20 July 2024, Saturday
KSFE Galaxy Chits Banner 2

ഇതാ സ്വാതന്ത്ര്യ ദിനം

Janayugom Webdesk
August 15, 2021 4:41 am

ദുരിതങ്ങളുടെ ചില നേര്‍രൂപങ്ങള്‍ കൂടുതലായി ചേരുന്നു എന്നതൊഴിവായാല്‍ ആണ്ടുകള്‍ തനിയാവര്‍ത്തനങ്ങളാണ്. മഹാമാരിയുടെ പെരുകുന്ന ഇരകള്‍, വര്‍ധിക്കുന്ന തൊഴിലില്ലായ്മ, തൊഴിലില്ലായ്മയിലേയ്ക്കു വഴിയൊരുക്കുന്ന നിക്ഷേപക ദാരിദ്ര്യം, തൊഴില്‍ മുരടിപ്പ്, വേതന മരവിപ്പ്; ദുരിതങ്ങള്‍ക്കു പോലും മാറ്റമില്ല. തൊഴില്‍ നിയമങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ തൊഴിലാളികള്‍ക്കായി ചില്ലറത്തുട്ടുകളല്ലാതെ മറ്റൊന്നും ശേഷിക്കുന്നില്ലെന്ന ദുരവസ്ഥ. തൊഴിലാളിവര്‍ഗം പോരാട്ടത്തിലൂടെ നേടിയ വിശപ്പകറ്റാനും വിദ്യാഭ്യാസത്തിനുമായുള്ള അവകാശങ്ങളും പാര്‍പ്പിടവും ആരോഗ്യസംവിധാനങ്ങളും എല്ലാം ഇപ്പോള്‍ ആര്‍ഭാടമായിരിക്കുന്നു. ലോകത്തെ സമ്പന്നരില്‍ ആദ്യ പതിനാലില്‍ പുകഴ്‌പ്പെറ്റ ഏതാനും കുത്തക കുടുംബങ്ങളൊഴികെയുള്ള ശിഷ്ടം ദുരിതങ്ങളുടെ അഗാധ ഗര്‍ത്തത്തിലാണ്. മനുഷ്യത്വത്തിന്റെ ശ്മശാനത്തിലുമാണോ നമ്മള്‍? രാജ്യതലസ്ഥാനത്ത് ഒമ്പതുവയസുമാത്രമുള്ള ബാലിക മ‍ൃഗീയമായി പീഡിപ്പിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. പൊലീസില്‍ പരാതിപ്പെടാന്‍ ചെല്ലുമ്പോള്‍ പരാതി സ്വീകരിക്കുന്നില്ല. എഫ്ഐആര്‍ പോലും നിഷേധിക്കപ്പെടുന്നു. സംഭവം വാര്‍ത്തയാകുമ്പോള്‍ മാത്രം സംവിധാനം ഉണരുന്നു.

നാം പോരാടിയ രാജ്യസങ്കല്‍പ്പം ഇതായിരുന്നില്ല, പതിനായിരങ്ങള്‍ ജീവത്യാഗം ചെയ്തതും ഇതിനായിരുന്നില്ല. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനം ഇതായിരുന്നില്ല. നുറുങ്ങിയതും വ്രണപ്പെട്ടതുമായിരിക്കുന്നു, ജനാധിപത്യ ഘടന. വിധിയുമായി കരാറിലേര്‍പ്പെട്ട സ്വതന്ത്ര്യ സങ്കല്‍പ്പം ആപത്തിലായിരിക്കുന്നു. രാജ്യനിര്‍മ്മാണത്തിന് നാം കണ്ട ദര്‍ശനം വിസ്മൃതിയിലായിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍, നമ്മുടെ ജനാധിപത്യം, നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്കാരം, നമ്മുടെ ധാര്‍മ്മികത എല്ലാം വീണ്ടെടുക്കാന്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. മഹാവൈഷമ്യത്തിന്റെ നാളുകള്‍ വാതില്‍പ്പടിയിലെത്തിയിരിക്കുന്നു. സ്വാതന്ത്ര്യം നേടിയ നാളുകളില്‍ തന്നെ അവരുണ്ടായിരുന്നു. മഹാത്മാഗാന്ധിയെ വെടിവച്ചു വീഴ്ത്തിയത് അദ്ദേഹം സന്യാസിയായതുകൊണ്ടല്ല ഹിന്ദു-മുസ്‌ലിം മൈത്രി ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അദ്ദേഹം എതിരായിരുന്നു എന്നതു കൊണ്ടാണ്.

അഹിംസ ഭീരുക്കള്‍ക്ക് പിന്തിരിപ്പനായി തോന്നുന്നുവെങ്കില്‍ ജനങ്ങള്‍ പുറത്തിറങ്ങി കാര്യങ്ങള്‍ നേരിടണം . ജനങ്ങള്‍ക്കു മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ.

ഗാന്ധിജിയെ ഇല്ലാതാക്കിയെങ്കിലും രാജ്യ നിര്‍മ്മാണം തുടരുന്നു. ഭരണഘടനാ അസംബ്ലി രൂപപ്പെട്ടു. നിയമപണ്ഡിതനും സാമൂഹ്യപരിഷ്കര്‍ത്താവുമായ ഡോ. ബി ആര്‍ അംബേദ്കര്‍ നായകനായി. പശ്ചിമ ബംഗാളില്‍ നിന്നുള്ള സ്വീകാര്യനും ജനകീയനുമായ കമ്മ്യൂണിസ്റ്റ് നേതാവ് സോമനാഥ് ലാഹിരി, പരിപൂര്‍ണ സ്വാതന്ത്ര്യം എന്ന ആശയം ആദ്യമായി ഉന്നയിച്ച കമ്മ്യൂണിസ്റ്റായിരുന്ന ഹസ്രത്ത് മൊഹാനി തുടങ്ങിയവര്‍ ഭരണഘടനയ്ക്ക് രൂപം നല്‍കി.

