ദുരന്തങ്ങളുടെ ദുഃഖ വെള്ളിയാഴ്ച

Web Desk
Posted on August 09, 2020, 6:26 am

ഒരു വലിയ ദുരന്തത്തിന്റെ വാർത്തകൾ കേട്ടുകൊണ്ടാണ് വെള്ളിയാഴ്ച ആരംഭിച്ചത്. ദിവസം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മറ്റൊരു ദുരന്ത വാർത്തയുമെത്തി. ആദ്യത്തേത് ഇടുക്കി മൂന്നാറിൽ രാജമലയ്ക്കടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ, ഞെട്ടി ഉണരാൻ പോലുമാകാതെ കുറേ പേർ മണ്ണിനടിയിലായതാണ്. രണ്ടാമത്തേത് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നി മാറിയ വിമാനത്തിന്റെ മുൻഭാഗം പിളർന്നുണ്ടായ അപകടവും.

രാജമലയിലെ പെട്ടിമുടിയിൽ മരിച്ചവരുടെ അന്തിമ കണക്കുപോലും ഇതുവരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ കുറിപ്പ് തയ്യാറാക്കുമ്പോൾ 26 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായിട്ടുള്ളത്. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള നെയ്മക്കാട് എസ്റ്റേറ്റ് പെട്ടിമുടി ഡിവിഷനിലെ തമിഴ് തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ അപ്പാടെ കുത്തിയൊലിച്ചു പോയി. ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള മലയിൽ നിന്നാണ് ഉരുൾപൊട്ടിയൊലിച്ചെത്തിയ മണ്ണുംകല്ലുകളും വെള്ളവും അർദ്ധരാത്രിയിൽ ലയങ്ങളിൽ ഉറക്കത്തിലായിരുന്ന തൊഴിലാളികളുടെ മേൽ പതിച്ചത്. ലയങ്ങളെന്നാൽ എത്രയോ കാലമായി പുനരുദ്ധരിക്കപ്പെടാതെ കിടക്കുന്ന വീടുകളാണ് എന്നാണ് ഇതുസംബന്ധിച്ച വിവരങ്ങളിൽ നിന്ന് മനസിലാക്കേണ്ടത്.

