Web Desk

November 28, 2020, 3:25 am

ഭരണകൂടത്തെ മുട്ടുകുത്തിച്ച കർഷക മുന്നേറ്റം

Janayugom Online

ർഷക ജനതയുടെ നിശ്ചയദാർഢ്യത്തിനും സമരവീര്യത്തിനും മുന്നിൽ മുട്ടുമടക്കാൻ മോഡി ഭരണകൂടം നിർബന്ധിതമായി. കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ തലസ്ഥാന നഗരിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ തടയാൻ പൊലീസും അർധസൈനിക വിഭാഗങ്ങളും ഒരുക്കിയ എല്ലാ പ്രതിരോധ സന്നാഹങ്ങളെയും തകർത്തെറിഞ്ഞായിരുന്നു കർഷക മുന്നേറ്റം. ജലപീരങ്കികളും കണ്ണീർവാതകവും ഗ്രനേഡുകളും ലാത്തിയടികളും കർഷകരുടെ സമരവീര്യത്തെ തകർത്തില്ലെന്നു മാത്രമല്ല ഉത്തേജിപ്പിക്കുകയാണ് ചെയ്തത്. ലക്ഷക്കണക്കിന് വരുന്ന കർഷകരെ ഡൽഹി നഗരത്തിലെ സ്റ്റേഡിയങ്ങളിൽ ആട്ടിത്തെളിച്ച് തളച്ചിടാമെന്ന വ്യാമോഹവും വൃഥാവിലായി. സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ അനുമതി നൽകാൻ അരവിന്ദ് കേജ്‌രിവാളിന്റെ ഡൽഹി ഭരണകൂടം വിസമ്മതിച്ചു.

പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് കർഷകരെ അടിച്ചമർത്താമെന്ന വ്യാമോഹം വിനാശകരമാകുമെന്ന തിരിച്ചറിവ് മോഡി ഭരണവൃത്തങ്ങൾക്ക് ഉണ്ടായെന്നുവേണം കരുതാൻ. സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതിന് പകരം ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന സൗഭ്രാതൃത്വത്തിന്റെയും കർഷക‑സൈനിക ഐക്യദാർഢ്യത്തിന്റെയും മുദ്രാവാക്യമാണ് അവർ ഉയർത്തിയത്. അത്തരമൊരു പ്രതികരണത്തിൽ പതിയിരിക്കുന്ന അപകടം ഭരണവൃത്തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. കർഷക പ്രക്ഷോഭത്തിന് പൂർണ പിന്തുണ ഉറപ്പുനല്കിയ പ്രതിപക്ഷ പാർട്ടികളും നേതാക്കളും അതിന്റെ രക്ഷാകർതൃത്വമോ നേതൃത്വമോ ഏറ്റെടുക്കാൻ മുതിരാതെ കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ബുദ്ധിജീവികളുമടക്കം പൊതുസമൂഹത്തിന്റെയും സമരൈക്യത്തിന് ഊന്നൽ നൽകി എന്നതും ശ്രദ്ധേയമാണ്. കർഷകർ മുൻകൂട്ടി പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായി തലസ്ഥാനത്ത് എത്രനാൾ തുടരുമെന്നത് ഇനിയും വ്യക്തമല്ല. എന്നാൽ ഏതു പ്രതികൂലാവസ്ഥയിലും നീണ്ടുനിൽക്കുന്ന പോരാട്ടത്തിന് തയ്യാറെടുത്താണ് അവർ ഡൽഹിയിൽ എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെയൊ മന്ത്രിമാരെയൊ വിശ്വാസത്തിലെടുക്കാൻ കർഷകർ സന്നദ്ധരല്ലെന്ന് ഡൽഹിയിലേക്കുള്ള കർഷക പ്രക്ഷോഭത്തിന്റെ കടന്നുവരവ് തെളിയിക്കുന്നു. തന്റെ ഗവൺമെന്റ് പാർലമെന്ററി കീഴ്‌വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽപറത്തി പാസാക്കിയെടുത്ത കർഷക നിയമങ്ങൾ കർഷകർക്ക് ഏറെ പ്രയോജനകരമായ നിയമമാണെന്ന് മോഡിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ അവർ അപ്പാടെ തള്ളിക്കളഞ്ഞു. മിനിമം താങ്ങുവില നിലനിർത്തുമെന്ന് ആവർത്തിക്കുന്ന ഭരണകൂട വാഗ്ദാനം അത് നിയമത്തിന്റെ ഭാഗമാക്കാൻ വിസമ്മതിച്ചതിലെ വഞ്ചന കർഷകർ തിരിച്ചറിയുന്നു.

