവകുടുംബമോ ഉദാരത പുലർത്തിയിരുന്ന ജന്മികളോ കലാപത്തിനിരകളായില്ല എന്ന് മിഴിവോടെ ചരിത്രം രേഖപ്പെടുത്തുന്നുമുണ്ട്.

മാപ്പിള നേതാക്കളിൽ പ്രധാനിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയതായും ചരിത്രം ആവർത്തിക്കുന്നു. 1921 ഡിസംബറിൽ ബ്രിട്ടീഷ് സാമ്രാജ്യത്വ സേന അതിക്രൂരമായ അടിച്ചമർത്തലിന് മുന്നിട്ടിറങ്ങി. 2,337 പ്രക്ഷോഭകാരികൾ മൃഗീയമായി വേട്ടയാടപ്പെട്ടു. എന്നാൽ അനൗപചാരികമായ കണക്കുകൾ മരണം പതിനായിരം കവിഞ്ഞതായി രേഖപ്പെടുത്തുന്നു. 45,404 പേർ തടങ്കൽ പാളയങ്ങളിൽ പീഡിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും ജന്മികളുടെയും ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ കൂട്ടക്കുരുതിയും വേട്ടയാടലും.

ദേശസ്നേഹികളെ ചരിത്രരേഖകളിൽ നിന്നും മായ്ക്കാനുള്ള പരിശ്രമവും ചരിത്രസത്യങ്ങളെ മറച്ച് ഗതകാലം അന്ധതയിലാഴ്ത്താനുള്ള കുടിലതയും വിഷലിപ്തമായ കൊളോണിയൽ കാലത്തിന്റെ ആഘോഷം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.