വിനോദ സഞ്ചാര പ്രാധാന്യമുള്ള മൂന്നാറിൽ വൻകിട, ബഹുനില കെട്ടിടങ്ങൾ നിറയുമ്പോഴും തോട്ടങ്ങളെ ജീവസുറ്റതാക്കുന്ന തൊഴിലാളികളുടെ ലയങ്ങൾ പുരാതന ജീർണതകളുമായി നിലകൊണ്ടു. വികസനത്തിന്റെ നിർവചനങ്ങളിലോ വിനോദ സഞ്ചാരത്തിന്റെ ആകർഷണ വലയത്തിലോ ഈ തൊഴിലാളി ലയങ്ങൾ ഉൾപ്പെട്ടതേയില്ല. 30 മുറികളുള്ള നാല് ലയങ്ങളിലായി 84 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ ‍12 പേർ രക്ഷപ്പെട്ടു. കാണാതായ 46 പേർക്കായുള്ള തിരച്ചിലാണ് രക്ഷാപ്രവർത്തകർ നടത്തുന്നത്. രണ്ടുദിവസമായി ഇവിടെ രക്ഷാ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. ദുരന്ത നിവാരണ സേനയ്ക്കൊപ്പം സംസ്ഥാനത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും അതോടൊപ്പം മന്ത്രിമാരും സദാസന്നദ്ധരായ ജനങ്ങളും രക്ഷാ പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടുണ്ട്. മുഴുവൻ പേർക്കുമായുള്ള തിരച്ചിൽ എത്രയും വേഗം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുക മാത്രം ചെയ്യാവുന്ന വിധത്തിൽ നിസഹായരാണ് എല്ലാവരും.
ഇനി കോഴിക്കോട്ടേയ്ക്ക് വന്നാൽ ഞെട്ടിപ്പിച്ച ദുരന്തമായിരുന്നു അവിടെയുമുണ്ടായത്. 18 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കോവിഡിന്റെ മഹാമാരിക്കിടെ പ്രതീക്ഷകളോടെ വീടണയാൻ വിമാനത്തിലെത്തിയവരുടെ ജീവനുകളാണ് അവിടെ ദുരന്തത്തിൽ പൊലിഞ്ഞത്. പ്രാഥമിക നിഗമനത്തിൽ ഇവിടെയും വില്ലനായത് മഴയും പ്രകൃതിയും തന്നെയായിരുന്നു. ശക്തമായ മഴയായതിനാൽ വിമാനത്തിന്റെ നിയന്ത്രണത്തിലുണ്ടായ പാളിച്ചയാണ് അപകടത്തിന് കാരണമായത്. റൺവേയിൽ നിന്ന് തെന്നിപ്പോയ വിമാനം താഴോട്ട് പതിച്ച് മുൻ ഭാഗം പിളർന്നാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ മറ്റെല്ലാം മറന്ന് രക്ഷാപ്രവർത്തനം നടത്തിയത് സമീപവാസികളായിരുന്നു. അതുകൊണ്ടാണ് കൂടുതൽ ജീവനുകൾ രക്ഷിച്ചെടുക്കാനുമായത്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഈ വർഷവും മഴക്കെടുതിയും ഒരു പക്ഷേ പ്രളയസമാനമായ സാഹചര്യങ്ങളുമുണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിരുന്നുവെങ്കിലും ആ­ദ്യദിനങ്ങളിൽ തന്നെയുണ്ടായ രണ്ടുദുരന്തങ്ങളും എല്ലാവരെയും ഞെ­ട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ സമൂഹത്തി­ൽ രണ്ടു വിധത്തി­ൽ അടയാളപ്പെട്ടവരാണ് ദുരന്തത്തിൽ മരിച്ചിട്ടുള്ളത്. പെട്ടിമുടിയിൽ അപകടത്തിൽപ്പെട്ടത് തോട്ടംതൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു. കോഴിക്കോട്ടെ വിമാനദുരന്തത്തിൽപ്പെട്ടതാകട്ടെ കുടുംബം പോറ്റാനായി വിദേശത്തെത്തുകയും അത്യധ്വാനത്തിന്റെ ശേഷിപ്പുമായി പ്രതീക്ഷകളോടെ തിരികെ എത്തിയവരുമായിരുന്നു. അങ്ങനെ അപകടത്തിൽ മരിച്ച മുഴുവൻ പേരും നല്കുന്ന നോവ് പകർത്തുക അസാധ്യമാണ്. അവരുടെ എല്ലാവരുടെയും നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

കഴിഞ്ഞ കുറേവർഷങ്ങളായി ഉരുൾപൊട്ടലിന്റെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആവർത്തിക്കുന്നുണ്ട്. 2019 ലെ കാലവർഷത്തിൽ ചെറുതും വലുതുമായ 80 ഓളം ഉരുൾപൊട്ടലുണ്ടായെന്നാണ് ഔദ്യോഗികകണക്ക്. അതിൽതന്നെ മലപ്പുറം കവളപ്പാറയിലും വയനാട് മേപ്പാടി പുത്തുമലയിലും ഉണ്ടായത് വൻതോതിൽ നാശനഷ്ടവും ജീവഹാനിയും സംഭവിച്ച ഉരുൾപൊട്ടലുകളായിരുന്നു. 2018 ലും നാശവും ജീവഹാനിയും വരുത്തിയ ഉരുൾപൊട്ടലുകൾ ഉണ്ടായി. കോഴിക്കോട് താമരശ്ശേരിയിലെ കട്ടിപ്പാറയിലായിരുന്നു അന്ന് വൻതോതിലുള്ള ഉരുൾപൊട്ടലും നാശങ്ങളുമുണ്ടായത്. ഇങ്ങനെ എല്ലാ വർഷവും ഈ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. 15 വർഷം മുമ്പ് ഇടുക്കിയിൽ തന്നെ മൂന്നാറിൽ അന്തോണിയാർ കോളനിയിൽ വലിയ ദുരന്തമുണ്ടായി. കോഴിക്കോട് വിമാനത്താവളത്തിൽ ഇത്തവണയുണ്ടായതിനെക്കാൾ ഭീകരമായൊരു ദുരന്തം പത്തു വർഷങ്ങൾക്ക് മുമ്പ് മംഗലാപുരത്തുണ്ടായി. അതിന്റെ ഇരകളിലേറെയും മലയാളികളായിരുന്നു.

