കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ.വരവരറാവുവിന് ബോംബെ ഹെെക്കോടതി ചികിത്സാര്‍ത്ഥം ആറ് മാസത്തെ ജാമ്യം അനുവദിച്ചു. വാര്‍ദ്ധക്യവും ഗുരുതരമായ രോഗാവസ്ഥയുംമൂലം ജീവന് അപകടത്തിലായ എണ്പത്തിരണ്ടുകാരന് ജാമ്യം നിഷേധിക്കാനുള്ള എല്ലാ ശ്രമങ്ങളും അവഗണിച്ചാണ് ബോംബെ ഹെെക്കോടതി കഴിഞ്ഞ 32 മാസങ്ങളായി ജയില്‍വാസം അനുഭവിക്കുന്ന വയോധികന് ജാമ്യം അനുവദിച്ചത്. ‘ഗുരുതരമായ രോഗങ്ങള്‍ അലട്ടുന്ന വിചാരണ തടവുകാരന് ജാമ്യം അനുവദിക്കാതിരിക്കുന്നത് ന്യായാധിപര്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലും ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധവും മനുഷ്യാവകാശ സംരക്ഷകരെന്ന ഉത്തരവാദിത്വത്തിന്റെ നിരാകരണവു‘മായിരിക്കുമെന്ന് ഹെെക്കോടതി ഡിവിഷന് ബെഞ്ചിലെ ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെയും മനീഷ് പട്ടേലും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. കുപ്രസിദ്ധമായ എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ വരവരറാവുവിന് ആവശ്യമായ ചികിത്സ മുംബെെയിലെ തജോല ജയില്‍ അധികൃതരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും എന്‍ഐഎ കോടതിയും തുടര്‍ച്ചയായി നിഷേധിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ജയിലില്‍ ബോധരഹിതനായതിനെത്തുടര്ന്നാണ് അദ്ദേഹത്തെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റാവുവിനെ വിട്ടയക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബാംഗങ്ങളുടെയും നിരന്തരമായ അഭ്യര്‍ത്ഥനകള്‍ നിരാകരിക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പത്നിനയുടേതടക്കം മൂന്ന് പെറ്റിഷനുകള്‍ ബോംബെ ഹെെക്കോടതിയുടെ പരിഗണനക്കു വന്നത്. ജയിലിലെ മനുഷ്യത്വഹീനമായ പെരുമാറ്റം രോഗിയായ റാവുവിനെ ശയ്യാവലംബിയാക്കി മാറ്റി. ശരീരഭാരം 18 കിലോ കണ്ട് കുറഞ്ഞു. ഇതിനിടെ അദ്ദേഹം കോവിഡ് ബാധിതനായി. ഈ പശ്ചാത്തലത്തിലാണ് കര്‍ശനമായ നിബന്ധനകളോടെയെങ്കിലും ഇപ്പോള്‍ ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഡോ. വരവരറാവുവിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ബോംബെ ഹെെക്കോടതി ഉത്തരവ് എല്‍ഗാര്‍ പരിഷത്ത് കേസിലടക്കം ഇന്ത്യയിലെ വിവിധ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്കും അവരുടെ വിടുതലിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏറെ പ്രതീക്ഷ നല്കുന്നു. എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്ത്തകന് 83 വയസു കവിഞ്ഞ ഫാദര്‍ സ്റ്റാന്‍സ്വാമി, രോഗബാധിതയായ സുധ ഭരദ്വാജ്, ആനന്ദ് ടെല്‍തുംബ്ഡെ, ഗൗതം നവലഖ, ഷോമസെന്‍ എന്നിവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇവരെല്ലാംതന്നെ കടുത്ത ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നവരും ജാമ്യാപേക്ഷ നല്കി വിദഗ്ധ ചികിത്സ കാത്തിരിക്കുന്നവരുമാണ്. സമാനമായ രീതിയില്‍ മറ്റുപല കേസുകളിലും രാജ്യദ്രോഹമടക്കം കടുത്ത കുറ്റം ചുമത്തപ്പെട്ട് പ്രായഭേദമന്യേ വിവിധ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ ഡസന്‍ കണക്കിനുണ്ട്. ഭരണകൂട നടപടികളെ വിമര്‍ശിക്കുകയും ഭരണഘടന പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പേരില്‍ അധികാരിവര്‍ഗത്തിന്റെ അതൃപ്തിക്ക് പാത്രമായവരാണ് അവര്‍.
പാര്‍ലമെന്ററി കീഴ്വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയും ലംഘിച്ച് പാസാക്കിയെടുത്ത കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയും കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നവരോട് മോഡി ഭരണകൂടവും അതിന്റെ പൊലീസ് സംവിധാനവും ഏതു തരത്തിലാണ് പെരുമാറുന്നതെന്നതിന് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ഭരണകൂട ഭീകരതക്കും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും എതിരെ പൗരന്മാര് സംരക്ഷണത്തിനായി ഉറ്റുനോക്കുന്നത് കോടതികളെയാണ്.
കോടതികള്‍ പോലും പലപ്പോഴും ഭരണകൂട സമ്മര്‍ദ്ദത്തിനു വഴങ്ങുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയ്ക്കും നാം സാക്ഷികളാണ്. ഈ പശ്ചാത്തലത്തിലാണ് വരവരറാവുവിന്റെ കേസില്‍ ബോംബെ ഹെെക്കോടതി മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധമായത്. അത് പൗരന്മാര്ക്ക് കോടതിയിലും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലുമുള്ള വിശ്വാസം ഊട്ടിഉറപ്പിക്കുന്നു.
ജനാധിപത്യത്തെയും ഭരണഘടനയേയും മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിക്കാന്‍ മടിയില്ലാത്ത ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണസംവിധാനം ഉറപ്പിക്കാനാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നുവരുന്നത്. അത്തരമൊരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഭരണഘടനാമൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് ഒരു പരിധിവരെയെങ്കിലും കഴിയുമെന്നാണ് ബോംബെ ഹെെക്കോടതി വിധി നല്കുന്ന അനുഭവപാഠവും പ്രതീക്ഷയും.