രാജ്യത്തിന്റെ ഭരണഘടന 1950 ജനുവരി 26ന് അംഗീകരിച്ചു. സമത്വം, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നിവയില്‍ അടിത്തറ തീര്‍ത്ത വ്യക്തിത്വം രാജ്യത്ത് രൂപപ്പെട്ടു. വോട്ടവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്ഥാന അവകാശങ്ങളില്‍ ഉള്‍ക്കൊണ്ടു.

1952ല്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയം മതേതരത്വത്തിന്റെ വിജയമായി പരിഗണിക്കപ്പെട്ടു. വലതു തീവ്രശക്തികള്‍ ഭാരതീയ ജനസംഘം, ഹിന്ദു മഹാസഭ, റാം രാജ്യ പരിഷത്ത് എന്നിവര്‍ സഖ്യമായി മത്സരിച്ചു. 543 സീറ്റുകളുള്ള ലോക‌്സഭയില്‍ ഏഴുസീറ്റുമാത്രമാണ് അവര്‍ക്ക് നേടാനായത്. പാര്‍ലമെന്റിന്റെ സംഖ്യ 788 ആയിരുന്നു. 245 സീറ്റുകളായിരുന്നു രാജ്യസഭയിലുണ്ടായിരുന്നത്.

ഭരണഘടന രൂപീകരണത്തിനുശേഷം രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ച് ജനാധിപത്യം കെട്ടിപ്പടുക്കുക പ്രാഥമിക കര്‍ത്തവ്യമായി. പട്ടിണി രാജ്യമെന്നായിരുന്നു ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിച്ഛായ. രാജ്യനിര്‍മ്മാണം അല്ല ഒരു കുമ്പിള്‍ ചോറിലാണ് ജനങ്ങളുടെ താല്പര്യം എന്നായിരുന്നു രാജ്യത്തിനു പുറത്തുള്ള പ്രചാരണം.

എന്നാല്‍ ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായി, പട്ടിണിയിലും ജനങ്ങളുടെ വോട്ട് ജനാധിപത്യത്തിനാണ് എന്ന്. സൗജന്യ ആരോഗ്യ സംവിധാനം, ഉയര്‍ന്നതും താഴ്ന്നതുമായ തലത്തിലുള്ള കോളജുകള്‍, സര്‍വകലാശാലകള്‍, എന്‍ജിനീയറിങ് കോളജുകള്‍ എന്നിവിടങ്ങളില്‍ കുറഞ്ഞ നിരക്കിലുള്ള വിദ്യാഭ്യാസം എന്നിവയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ക്കും തൊഴില്‍ സൃഷ്ടിക്കുമായുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ നടപ്പിലാക്കപ്പെട്ടു. ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കി. സമസ്ത മേഖലയിലും ശാസ്ത്ര വികാസം സാധ്യമായി. 1957ല്‍ സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറി. ജനാധിപത്യ മനഃസാക്ഷി രൂപപ്പെട്ടു. പരാജയം സംഭവിച്ചിരിക്കാം, എന്നാല്‍ നേട്ടങ്ങള്‍ പ്രകടമായിരുന്നു. ലോകത്ത് സാമ്രാജ്യത്വ ചേരിയോട് ചേര്‍ന്ന് രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. പുരോഗമന മുന്നേറ്റങ്ങള്‍ ബദലായി ഉയര്‍ന്നുവന്നു.

പുരോഗമന മുന്നേറ്റങ്ങള്‍ക്ക് കരുത്തേറിയപ്പോള്‍ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെ ചെറുക്കാനായി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ പ്രത്യക്ഷ ഉദാഹരണങ്ങളായി. ഉല്പാദന സംവിധാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. വ്യവസായിക മൂലധനം നിക്ഷേപത്തിലും ഉല്പാദനത്തിലും കേന്ദ്രീകരിക്കുന്നു എന്ന സമീപനം കാലഹരണപ്പെട്ടു തുടങ്ങി. കൂറ്റന്‍ യന്ത്രസംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. സാമ്പത്തിക കുത്തകവത്കരണത്തിന്റെ വെല്ലുവിളിയും കൂടെ ഉയര്‍ന്നു.

വിപണി സര്‍വവ്യാപിയായി. വാതില്‍പ്പടിയോളം എത്തി. ഇരുപതാം നൂറ്റാണ്ടില്‍ ആകെ ഉല്പാദിച്ചത് 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ സാധ്യമായി. വിരല്‍ത്തുമ്പില്‍ പ്രതിബിംബങ്ങള്‍ യാഥാര്‍ത്ഥ്യമായി. ഇത്തരം യാഥാര്‍ത്ഥ്യങ്ങളില്‍ കാലഹരണപ്പെട്ട ഘടകങ്ങള്‍ക്ക് നിലനില്‍പ്പില്ലാതായി. പുരാണങ്ങളിലൂടെ വിമാനനിര്‍മ്മിതിയുടെ പരിശീലനം നേടുക സാധ്യമല്ല. കാലഹരണപ്പെട്ട ശക്തികള്‍ പിന്‍നിരയിലേക്ക് മാറട്ടെ. ജനാധിപത്യത്തിന്റെ സ്വഭാവം രൂപപ്പെടുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.