നമ്മുടെ മുന്നറിയിപ്പുകളും മുൻകരുതലുകളും ഫലപ്രദമാകുന്നില്ലെന്നാണോ പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനം ബോധ്യപ്പെടുത്തുന്നത്. 2018 ലെ പ്രളയദുരന്തം കുറേ ദശകങ്ങൾക്കിടയിലെ ഏറ്റവും വലുതായിരുന്നു. അതിൽനിന്നുള്ള പാഠങ്ങളും മുൻകരുതലുകളുമായി കഴിഞ്ഞ വർഷത്തെ കാലവർഷം നാം നേരിട്ടു. 2018ലേതിനെ അപേക്ഷിച്ച് മഴയുടെ ശക്തിയും അളവും 2019ൽ കൂടുതലായിരുന്നുവെങ്കിലും നാശനഷ്ടങ്ങൾ മുൻവർഷത്തേക്കാൾ കുറയ്ക്കാൻ നമുക്കായി. പക്ഷേ ഉരുൾപൊട്ടലിന്റെ കാര്യത്തിൽ നമുക്ക് അതിജീവിക്കാൻ സാധിക്കുന്നില്ലെന്നത് വസ്തുതയാണ്. കാരണങ്ങൾ തേടിയുള്ള കുറ്റപ്പെടുത്തലുകളുടെ സമയമല്ല ഇത്. പക്ഷേ ചില ഓർമ്മപ്പെടലുകൾ നല്ലതുതന്നെയാണ്.

കോഴിക്കോട് വിമാനത്താവളവും മംഗലാപുരം വിമാനത്താവളവും ഉയരത്തിൽസ്ഥിതി ചെയ്യുന്നവയാണ്. മംഗലാപുരത്ത് പത്തു വർഷം മുമ്പ് അപകടമുണ്ടായപ്പോൾ ഇത്തരം വിമാനത്താവളങ്ങളിൽ ഒരുക്കേണ്ട സജ്ജീകരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളും റിപ്പോർട്ടുകളും വിദഗ്ധരുടെ ഉപദേശങ്ങളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിന് മാത്രമായ നിർദ്ദേശങ്ങളുമുണ്ടായിരുന്നു. അവ അവഗണിക്കപ്പെട്ടതാണോ ഈ ദുരന്തത്തിന് കാരണമെന്ന ഓർത്തെടുക്കൽ ഇപ്പോൾ അസ്ഥാനത്താവില്ല. അതുപോലെ തന്നെ ഉരുൾപൊട്ടലിന്റെ കാര്യവും. ഓരോ ഉരുൾപൊട്ടലും നമ്മെ പലതും ഓർമ്മപ്പെടുത്താറുണ്ട്. അതിൽ ഭൂവിനിയോഗത്തിന്റെ കാര്യമുണ്ട്, കയ്യേറ്റത്തിന്റെയും അനധികൃത നിർമ്മാണത്തിന്റെയും ഭീഷണികളെ കുറിച്ചുമുണ്ട്. പക്ഷേ അപ്പപ്പോൾ ഉണ്ടാകുന്ന അപകടത്തിൽപ്പെടുന്നവരുടെ പുനരധിവാസവും നഷ്ടപരിഹാരവും മാത്രമായി നമ്മുടെ പരിഗണ അവസാനിക്കുന്നുവോയെന്ന് ഓർക്കാനുള്ളതു കൂടിയാവണം ഈ ദുരന്തങ്ങളും.