മോഡി ഭരണകൂടത്തിന്റെ വാഗ്ദാന ലംഘന പരമ്പരകളുടെ അനുഭവപാഠം അവർക്ക് വിസ്മരിക്കാനാവില്ല. നിലവിലുള്ള കാർഷികോല്പന്ന വിപണന സമിതി (അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി — എപിഎംസി)കളുടെ പരിമിതികളും പോരായ്മകളും കർഷകർ തിരിച്ചറിയുന്നു. അവയ്ക്കു പരിഹാരം കാണുന്നതിന് പകരം ആമസോണും റിലയൻസുമടക്കം കോർപ്പറേറ്റ് ഭീമന്മാരുടെ ദയാദാക്ഷിണ്യത്തിന് കർഷകനെ എറിഞ്ഞുകൊടുക്കുന്നതാണ് പുത്തൻ കാർഷിക നിയമങ്ങൾ. എന്ത്, എങ്ങനെ കൃഷിചെയ്യണമെന്നും ഉല്പന്നം എവിടെ വിറ്റഴിക്കണമെന്നും നിശ്ചയിക്കാനുള്ള കർഷകന്റെ സ്വാതന്ത്ര്യത്തിന്മേലും അവകാശത്തിലുമാണ് മോഡിയുടെ കർഷക നിയമങ്ങൾ കൈവെയ്ക്കുന്നത്. കൃഷിക്ക് ആവശ്യമായ വിത്ത്, വളം, ജലസേചനം, വൈദ്യുതി, സാമ്പത്തിക പിന്തുണ എന്നീ ഉത്തരവാദിത്വങ്ങൾ കയ്യൊഴിഞ്ഞ് കർഷകനെ കോർപ്പറേറ്റ് അടിമകളാക്കി മാറ്റുന്ന പ്രക്രിയക്കാണ് വിവാദ കർഷക നിയമങ്ങൾ തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് സംസ്ഥാന വിഷയമായ കൃഷിയുടെ കൂടി നിയന്ത്രണം കവർന്നെടുത്ത് കോർപ്പറേറ്റുകൾക്ക് കൈമാറുന്ന നയത്തെയാണ് കർഷകർ ചോദ്യം ചെയ്യുന്നത്. വർഗീയതയുടെ പൊയ്‌മുഖമണിഞ്ഞ് കോർപ്പറേറ്റുകൾക്ക് വിടുപണിചെയ്യുന്ന ഭരണകൂടത്തെയാണ് രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകർ വെല്ലുവിളിക്കുന്നത്.

ആറുവർഷം പിന്നിട്ട മോഡിഭരണം നേരിടുന്ന ഏറ്റവും ഗൗരവമേറിയ വെല്ലുവിളിയാണ് കർഷകർ ഉയർത്തിയിരിക്കുന്നത്. ഹിന്ദുത്വ മത തീവ്രവാദത്തിന്റെയും കപടദേശീയതയുടെയും അസഹിഷ്ണുതയുടെയും അക്രമരാഷ്ട്രീയത്തിന്റെയും കാപട്യത്തെ മറികടന്ന് യഥാർത്ഥ ജീവിത പ്രശ്നങ്ങൾ ഏറ്റെടുക്കാൻ അടിസ്ഥാന ജനവിഭാഗങ്ങൾ തയ്യാറായിക്കഴിഞ്ഞതിന്റെ വ്യക്തമായ സൂചനയാണ് കർഷകരുടെ ഡൽഹി മാർച്ചും അതിനു മുന്നോടിയായി നടന്ന തൊഴിലാളികളുടെ ദേശീയ പണിമുടക്കും നൽകുന്നത്.